Accident | കളർകോട് ദുരന്തം: അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
● കളർകോട് ദേശീയപാതയിൽ കാറും ബസും കൂട്ടിയിടിച്ചു.
● അഞ്ച് മെഡിക്കൽ വിദ്യാർഥികൾ മരിച്ചു.
● വണ്ടാനം മെഡിക്കൽ കോളേജിലെ വിദ്യാർഥികളാണ് മരിച്ചത്.
ആലപ്പുഴ: (KVARTHA) ദേശീയപാതയിൽ കളർകോട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. തിങ്കളാഴ്ച രാത്രി 9.30 ഓടെ സംഭവിച്ച ദുരന്തത്തിൽ അഞ്ച് മെഡിക്കൽ വിദ്യാർഥികളാണ് ദാരുണമായി മരിച്ചത്. കാറിൽ പതിനൊന്ന് പേരാണ് സഞ്ചരിച്ചിരുന്നത്.
ഗുരുവായൂരിൽ നിന്ന് കായംകുളത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിലേക്ക് ആലപ്പുഴ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ ഇടിച്ചുകയറുന്നത് പുറത്തുവന്ന ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. കനത്ത മഴയുള്ളതിനാൽ ഡ്രൈവർക്ക് കാഴ്ച മങ്ങിയതാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. വാടകയ്‌ക്കെടുത്ത ആലപ്പുഴ വളഞ്ഞവഴി സ്വദേശി ഷാമില്‍ഖാന്റെ ടവേര കാറിലായിരുന്നു വിദ്യാർഥികൾ സഞ്ചരിച്ചിരുന്നത്.
അപകടത്തിൽപ്പെട്ടവർ വണ്ടാനം മെഡിക്കൽ കോളേജിലെ ഒന്നാം വർഷ മെഡിക്കൽ വിദ്യാർഥികളായിരുന്നു. കണ്ണൂർ സ്വദേശി മുഹമ്മദ് അബ്‌ദുൽ ജബ്ബാർ (19), ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം (19), മലപ്പുറം സ്വദേശി ദേവനന്ദൻ (19), ആലപ്പുഴ സ്വദേശി ആയുഷ് ഷാജി (19), പാലക്കാട് സ്വദേശി ശ്രീദീപ് (19) എന്നിവരാണു മരിച്ചത്. നാലു പേർ സംഭവസ്ഥലത്തുവച്ചും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേർ വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
#KeralaAccident #CCTVFootage #MedicalStudents #KSRTC #CarAccident #Tragedy #Rain