Allegation | തങ്ങളുടെ ജീവിതം നശിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്യണം; അതിനുവേണ്ടി ഏതറ്റം വരെ പോകുമെന്നും നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ


● പ്രതികരണം പിപി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെ
● പരമാവധി ശിക്ഷ നല്‍കണം
● ആ വേദിയില്‍ അല്ല അവര്‍ അങ്ങനെ സംസാരിക്കേണ്ടിയിരുന്നത്
● ബന്ധുക്കള്‍ എത്തുന്നതിനു മുന്‍പേ പോസ്റ്റ്മോര്‍ട്ടം നടത്തിയതില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണം
പത്തനംതിട്ട: (KVARTHA) തങ്ങളുടെ ജീവിതം നശിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും അതിന് വേണ്ടി ഏതറ്റം വരെ പോകുമെന്നും മരിച്ച മുന്‍ കണ്ണൂര്‍ എംഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ. നവീന്‍ ബാബു മരിച്ചതിന് ശേഷം ഇതാദ്യമായാണ് അദ്ദേഹത്തിന്റെ ഭാര്യ മാധ്യമങ്ങളോട് സംസാരിക്കുന്നത്. പിപി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെയാണ് പ്രതികരണം.
മഞ്ജുഷയുടെ വാക്കുകള്‍:
പിപി ദിവ്യയെ അറസ്റ്റ് ചെയ്യാനുള്ള നടപടി സ്വീകരിക്കണം. പരമാവധി ശിക്ഷ നല്‍കണം. ആ വേദിയില്‍ അല്ല അവര്‍ അങ്ങനെ സംസാരിക്കേണ്ടിയിരുന്നത്. ജീവനക്കാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ ദിവ്യയെ കലക്ടര്‍ അനുവദിക്കരുതായിരുന്നു. വേറൊരു വേദി കലക്ടര്‍ക്ക് ഒരുക്കാമായിരുന്നു.
പ്രസംഗം ലോക്കല്‍ ചാനലിനെകൊണ്ട് റെക്കോര്‍ഡ് ചെയ്യിപ്പിച്ചത് ശരിയായില്ല. മികച്ച ഉദ്യോഗസ്ഥനായിരുന്നു നവീന്‍ ബാബു. ഫയല്‍ കൃത്യമായി നോക്കുമായിരുന്നു. മേലുദ്യോഗസ്ഥര്‍ക്കും അക്കാര്യം അറിയാമായിരുന്നു. ഞങ്ങളുടെ ജീവിതം നശിപ്പിച്ച പ്രതിയെ തീര്‍ച്ചയായും അറസ്റ്റ് ചെയ്യണം. കൂടുതലൊന്നും പറയാനില്ല. ഏതറ്റം വരേയും പോകും. ബന്ധുക്കള്‍ എത്തുന്നതിനു മുന്‍പേ പോസ്റ്റ്മോര്‍ട്ടം നടത്തിയതില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണം - എന്നും മഞ്ജുഷ മാധ്യമങ്ങളോട് പ്രതികരിച്ചു.
കുടുംബം വളരെ ആഗ്രഹിച്ച വിധിയാണെന്നും വളരെ ആശ്വാസമുണ്ടെന്നും സഹോദരന്‍ പ്രവീണ്‍ ബാബു പറഞ്ഞു. കുടുംബത്തിന്റെ വാദങ്ങള്‍ കോടതി അംഗീകരിച്ചു. പ്രതിക്ക് മേല്‍ക്കോടതിയെ സമീപിക്കാന്‍ അവകാശമുണ്ട്. അവിടെയും കക്ഷിചേരും. തങ്ങള്‍ രാഷ്ട്രീയത്തെ ഭയപ്പെടുന്നില്ലെന്ന് നവീന്‍ ബാബുവിന്റെ സഹോദരന്‍ പ്രവീണ്‍ ബാബു പറഞ്ഞു.
രാഷ്ട്രീയപരമായി ഒരു നിര്‍ദേശവും നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് വന്നിട്ടില്ല. നിയമവശം മാത്രമേ നോക്കിയിട്ടുള്ളൂ. പിപി ദിവ്യയെ തുടക്കം തൊട്ട് തന്നെ അറസ്റ്റ് ചെയ്യാന്‍ യാതൊരു വിലക്കും ഉണ്ടായിരുന്നില്ല. അറസ്റ്റ് ചെയ്യാമായിരുന്നു. ഈ നിമിഷവും അറസ്റ്റ് ചെയ്യാന്‍ പറ്റുന്നതാണ്. അത് തന്നെയാണ് പൊലീസ് ചെയ്യേണ്ടത്. ഞാന്‍ ഒരു പാര്‍ട്ടി പ്രവര്‍ത്തകനല്ല. പാര്‍ട്ടി നേതൃത്വത്തോട് ഒന്നും ആവശ്യപ്പെടാനും ഇല്ല. നിയമപരമായി അവരെ അറസ്റ്റ് ചെയ്യുക, കൃത്യമായ അന്വേഷണം നടത്തുക എന്നും നവീന്‍ ബാബുവിന്റെ സഹോദരന്‍ പ്രതികരിച്ചു.
അഡീഷണല്‍ ജില്ലാ മജിസ്ട്രേട്ട് കെ നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സിപിഎം നേതാവും കണ്ണൂര്‍ ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പിപി. ദിവ്യക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നില്ല. തലശ്ശേരി സെഷന്‍സ് കോടതിയാണ് ദിവ്യക്ക് ജാമ്യം നിഷേധിച്ചത്.
ജഡ്ജ് കെടി നിസാര്‍ അഹമ്മദാണ് ജാമ്യാപേക്ഷയില്‍ വിധി പ്രസ്താവിച്ചത്. ജാമ്യം തള്ളി എന്ന ഒറ്റവാക്യത്തിലാണ് കോടതിയുടെ പ്രസ്താവം. ജാമ്യപേക്ഷ തള്ളിയ സാഹചര്യത്തില്‍ അറസ്റ്റ് നടപടിയുമായി അന്വേഷണ സംഘത്തിന് മുന്നോട്ട് പോകേണ്ടിവരും. കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ടിനു മുന്‍പിലോ അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്‍പിലോ ദിവ്യ കീഴടങ്ങാനും മുന്‍കൂര്‍ ജാമ്യം തേടി ഹൈകോടതിയെ സമീപിക്കാനും സാധ്യതയുണ്ട്.
വിധിപ്പകര്‍പ്പ് കിട്ടാതെ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ കഴിയില്ലെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു. കുടുംബത്തിന്റെ ആക്ഷേപം കോടതി കണക്കിലെടുത്തു. കുടുംബത്തെ സംബന്ധിച്ച് ആശ്വാസം നല്‍കുന്ന വിധിയാണെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു.
#KeralaNews #NaveenBabuCase #JusticeDemand #PPDivya #BailDenied #LegalUpdates