Oommen Chandy | കേരളത്തിന് ഉമ്മന്‍ ചാണ്ടി നല്‍കിയ സംഭാവനകളെ ആദരവോടെ സ്മരിക്കുന്നു; പുതുപ്പള്ളി എം എല്‍ എയുടെ നിര്യാണത്തില്‍ അനുശോചിച്ച് മന്ത്രിസഭ

 


തിരുവനന്തപുരം: (www.kvartha.com) മുന്‍ മുഖ്യമന്ത്രിയും നിലവില്‍ പുതുപ്പള്ളി നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം എല്‍ എയുമായ ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി മന്ത്രിസഭായോഗം.

മന്ത്രിസഭ പാസ്സാക്കിയ അനുശോചന പ്രമേയം

'മുന്‍ മുഖ്യമന്ത്രിയും നിലവില്‍ പുതുപ്പള്ളി നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം എല്‍ എ യുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ മന്ത്രിസഭായോഗം അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന് പ്രിയപ്പെട്ടവരെയാകെ അനുശോചനം അറിയിക്കുകയും ചെയ്യുന്നു.

ഉമ്മന്‍ ചാണ്ടി കേരളത്തിനു നല്‍കിയ സംഭാവനകളെ ആദരവോടെ ഈ ഘട്ടത്തില്‍ ഈ മന്ത്രിസഭായോഗം സ്മരിക്കുന്നു. വഹിച്ച സ്ഥാനങ്ങള്‍ കൊണ്ട് അളക്കാന്‍ കഴിയാത്ത നിലയില്‍ ഉയര്‍ന്ന വ്യക്തിത്വങ്ങളുണ്ട്. അവര്‍ക്കിടയിലാണ് ജനനേതാവായിരുന്ന ഉമ്മന്‍ചാണ്ടിയുടെ സ്ഥാനം. കെ എസ് യു വിലൂടെ കോണ്‍ഗ്രസിലെത്തി ആ പാര്‍ടിയുടെ നേതൃത്വത്തിലും ഗവണ്‍മെന്റിലും പ്രതിപക്ഷത്തും ഒക്കെ പ്രവര്‍ത്തിച്ച ഉമ്മന്‍ചാണ്ടി ജനാധിപത്യ പ്രക്രിയയെ മുമ്പോട്ട് കൊണ്ടുപോകുന്നതില്‍ വലിയ പങ്കുവഹിച്ചു.

ജനക്ഷേമത്തിലും, സംസ്ഥാന വികസനത്തിലും ശ്രദ്ധയൂന്നുന്ന ഭരണാധിപന്‍ എന്നനിലയ്ക്കും ജനകീയപ്രശ്‌നങ്ങള്‍ സമര്‍ഥമായി ഉന്നയിക്കുന്ന പ്രതിപക്ഷ നേതൃതലത്തിലെ പ്രമുഖന്‍ എന്ന നിലയ്ക്കുമൊക്കെ ശ്രദ്ധേയനായി. 1970-ല്‍ പുതുപ്പള്ളി നിയോജകമണ്ഡലത്തില്‍ നിന്നും നിയമസഭയിലെത്തിയ ഉമ്മന്‍ചാണ്ടി പിന്നീടിങ്ങോട്ടെക്കാലവും അതേ മണ്ഡലത്തിന്റെ പ്രതിനിധിയായിരുന്നു.

53 വര്‍ഷങ്ങള്‍ തുടര്‍ചയായി എം എല്‍ എ ആയിരിക്കുക, അതും ഒരേ മണ്ഡലത്തില്‍ നിന്നുതന്നെ തിരഞ്ഞെടുക്കപ്പെടുക, ഒരിക്കലും തോല്‍വി അറിയാതിരിക്കുക എന്നിവയൊക്കെ ഉമ്മന്‍ചാണ്ടിയുടെ റെകോര്‍ഡാണ്. പന്ത്രണ്ട് തവണയാണ് അദ്ദേഹം തുടര്‍ചയായി വിജയിച്ചത്. ധനം, ആഭ്യന്തരം തുടങ്ങിയ സുപ്രധാന വകുപ്പുകളുടെ മന്ത്രിയെന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും അദ്ദേഹം നല്‍കിയ സംഭാവനകള്‍ അവിസ്മരണീയമാണ്. യു ഡി എഫ് കണ്‍വീനര്‍ എന്ന നിലയില്‍ നടത്തിയ രാഷ്ട്രീയപ്രവര്‍ത്തനവും സ്മരണീയമാണ്'

നിയമസഭാസമ്മേളനം ആഗസ്റ്റ് എഴ് മുതല്‍

പതിനഞ്ചാം കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനം ആഗസ്റ്റ് എഴ് മുതല്‍ വിളിച്ചു ചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യുവാന്‍ തീരുമാനിച്ചു.

ശമ്പള പരിഷ്‌ക്കരണം

ഇന്‍സ്റ്റിറ്റിയൂട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയിലെ ശാസ്ത്ര വിഭാഗം ജീവനക്കാര്‍ക്ക് ഏഴാം കേന്ദ്ര ശമ്പള പരിഷ്‌കരണം അനുവദിക്കാന്‍ തീരുമാനിച്ചു.

അഡ്മിനിസ്‌ട്രേറ്റീവ്/ ടെക്‌നികല്‍ ജീവനക്കാര്‍ക്ക് 10-02-2021ലെ സംസ്ഥാന സര്‍കാര്‍ ഉത്തരവ് പ്രകാരമുള്ള 11-ാം ശമ്പള പരിഷ്‌കരണവും നിബന്ധനകള്‍ക്ക് അനുസൃതമായി അനുവദിക്കും.

Oommen Chandy | കേരളത്തിന് ഉമ്മന്‍ ചാണ്ടി നല്‍കിയ സംഭാവനകളെ ആദരവോടെ സ്മരിക്കുന്നു; പുതുപ്പള്ളി എം എല്‍ എയുടെ നിര്യാണത്തില്‍ അനുശോചിച്ച് മന്ത്രിസഭ

കേരള അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡിന്റെ ജീവനക്കാരായി മാറിയ കേരള കൈതൊഴിലാളി വിദഗ്ധ തൊഴിലാളി ക്ഷേമ പദ്ധതിയിലെ സര്‍കാര്‍ അംഗീകാരമുള്ള സ്ഥിരം തസ്തികയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് 11-ാം ശമ്പള പരിഷ്‌ക്കരണ ആനുകൂല്യങ്ങള്‍ നിബന്ധനകള്‍ക്ക് വിധേയമായി അനുവദിക്കും.

Keywords:  Cabinet condoles death of Pudupally MLA Oommen Chandy, Thiruvananthapuram, News, Politics, Cabinet, Salary, Assembly Conference, Death, Condoles, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia