Disagreement | നവംബര്‍ 13-ന് കല്‍പ്പാത്തി രഥോത്സവം; പാലക്കാട് ഉപതിരഞ്ഞെടുപ്പ് മാറ്റണം എന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് പ്രതിപക്ഷ നേതാവ്
● ഇക്കാര്യം ആവശ്യപ്പെട്ട് ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്
● ഇരു പാര്‍ട്ടികളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട മണ്ഡലം കൂടിയാണ് പാലക്കാട്
● നവംബര്‍ 20 ന് നടത്തണമെന്നാണ് ബിജെപി ജില്ലാ പ്രസിഡന്റ് ആവശ്യപ്പെട്ടത്
തിരുവനന്തപുരം: (KVARTHA) പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച നവംബര്‍ 13-ന് കല്‍പ്പാത്തി രഥോത്സവം നടക്കുന്ന സാഹചര്യത്തില്‍ തീയതിക്ക് മാറ്റം വരുത്തണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിടി സതീശന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. അതിന് മുന്‍പുള്ള ഏതെങ്കിലും തീയതിയിലേക്ക് വോട്ടെടുപ്പ് മാറ്റണമെന്നാണ് പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
നവംബര്‍ 13 നാണ് പാലക്കാട്, ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതേ ദിവസമാണ് വിശ്വപ്രസിദ്ധമായ കല്‍പാത്തി രഥോത്സവത്തിന്റെ ആദ്യ ദിനം. തീയതിയില്‍ മാറ്റം വേണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. പിന്നാലെ ബിജെപിയും കല്‍പാത്തി രഥോത്സവ ദിവസത്തില്‍ തിരഞ്ഞെടുപ്പ് വേണ്ടെന്ന ആവശ്യവുമായി രംഗത്തെത്തി.
നവംബര്‍ 13,14,15 തിയതികളില്‍ തിരഞ്ഞെടുപ്പ് പാടില്ലെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. ഇത് മുന്‍നിര്‍ത്തിയാണ് പ്രതിപക്ഷ നേതാവ് നവംബര്‍ 13 ന് മുമ്പുള്ള തിയതിയില്‍ തിരഞ്ഞെടുപ്പ് വെക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം തിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നും നവംബര്‍ 20 ന് നടത്തിയാല്‍ മതിയെന്നുമാണ് ബിജെപി ജില്ലാ പ്രസിഡന്റ് കെഎം ഹരിദാസ് ഔദ്യോഗിക പ്രസ്താവനയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇരു പാര്‍ട്ടികളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട മണ്ഡലം കൂടിയാണ് പാലക്കാട്.
കല്‍പാത്തി തേര് നടക്കുന്ന ദിവസം വോട്ടെടുപ്പ് നടക്കുന്നത് തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഷാഫി പറമ്പില്‍ എം പി പറഞ്ഞു. രണ്ടോ മൂന്നോ ദിവസം വോട്ടെടുപ്പ് മാറിയാലും യുഡിഎഫ് വിജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്ന തിരഞ്ഞെടുപ്പ് വിധിയാകും പാലക്കാട് നടക്കുക. തൃശൂര്‍ പൂരം കലക്കാന്‍ നടത്തിയവര്‍ക്കെതിരെയുള്ള പ്രതികരണമാകും പാലക്കാട് നടക്കുകയെന്നും എല്ലാവരും ഒറ്റക്കെട്ടാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
#PalakkadByElection, #KalpathyRatholsavam, #KeralaPolitics, #CongressBJP, #ElectionDateChange, #OppositionDemand