Thrissur Election | തൃശൂരിൽ വിഎസ് സുനിൽകുമാർ ഇടതുസ്ഥാനാർഥിയെങ്കിൽ യുഡിഎഫും ബിജെപിയും ഒന്ന് സൂക്ഷിക്കണം

 


_സോണി കല്ലറയ്ക്കൽ_

തൃശൂർ: (KVARTHA) വരുന്ന പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ തൃശൂരിൽ വാശിയേറിയ മത്സരത്തിനാണ് കളമൊരുങ്ങുന്നത്. കപ്പിനും ചുണ്ടിനും ഇടയിൽ തങ്ങൾക്ക് നഷ്ടപ്പെട്ട സീറ്റ് ഇക്കുറി തിരിച്ചു പിടിക്കുമെന്ന വാശിയിലാണ് ഇടതുമുന്നണിയിലെ രണ്ടാമത്തെ ഘടക കക്ഷിയായ സി.പി.ഐ. അവർക്ക് ഏറെ വിജയസാധ്യതയുള്ള പാർലമെൻ്റ് മണ്ഡലമാണ് തൃശൂർ. കോൺഗ്രസിലെ മുതിർന്ന നേതാവായിരുന്ന ലീഡർ കെ.കരുണാകരനെയും മകൻ മുരളീധരനെയും തൃശൂർ പാർലമെൻ്റ് സീറ്റിൽ തോൽപ്പിച്ച പാരമ്പര്യമുണ്ട് സി.പി.ഐയ്ക്ക് . കരുണാകരനും പുത്രൻ മുരളീധരനും ഒരു പോലെ തൃശൂർ പാർലമെൻ്റ് സീറ്റിൽ സി.പി.ഐ യിലെ വി.വി.രാഘവനോട് തോറ്റിരുന്നു. അതിനാൽ തന്നെ സി.പി.ഐ തൃശൂർ ഏറെ പ്രതീക്ഷ വെച്ചു പുലർത്തുന്നു എന്ന് വേണമെങ്കിൽ പറയാം.

Thrissur Election | തൃശൂരിൽ വിഎസ് സുനിൽകുമാർ ഇടതുസ്ഥാനാർഥിയെങ്കിൽ യുഡിഎഫും ബിജെപിയും ഒന്ന് സൂക്ഷിക്കണം

ഇന്നത്തെ എൻ.സി.പി യുടെ സംസ്ഥാന അധ്യക്ഷൻ പി.സി.ചാക്കോ പണ്ട് കോൺഗ്രസിലായിരുന്നപ്പോൾ ഇവിടെ നിന്നും ആദ്യം വിജയിച്ച് എം.പിയായി. പിന്നീട് സി.പി.ഐയോട് തോൽക്കേണ്ട ഗതികേടായിരുന്നു
അദ്ദേഹത്തിൻ്റെയും വിധി. പിന്നീട് ഒരിടത്തു നിന്നും ഒരിക്കൽ പോലും ചാക്കോ ജയിച്ചിട്ടില്ലെന്നതാണ് സത്യം. സി.പി.ഐ യുടെ സ്ഥാനാർത്ഥി സ്മാർട്ട് ആയാൽ തൃശൂർ എന്നും സി.പി.ഐയുടെ അല്ലെങ്കിൽ ഇടതുപക്ഷത്തിൻ്റെ കൈക്കുമ്പിളിൽ നിൽക്കും അല്ലെങ്കിൽ കൈവിട്ടുപോകുമെന്നതാണ് അവസ്ഥ. അതുകൊണ്ട് ഇക്കുറി മികച്ച ഒരു സ്ഥാനാർത്ഥിയെ തന്നെ ഇടതുമുന്നണിയ്ക്കുവേണ്ടി ഇറക്കാനാണ് സി.പി.ഐ പരിശ്രമിക്കുന്നത്. അത് സി.പി.ഐ യുടെ ജനകീയ മുഖം മുൻ മന്ത്രി വി.എസ് സുനിൽ കുമാർ ആയിരിക്കും എന്നതാണ് പുറത്തുവരുന്ന സൂചനകൾ. സുനിൽ കുമാർ ആണെങ്കിൽ ഇടതിന് തൃശൂരിൽ വിജയം എളുപ്പമായിരിക്കുമെന്ന് വിശ്വസിക്കുന്നവർ ഏറെയാണ്.
 
Thrissur Election | തൃശൂരിൽ വിഎസ് സുനിൽകുമാർ ഇടതുസ്ഥാനാർഥിയെങ്കിൽ യുഡിഎഫും ബിജെപിയും ഒന്ന് സൂക്ഷിക്കണം

ഒരു കാലത്ത് തൃശൂർ നിയമസഭാ മണ്ഡലം തന്നെ യു.ഡി.എഫ് കോട്ടയായിരുന്നു. അവിടെ വർഷങ്ങളോളം കോൺഗ്രസിലെ തേറമ്പിൽ രാമകൃഷ്ണനാണ് വിജയിച്ചിരുന്നത്. ഒരിക്കൽ ഈ യു.ഡി.എഫ് കോട്ട തിരിച്ചു പിടിക്കാനുള്ള ദൗത്യം എൽ.ഡി.എഫ് ഏൽപ്പിച്ചത് വി.എസ് സുനിൽകുമാറിനെ ആയിരുന്നു. ഒരിക്കലും ആരും
പ്രതീക്ഷിക്കാത്ത ഒരു വിജയമാണ് വി.എസ് .സുനിൽകുമാർ ഇടതുമുന്നണിക്ക് സമ്മാനിച്ചത്. അന്ന് അദേഹം തോൽപ്പിച്ചത് കരുണാകരൻ്റെ മകൾ പത്മജാ വേണുഗോപാലിനെയും. പിന്നെ ഒരിക്കൽ പോലും സി.പി.ഐയെ തൃശൂർ നിയമസഭാ മണ്ഡലം കൈവിട്ടില്ലെന്നതാണ് സത്യം. ഇത് തൃശൂരിൽ വി.എസ് സുനിൽകുമാറിന് ജനങ്ങളുടെ ഇടയിലുള്ള സ്വീകാര്യതയാണ് കാണിക്കുന്നത്.

മന്ത്രി ആയിരിക്കുമ്പോൾ പോലും യാതൊരു അഴിമതി ആരോപണവും വി.എസ് സുനിൽകുമാറിനെതിരെ ഉയർന്നിട്ടില്ല. വി.ഐ.പി പരിഗണനയിൽ ഇരിക്കുമ്പോൾ പോലും ജനങ്ങൾക്ക് ഒപ്പം ഇറങ്ങി ചെന്നു പ്രവർത്തിച്ചു. ലാളിത്യമാണ് സുനിൽ കുമാറിനെ മറ്റ് രാഷ്ട്രിയ നേതാക്കളിൽ നിന്നു വ്യത്യസ്‍തനാക്കുന്നത്. ഇതൊക്കെ തന്നെയാണ് വി.എസ് സുനിൽകുമാറിന് തൃശൂരിൽ കിട്ടുന്ന തിളക്കവും. അതുകൊണ്ട് വരുന്ന പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ സുനിൽകുമാർ ഇറങ്ങിയാൽ തൃശൂർ മണ്ഡലം തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയാണ് എൽ.ഡി.എഫിനും പ്രത്യേകിച്ച് സി.പി. ഐ യ്ക്കും ഉള്ളത്.

നിലവിലെ എം.പി കോൺഗ്രസിലെ ടി.എൻ പ്രതാപനെ കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ വലിയ പ്രതീക്ഷയോടെയാണ് തൃശൂരിലെ ജനം ജയിപ്പിച്ചു വിട്ടതെങ്കിലും പ്രതാപന് തൃശൂർ മണ്ഡലത്തിൽ ജനങ്ങളുടെ പ്രതീക്ഷയ്ക്ക് ഒത്ത് തിളങ്ങാൻ ആയോ എന്ന കാര്യത്തിൽ സംശയമാണ് നിഴലിക്കുന്നത്. ഇക്കാര്യത്തിൽ ആശങ്ക കോൺഗ്രസ് നേതാക്കൾക്കും യു.ഡി.എഫ് നേതാക്കൾക്കും ഉണ്ട്. ഒരു സമയത്ത് താൻ ഇനി തൃശൂരിൽ മത്സരിക്കാൻ ഇല്ലെന്ന് ടി.എൻ. പ്രതാപൻ പറഞ്ഞുവെന്ന തരത്തിൽ വാർത്തകളും വന്നിരുന്നു. പ്രതാപൻ ഇങ്ങനെ പറയാൻ കാരണം തനിക്ക് ഇനി തൃശൂരിൽ ജയ സാധ്യതയില്ലെന്ന് ചിന്തിച്ചുകൊണ്ടാണെന്ന് കരുതുന്നവരും ഏറെയാണ്.

സുനിൽ കുമാറിനെപ്പോലെ ഒരാൾ എതിർ സ്ഥാനാർത്ഥിയായി വന്നാൽ പിന്നെ കാര്യം പറയുകയും വേണ്ട. മറ്റൊരാൾ നടൻ സുരേഷ് ഗോപിയാണ്. അദ്ദേഹം ഇക്കുറി വീണ്ടും ബി.ജെ.പി യ്ക്ക് വേണ്ടി തൃശൂരിൽ ഇറങ്ങുമെന്ന് തന്നെയാണ് കേൾക്കുന്നത്. കഴിഞ്ഞ തവണ സുരേഷ് ഗോപി തൃശൂരിൽ പാർലമെൻ്റ് മണ്ഡലത്തിൽ നിന്നു മത്സരിച്ചിരുന്നു, അവിടെ കടുത്ത മത്സരം കാഴ്ച വെയ്ക്കാൻ സുരേഷ് ഗോപിയ്ക്ക് ആയെങ്കിലും മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. അതിന് ഇക്കുറിയും പ്രത്യേകിച്ച് മാറ്റമൊന്നും ഉണ്ടാകുമെന്ന് തോന്നുന്നില്ല. കഴിഞ്ഞ തവണ സുരേഷ് ഗോപി മത്സരിച്ചപ്പോൾ ബി.ജെ..പി വോട്ടുകൾ മാത്രമല്ല ക്രിസ്ത്യൻ വോട്ടുകൾ കൂടി സുരേഷ് ഗോപിയ്ക്ക് ലഭിച്ചിരുന്നു. അത് ഇക്കുറി സുരേഷ് ഗോപിയ്ക്ക് കിട്ടുമോയെന്ന് കണ്ട് അറിയേണ്ടതുണ്ട്, പ്രത്യേകിച്ച് മണിപ്പൂർ വിഷയം പോലുള്ള കാര്യങ്ങൾ
തന്നെ.

സുരേഷ് ഗോപിയെ ഇഷ്ടമാണെങ്കിൽ കൂടി ധൈര്യമായി താമരയ്ക്ക് വോട്ട് ചെയ്യാൻ തൃശുരിലെ ക്രിസ്ത്യൻ കമ്മ്യുണിറ്റി ഒന്ന് മടിക്കുമെന്ന് തീർച്ച. ബി.ജെ.പി വോട്ടുകൾ ഒന്നിപ്പിച്ചാൽ പോലും പഴയ വോട്ട് സുരേഷ് ഗോപിയ്ക്ക് ഉണ്ടായെന്ന് വരില്ല. അതുകൊണ്ട് തന്നെ തൃശൂരിലെ കാലാവസ്ഥ ഇടതുമുന്നണിയ്ക്ക് അനുകൂലമാകാനുള്ള സാധ്യത ഏറെയാണ്. വി.എസ്.സുനിൽകുമാറിനെപ്പോലുള്ള ഒരാൾ വന്നാൽ തീർച്ചയായും അത് സംഭവിക്കുക തന്നെ ചെയ്യും. എന്തായാലും തൃശൂരിൽ ഇക്കുറി പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ വാശിയേറിയ ത്രികോണ മത്സരത്തിനാണ് അരങ്ങൊരുങ്ങുന്നത്. സ്ഥാനാർത്ഥി നന്നായാൽ ജയവും ഇവിടെ കൂടെപ്പോരും.

Keywords: News, News-Malayalam-News, Kerala, T N Prathapan, V S Sunil Kumar, Suresh Gopi, CPM, Congress, Politics, Campaign projecting candidature of VS Sunil Kumar from Thrissur.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia