History | ആ 'ബുള്ളറ്റ് നാരായണി' കെ ആർ ഗൗരിയമ്മയുടെ സഹോദരി; കേരളത്തിലാദ്യമായി ബൈക്ക് ഓടിച്ച വനിതയെ അറിയാം
!['Bullet Narayani' KR Gauriyamma’s Sister; Meet Kerala’s First Woman to Ride a Bike](https://www.kvartha.com/static/c1e/client/115656/uploaded/8a54968ed52867933f93a76a21aa5e36.webp?width=730&height=420&resizemode=4)
!['Bullet Narayani' KR Gauriyamma’s Sister; Meet Kerala’s First Woman to Ride a Bike](https://www.kvartha.com/static/c1e/client/115656/uploaded/8a54968ed52867933f93a76a21aa5e36.webp?width=730&height=420&resizemode=4)
● അന്തംവിട്ടുനിന്ന ചേര്‍ത്തലക്കാരുടെ മുന്നിലേയ്ക്ക് ഒരു ബുള്ളറ്റ് പാഞ്ഞിരമ്പി വന്ന് ബ്രേയ്ക്കിട്ട് നിന്നു.
● 3.5 എൻഫീൽഡ് ബുള്ളറ്റിന്റെ ശബ്ദം ചേർത്തലയിൽ കേട്ടപ്പോൾ ആളുകൾ അത്ഭുതപെട്ടു.
● കേട്ടവർക്കും, കണ്ടവർക്കും ഇതൊരു പുതിയ അനുഭവമായിരുന്നു.
ആൻസി ജോസഫ്
(KVARTHA) കെ ആർ ഗൗരിയമ്മയെ അറിയാത്തവർ മലയാളികളിൽ ആരും തന്നെയുണ്ടാവില്ല. അത്രമാത്രം മലയാളികളുടെ മനസ്സിൽ ചേക്കേറിയ ആളാണ് വിപ്ലവനായികയും മുൻ മന്ത്രിയുമൊക്കെ ആയിരുന്ന നമ്മെ വിട്ടുപിരിഞ്ഞ കെ ആർ ഗൗരിയമ്മ. കേരളവും മലയാളികളും ഉള്ളിടത്തോളം കാലം ഗൗരിയമ്മയും ഇവിടെ തന്നെയുണ്ടാവും.
എന്നാൽ ഗൗരിയമ്മയെപ്പറ്റി പലർക്കും അറിയാമെങ്കിലും അവരുടെ സഹോദരി കെ ആർ നാരായണിയെപ്പറ്റി പലർക്കും അറിയില്ല. എന്നാൽ ഇപ്പോൾ അവരെ സംബന്ധിച്ചുള്ള ഒരു കുറിപ്പാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. കേരളത്തിലാദ്യമായി ബൈക്കിന്റെ പുറത്ത് മഹാറാണിയായിരുന്ന് സഞ്ചരിച്ച ഒരു വനിതയായാണ് അവരെപ്പറ്റി കുറിപ്പിൽ പറയുന്നത്. അത് 1930 കാലഘട്ടത്തിലാണ്.
കുറിപ്പിൽ പറയുന്നത്: 'ഈ 2024 കഴിഞ്ഞ് 2025 ആയാൽ പോലും ബൈക്ക് ഓടിച്ച് പോകുന്ന ഒരു പെണ്ണിനെ കണ്ടാൽ ആരും ഒന്ന് നോക്കും. അപ്പോൾ 1930 കളിലെ കാര്യം ഒന്നോർത്ത് നോക്കൂ. കേരളത്തിലാദ്യമായി ബൈക്കിന്റെ പുറത്ത് മഹാറാണിയായിരുന്ന് ചേർത്തലയുടെ പരിസരങ്ങളിലൂടെ സഞ്ചരിച്ച സ്ത്രീ മറ്റാരുമല്ല, സാക്ഷാൽ കെ ആർ ഗൗരിയമ്മയുടെ ചേച്ചി കെ ആർ നാരായണി. അത് വെറും ബൈക്കൊന്നുമല്ല, രാജകീയ പ്രൗഢി നിറഞ്ഞ 3.5 എൻഫീൽഡ് മോട്ടോർ സൈക്കിൾ. അന്ന് കേരളത്തിൽ സൈക്കിൾ പോലും മുഴുവനോടെ ആളുകൾ കാണാത്ത ഒരു കാലമാണെന്നോർക്കണം.
റോഡുകള്‍ അധികമില്ലായിരുന്നു. പുതുതായി നിർമിച്ച ചേർത്തല - അരൂർ റോഡിൽ പതിവില്ലാത്ത ഒരു ഇരമ്പം കേട്ടു. കാര്യമറിയാന്‍ ഓടിക്കൂടിയ നാട്ടുകാരുടെ മുന്നിലൂടെ ഇംഗ്ലണ്ടിൽ നിന്നും ഇറക്കുമതി ചെയ്ത, ഒരു എന്‍ഫീല്‍ഡ് ബുള്ളറ്റ് മോട്ടോര്‍ സൈക്കിള്‍ ചീറിപ്പാഞ്ഞുപോയി. എഴുപതുകള്‍ വരെയൊക്കെ സൈക്കിൾ പോലും അത്യപൂർവമായിരുന്ന ഒരു നാട്ടിലാണ് എന്നോര്‍ക്കണം. കേട്ടവര്‍ കേട്ടവര്‍ അത്ഭുതം കാണാന്‍ ഓടിക്കൂടി. കണ്ടവര്‍ കണ്ടവര്‍ പരസ്പരം പറഞ്ഞു. ഇതെന്താ കഥാന്ന്...
അന്തംവിട്ടുനിന്ന ചേര്‍ത്തലക്കാരുടെ മുന്നിലേയ്ക്ക് ഒരു ബുള്ളറ്റ് പാഞ്ഞിരമ്പി വന്ന് ബ്രേയ്ക്കിട്ട് നിന്നു. ബുള്ളറ്റില്‍ നിന്നും ഇറങ്ങിയത് ഒരു സ്ത്രീയായിരുന്നു. ആ കൂട്ടത്തിൽ നിന്നും ഒതുക്കിയ ഒച്ചയിൽ ആരോ പേരുപറഞ്ഞു, നാരായണി. തൊണ്ട് തല്ലും ചിറയും പാടവും നിറഞ്ഞ വഴിയിലൂടെ ബുള്ളറ്റിന്റെ ശബ്ദത്തിനായി ആളുകൾ കാതോർത്തിരുന്നു. സാരിത്തുമ്പ് അരയിലങ്ങ് വരിഞ്ഞ് കെട്ടി രണ്ടും കൽപിച്ചൊരു യാത്ര. അത് കാണാൻ നാട്ടുകാരെല്ലാം റോഡിനിരുവശത്തും വായും പൊളിച്ച് നോക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു.
അന്ധകാരനഴി കളത്തിപറമ്പിൽ വീട്ടിലെ കർഷക പ്രമുഖൻ രാമൻ്റെ മകൾ നാരായണിയെ അങ്ങനെ രഹസ്യമായും അൽപം പരസ്യമായും ആളുകൾ മോട്ടോർ നാരായണിയെന്നും ബുള്ളറ്റ് നാരായണിയെന്നും കൂട്ടി വിളിച്ചു. ആ വിളിയും നാരായണിക്കൊരു ക്രെഡിറ്റ് ആയിരുന്നു. വീണയും സംഗീതവും ഇഷ്‌ട വിനോദമായിരുന്നു. നാരായണി മിടുമിടുക്കിയായിരുന്നു. സംഗീതജ്ഞ, സംഘാടക, സന്നദ്ധ പ്രവർത്തക, നല്ലൊരു പ്രാസംഗിക കൂടിയായിരുന്നു. അക്കാലത്ത് ആളുകളെ കയറ്റി വലിക്കുന്ന റിക്ഷകൾ മാത്രമായിരുന്നു യാത്രയ്ക്കായി ഉപയോഗിച്ചിരുന്നത്.
പെട്ടെന്നൊരു ദിവസം നാരായണിക്ക് യാത്രയ്ക്കായി വാഹനം വേണമന്ന് തോന്നുകയും സൈക്കിളിനെക്കുറിച്ച് വീട്ടിൽ സംസാരിക്കുകയും ചെയ്‌തു. എല്ലാവരും ചേർന്ന് കളിയാക്കിയതോടെ പിൻമാറാനില്ലെന്നുറച്ച് ബുള്ളറ്റിലങ്ങ് കമ്പം പിടിച്ചു. ചേർത്തലയിൽ മുളക്കച്ചവടം ചെയ്യുന്ന മൂപ്പൻ ആശാന്റെ പക്കൽ നിന്നും സൈക്കിളോടിക്കാനും ബൈക്കോടിക്കാനും പഠിച്ചു. സ്വന്തം റിസ്ക്‌കിൽ ഇംഗ്ലണ്ടിൽ നിന്നും ബുള്ളറ്റ് ഇറക്കുമതി ചെയ്തു. പിന്നെ കുറച്ച് ദിവസത്തേയ്ക്ക് നാരായണിയും ബുള്ളറ്റുമായി നാട്ടിലെ സംസാരവിഷയം.
റോഡുകളിലൂടെ, കവലകളിലൂടെ നാരായണി അങ്ങനെ ബുള്ളറ്റ് ഓടിച്ച് നടന്നു. പതിവിനുവിപരീതമായി വലത്തോട്ടുടുത്ത സാരിയുടെ കോന്തല ചുറ്റിയെടുത്ത് അരയില്‍ മുറുക്കിക്കുത്തി നാരായണി ബുള്ളറ്റ് പറപ്പിച്ചു. നാട്ടുകാരാവട്ടെ ആ കാഴ്ചയില്‍ രസം പിടിച്ച് ആ ഇരമ്പം കേള്‍ക്കുമ്പോഴേ വഴിയില്‍ കാത്തുനില്‍ക്കാന്‍ തുടങ്ങി.... അങ്ങനെയായിരുന്നു ആ ചരിത്രയാത്രയുടെ തുടക്കം. പ്രമുഖ അഭിഭാഷകനും എസ്.എൻ.ഡി.പി നേതാവുമായിരുന്ന എൻ.ആർ.കൃഷ്ണൻ വക്കീലാണ് നാരായണിയെ വിവാഹം ചെയ്തത്. ഹിന്ദു യുവവനിതാസമാജത്തിന്റെ സ്ഥാപക പ്രസിഡന്‍റായിരുന്നു നാരായണി.
ശാരീരികമായ അവശതകള്‍ തളര്‍ത്തുന്നത് വരെ നാരായണി ബുള്ളറ്റ് ഓടിച്ച് നടന്നു. രോഗബാധിതയായി നാഗർകോവിലിലേക്ക് താമസം മാറ്റിയ നാരായണി പിന്നീട് ബുള്ളറ്റിൽ കയറിയിട്ടില്ല. ആരോടും ദേഷ്യപ്പെടാത്ത ശാന്ത സ്വഭാവക്കാരിയായ നാരായണി എല്ലാ കാര്യത്തിലും ഗൗരിയമ്മയിൽ നിന്ന് വ്യത്യസ്തയായിരുന്നു. നാലു വർഷം മുൻപ് വരെ ആ ബുള്ളറ്റ് കുടുംബവീടിൻ്റെ തെക്കുവശത്ത് ചരിത്ര സ്മാരകമായി സൂക്ഷിച്ചിരുന്നു. പിന്നീട് കാലപ്പഴക്കത്താൽ ദ്രവിച്ചു നശിച്ചു പോയി. എങ്കിലും ദ്രവിക്കാതെ നിൽക്കുന്നുണ്ട് കേരളത്തിൽ. പൊതുനിരത്തിലൂടെ ആദ്യമായി ഇരുചക്രവാഹനമോടിച്ച വനിതയായ ബുള്ളറ്റ് നാരായണിയുടെ പെരുമ. ആ ബുള്ളറ്റ് നാരായണി ഇന്നും ചില മനസ്സുകളിലെങ്കിലും ഉണ്ടാകും.
ഇതാണ് ആ കുറിപ്പ്. വലിയൊരു അറിവാണ് ഇത് സംബന്ധിച്ച് പകർന്ന് കിട്ടിയിരിക്കുന്നത്. ഗൗരിയമ്മയെപ്പോലെ തന്നെ സഹോദരിയും മിടുക്കിയായിരുന്നെന്ന് വ്യക്തമാക്കുന്നു ഈ കുറിപ്പ്.
#BulletNarayani, #WomenPioneers, #KeralaHistory, #FirstWomanRider, #MotorcycleHistory, #Empowerment