മുഖപത്രങ്ങള്‍ ആയുധമാക്കി സി പി എമ്മും സി പി ഐയും കൊമ്പുകോര്‍ക്കുന്നു

 


സ്വന്തം ലേഖകന്‍
മുഖപത്രങ്ങള്‍ ആയുധമാക്കി സി പി എമ്മും സി പി ഐയും കൊമ്പുകോര്‍ക്കുന്നു
തിരുവനന്തപുരം: സി പി എമ്മും സി പി ഐയും തമ്മിലുളള പോര് പാര്‍ട്ടി മുഖ പത്രങ്ങളിലൂടെ അരങ്ങുതകര്‍ക്കുന്നു. സി പി എം ദേശാഭിമാനിയിലൂടെയും സി പി ഐ ജനയുഗത്തിലൂടെയുമാണ് ആരോപണ പ്രത്യാരോപണങ്ങളിലൂടെ ഇരുവിഭാഗങ്ങളുടെയും ഭിന്നത വര്‍ധിപ്പിക്കുന്നത്. ടി പി ചന്ദ്രശേഖരന്റെ വധത്തിന് പിന്നാലെയാണ് ഇരുപാര്‍ട്ടികളും തമ്മിലുളള ഭിന്നത രൂക്ഷമായത്.

സി പി എമ്മിന്റെ പേരെടുത്ത് പറയാതെ കടുത്ത വിമര്‍ശവുമായി മുഖപ്രസംഗമെഴുതിയ  ജനയുഗം ധാര്‍ഷ്ട്യങ്ങളും ശാഠ്യങ്ങളും ഏത് ഭാഗത്തുനിന്നുണ്ടായാലും വെച്ചുപൊറുപ്പിക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തമ്മിലുള്ള സാഹോദര്യത്തിന് സി പി ഐ സംസ്ഥാന നേതൃത്വം പോറലേല്‍പിക്കുകയാണെന്നും അവര്‍ വര്‍ഗവഞ്ചന കാട്ടിയെന്നും  ദേശാഭിമാനി മറുപടി നല്‍കി.

സി പി ഐ സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനും സി പി എം സെക്രട്ടറി പിണറായി വിജയനുമായി നടന്ന പോരാട്ടത്തില്‍ പിണറായി ഉയര്‍ത്തിയ വിഷയങ്ങള്‍ ഒന്നൊന്നായി എടുത്ത് മറുപടി നല്‍കുകയാണിപ്പോള്‍ ജനയുഗം.

ഏതെങ്കിലും ഒരു പാര്‍ട്ടി പറയുന്നതെല്ലാം മറ്റുള്ളവര്‍ ശിരസാ വഹിക്കണമെന്നോ ഒരു പാര്‍ട്ടി സ്വന്തം നിലയില്‍ പ്രഖ്യാപിക്കുന്ന പ്രക്ഷോഭങ്ങളിലെല്ലാം മറ്റുപാര്‍ട്ടികള്‍ കൂട്ടുചേരണമെന്നോ ഉള്ള സമീപനം ഇടതുമുന്നണിക്ക് ഒരിക്കലും ഉണ്ടായിട്ടില്ല. പൊതു യോജിപ്പുകളില്‍ കൈകോര്‍ക്കുമ്പോഴും വലതും ചെറുതുമായ ഓരോ പാര്‍ട്ടിക്കുള്ള സ്വതന്ത്ര വ്യകതിത്വം ഇടതു മുന്നണിയുടെ മുഖമുദ്രയാണ്.

സ്വന്തം നിലപാടില്‍ ഉറച്ചുനില്‍ക്കാനും സ്വന്തം പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഇടത് ഐക്യം എന്നും ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. ഇടത് പ്രസ്ഥാനത്തിന്റെ നേതാക്കളില്‍ ചിലര്‍ എന്തുകൊണ്ടോ യാഥാര്‍ഥ്യങ്ങള്‍ മറന്നുപോകുന്നത് നിര്‍ഭാഗ്യകരമാണ്. തങ്ങള്‍ പറയുന്ന വഴിക്ക് എല്ലാവരും സഞ്ചരിക്കണമെന്ന നിലപാട് ഇടതുമുന്നണിയുടേതല്ല.  ആഗോളവത്കരണ നയങ്ങള്‍ക്കെതിരായ തൊഴിലാളിവര്‍ഗത്തിന്റെ മുന്നേറ്റത്തില്‍ രാജ്യം അഭിമാനം കൊണ്ട സന്ദര്‍ഭത്തിലാണ് ആ നയങ്ങളുടെ അംഗീകൃത വക്താവിനെ രാഷ്ട്രപതിസ്ഥാനത്തേക്ക് പിന്തുണക്കാന്‍ ഒരു ഇടതുപാര്‍ട്ടി തീരുമാനിച്ചതെന്നും ജനയുഗം വിശദീകരിക്കുന്നു.

 ഇടത് ഐക്യം ശകതിപ്പെടുത്തണമെന്ന കാലഘട്ടത്തിന്റെ ആവശ്യം വിസ്മരിക്കുകയാണ് സി പി ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനും മറ്റുമെന്ന് ദേശാഭിമാനി ആരോപിച്ചു. എം എന്‍ ഗോവിന്ദന്‍നായര്‍, എന്‍ ഇ  ബാലറാം, പി കെ വാസുദേവന്‍ നായര്‍, വെളിയം ഭാര്‍ഗവന്‍ തുടങ്ങിയ നേതാക്കള്‍ തെളിച്ച പാതയെ വിസ്മരിക്കുന്ന സമീപനമാണ് സി പി ഐയിലെ ഇന്നത്തെ ഒരുവിഭാഗം നേതാക്കള്‍ക്ക്. പന്ന്യന്റെ അഭിപ്രായങ്ങള്‍ ഇരട്ടത്താപ്പാണ്. വാക്കും പ്രവൃത്തിയും ഒന്നാണോയെന്ന് സി പി ഐ നേതൃത്വം ആത്മപരിശോധന നടത്തണമെന്നും ദേശാഭിമാനി ആരോപിക്കുന്നു.

സി പി എമ്മിനെതിരായ ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ നീക്കങ്ങള്‍ക്ക് പ്രത്യേക്ഷമായോ പരോക്ഷമായോ സഹായിക്കുന്ന സമീപനമാണ് സി പിഐക്കുളളതെന്നും ദേശാഭിമാനി ചൂണ്ടിക്കാട്ടുന്നു.

ഇരുപാര്‍ട്ടികളുടെയും ഔദ്യോഗിക നിലപാടാണ് യഥാര്‍ഥത്തില്‍ പാര്‍ട്ടി പത്രങ്ങളിലൂടെ പുറത്തുവരുന്നത്. ഇത് ഉറപ്പിച്ചുപറയുന്ന തരത്തിലായിരുന്നു ജനയുഗം പത്രാധിപഞ്ഞ ബിനോയ് വിശ്വത്തിന്റെ വിശദീകരണവും.

ജനയുഗം എഴുതിയ മുഖപ്രസംഗത്തില്‍ അരാഷ്ട്രീയ വാദം ഇല്ല. ലേഖനത്തില്‍ പറയുന്നത് സി പി ഐയുടെ നിലപാടാണ്. ആവശ്യമെങ്കില്‍ മുഖപ്രസംഗത്തിന്റെ കോപ്പി സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന് അയച്ചു നല്‍കാം. ലേഖനത്തിന്റെ ഏതു ഭാഗത്തിലാണ് അരാഷ്ട്രീയവാദത്തെ കുറിച്ച് പറയുന്നതെന്ന് ചൂണ്ടിക്കാട്ടാനും ബിനോയ് വിശ്വം വെല്ലുവിളിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia