Legacy | സി എൻ ശ്രീകണ്ഠൻ നായർ വിട വാങ്ങിയിട്ട് 48 വർഷം; രാമായണത്തിന് മാനുഷിക മുഖഭാവങ്ങൾ പകർന്ന അതുല്യ പ്രതിഭ
● നാടകത്തിന് പുറമെ ചെറുകഥകളും എഴുതിയിട്ടുണ്ട്.
● കാഞ്ചനസീത എന്ന നാടകത്തിന് 1962-ലെ സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. 1976 ലോകത്തോട് വിടവാങ്ങി.
(KVARTHA) കേവലം 48 വയസ് വരെ മാത്രം ജീവിച്ചു മലയാള നാടക ചരിത്രത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച മലയാളത്തിലെ പ്രശസ്ത നാടകകൃത്ത് സി എൻ ശ്രീകണ്ഠൻ നായർ വിട വാങ്ങിയിട്ട് ഡിസംബർ 17 ന് 48 വർഷം. അമച്വർ നാടകവേദിയുടെ പുനരുദ്ധാരണത്തിൽ ശ്രദ്ധേയമായ പങ്കുവെച്ചിട്ടുള്ള സി എൻ കേരളത്തിന്റെ ആധുനിക മലയാളനാടക ചരിത്രത്തിൽ അനിഷേധ്യമായ സ്ഥാനത്തിന് ഉടമയാണ്.
1928-ൽ കൊല്ലം ജില്ലയിലെ ചവറയിൽ ജനിച്ച സി എൻ വിദ്യാർത്ഥി കോൺഗ്രസ്, ആർ.എസ്.പി. എന്നീ സംഘടനകളുടെ പ്രവർത്തകനും നേതാവും, കൗമുദി വാരിക, കേരളകൗമുദി ദിനപത്രം, ദേശബന്ധു വാരിക, കേരളഭൂഷണം എന്നിവയുടെ പത്രാധിപരുമായും പ്രവർത്തിച്ചു. നാടകത്തിന് പുറമെ ചെറുകഥകളും എഴുതിയിട്ടുണ്ട്. കുറെക്കാലം ജില്ലാ ഇൻഫർമേഷൻ ഓഫീസറായി ജോലി നോക്കിയെങ്കിലും മുഖ്യമന്ത്രിയായിരുന്ന ആർ ശങ്കറുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് രാജിവെക്കുകയായിരുന്നു.
പുണ്യത്തിന്റെയും ഭക്തിയുടെയും പാരമ്പര്യത്തിൽ നിന്ന് വ്യതിചലിച്ച് രാമനെയും ദശരഥനേയും ദൈവത്തിന്റെ അമാനുഷിക ശക്തി എന്നതിൽ നിന്നും മാറ്റി മനുഷ്യരാക്കിക്കൊണ്ട് സി എൻ എഴുതിയ മൂന്ന് നാടകങ്ങളാണ് സാകേതം(1958), ലങ്കാലക്ഷ്മി (1962), കാഞ്ചന സീത (1974) എന്നിവ. ആധുനിക നാടക ചരിത്രത്തിലെ അതികായകന്മാരായ ജി ശങ്കരപ്പിള്ള, വയല വാസുദേവൻ പിള്ള, നരേന്ദ്രപ്രസാദ് തുടങ്ങിയവർക്ക് മാർഗദർശിയായിരുന്നു അദ്ദേഹത്തിൻ്റെ നാടകങ്ങൾ.
ദൈവങ്ങളെ അവരുടെ ദൈവികത്വത്തിൽ നിന്നും മോചിതരാക്കി മാനുഷിക സമീപനങ്ങളിൽ വായിക്കാനും വിലയിരുത്താനുമുള്ള ധീരവും വിപ്ലവകരമായ ശ്രമങ്ങളെ ഈ നാടകങ്ങളെ വേറിട്ട് നിർത്തുന്നു. രാമായണം രാമഭക്തിയിൽ മാത്രം കേന്ദ്രീകരിച്ച് മുന്നോട്ടു നീങ്ങിയത് കാരണം തടവറയിൽ അകപ്പെട്ട ലങ്ക ചരിത്രവും രാക്ഷസപ്രഭാവവും മറ്റും വ്യത്യസ്ത കാഴ്ചപ്പാട് വഴി പ്രേക്ഷകരിലേക്ക് ഇറക്കുകയാണ് സി എൻ ചെയ്തിട്ടുള്ളത്.
മലയാള നാടക ചരിത്രത്തിൽ മാറ്റത്തിന്റെ ശബ്ദ കാഹളം മുഴക്കിയ ഈ മൂന്ന് നാടകങ്ങളിൽ കാഞ്ചന സീത പ്രഗൽഭ സംവിധായകൻ അരവിന്ദൻ അതേ പേരിൽ സിനിമയാക്കിയിട്ടുണ്ട്. കാഞ്ചനസീത എന്ന നാടകത്തിന് 1962-ലെ സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. 1976 ലോകത്തോട് വിടവാങ്ങി. മലയാള നാടക ചരിത്രത്തിൽ ഒട്ടേറെ സംഭാവനകൾ നൽകാൻ കഴിയുമായിരുന്ന അതുല്യ പ്രതിഭയെയാണ് സി എൻ ശ്രീകണ്ഠൻ നായരുടെ അകാല വിയോഗത്തിലൂടെ നഷ്ടമായത്.
#CNsreekandanNair #MalayalamTheatre #Ramayana #TheatreLegend #KanchanaSeetha #Sākētham