Protests | കണ്ണൂർ കോർപറേഷനിൽ വഴിയോര കച്ചവടക്കാർക്ക് നേരെ ബുൾഡോസർ രാജ്; സി.ഐ.ടി.യുവിന് പിന്നാലെ പ്രതിഷേധവുമായി ഐ.എൻ.ടി.യുസിയും എസ്.ടി.യുവും: ഒഴിപ്പിക്കൽ തുടരുമെന്ന് കോർപറേഷൻ മേയർ

 
bulldozer action against street vendors in kannur corporatio

Photo: Arranged

കോർപറേഷൻ പരിധിയിൽ നടപ്പാതകൾ കൈയ്യേറിയും പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയുകയും ചെയ്യുന്ന മുഴുവൻ തെരുവുകച്ചവടക്കാരെയും ഒഴിപ്പിക്കുമെന്ന് കോർപറേഷൻ മേയർ മുസ്‌ലിഹ് മഠത്തിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കണ്ണൂർ: (KVARTHA) കോർപറേഷനിൽ ഭരണകക്ഷിയായ യു.ഡി.എഫ് വഴിയോര കച്ചവടക്കാരെ ബുൾഡോസർ രാജ് ഉപയോഗിച്ച് കുടിയൊഴിപ്പിക്കുകയും സാധന സാമഗ്രികൾ നശിപ്പിക്കുകയും ചെയ്യുന്നതിനെതിരെ ഭരണകക്ഷി ട്രേഡ് യൂനിയൻ സംഘടനകളായ ഐ.എൻ.ടി.യു.സിയും എസ്.ടി.യുവും നടത്തുന്ന പ്രതിഷേധ സമരങ്ങൾ തുടരുന്നു. കണ്ണൂർ കോർപറേഷനിൽ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനായി ബുൾഡോസർ രാജുമായി കോർപറേഷൻ മുന്നോട്ടു പോകവെ, തൊഴിലാളി സംഘടനകളിൽ നിന്നും ഉയരുന്ന പ്രതിഷേധം സ്ഥിതിഗതികൾ വഷളാക്കിയിട്ടുണ്ട്.

യു.ഡി.എഫ് ഭരിക്കുന്ന കോർപറേഷൻ ഭരണസമിതിക്കെതിരെ സി.ഐ.ടി.യു കോർപറേഷൻ കാര്യാലയത്തിന് മുന്നിൽ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ ഐ.എൻ.ടി.യു.സിയും എസ്.ടി.യുവും സമരരംഗത്താണുള്ളത്. ഈ സാഹചര്യത്തിൽ കോർപറേഷൻ നിലപാടിൽ മാറ്റമുണ്ടാകില്ലെന്ന വിശദീകരണവുമായി കോർപറേഷൻ മേയർ രംഗത്തെത്തി. കോർപറേഷൻ പരിധിയിൽ നടപ്പാതകൾ കൈയ്യേറിയും പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയുകയും ചെയ്യുന്ന മുഴുവൻ തെരുവുകച്ചവടക്കാരെയും ഒഴിപ്പിക്കുമെന്ന് കോർപറേഷൻ മേയർ മുസ്‌ലിഹ് മഠത്തിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

തെരുവുകച്ചവടക്കാരുടെ തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കാത്തതും കോർപറേഷൻ നടത്തിയ സർവെയിൽ ഉൾപ്പെടാത്തതുമായ അനധികൃത കച്ചവടങ്ങൾ ദിനംപ്രതിയെന്നോണം ടൗണിലും പ്രാന്തപ്രദേശങ്ങളിലുമായി കൂടി വരുന്നു. ടൗണിൽ ഇതു വലിയ തോതിലുള്ള ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നു. കൂടാതെ പല ഫുട്പാത്തുകളും കയ്യേറിയതിനാൽ കാൽനടപോലും സാധ്യമാകാത്ത സാഹചര്യമാണ് ഉള്ളത്. തെരുവുകച്ചവടങ്ങളും ബങ്കുകളും വലിയ തോതിലുള്ള ബിനാമി ഇടപാടായി നടക്കുന്നു. കോർപറേഷൻ പരിധിയിൽ കടമുറിയിൽ കച്ചവട ലൈസൻസ് ഉള്ള സി.ഐ.ടി.യു നേതാവിന് പോലും തെരുവോര കച്ചവടത്തിന്റെ തിരിച്ചറിയല്‍ കാർഡുണ്ട്. നഗരത്തിന്റെ പലഭാഗത്തും പ്രത്യേകിച്ച് പയ്യാമ്പലം, താഴെ ചൊവ്വ, മുണ്ടയാട് ഭാഗങ്ങളിലായി കൂണുകൾ പോലെയാണ് അനധികൃത കച്ചവടം പൊങ്ങിവരുന്നത്. ഇത് കോർപറേഷനിൽ ലൈസൻസ് എടുത്ത് വലിയ വാടക നൽകി വരുന്ന കച്ചവടക്കാർക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. തെരുവോര കച്ചവടം നിമിത്തം കോർപറേഷന്റെ സ്വന്തം കെട്ടിടത്തിൽ പോലും കച്ചവടമില്ലാത്ത അവസ്ഥയുള്ളതിനാൽ ലേലം കൊണ്ട ആളുകൾ ഒഴിഞ്ഞുപോകുന്നതായി കാണുന്നു. പയ്യാമ്പലത്ത് വിനോദ സഞ്ചാരികളുടെയും പൊതുജനങ്ങളുടെയും യാത്രയും തടസ്സപ്പെടുന്നു. പത്രമാധ്യമങ്ങളും സോഷ്യൽ മീഡിയയും ഉൾപ്പെടെ ജനങ്ങൾ കോർപറേഷനെ കുറ്റം പറയുകയാണ്. യാതൊരു സുരക്ഷാ മാനദണ്ഡവുമില്ലാതെ വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷ്യ ഉൽപ്പന്നങ്ങൾ ഉണ്ടാക്കി വിൽക്കപ്പെടുന്നു. ഭക്ഷ്യ വിഷബാധ ഉണ്ടായാൽ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഇവർക്ക് സാധിക്കുകയില്ല. അതുകൊണ്ടുതന്നെയാണ് കോർപറേഷൻ ഇത്തരത്തിൽ നടപടിയുമായി മുന്നോട്ട് പോകേണ്ടി വരുന്നത്. രണ്ട് ആഴ്ച മുമ്പ് പത്രത്തിൽ പരസ്യം നൽകിയ ശേഷമാണ് സെക്രട്ടറി കൈയ്യേറ്റം ഒഴിപ്പിക്കാൻ നടപടി ആരംഭിച്ചത്. ഇത് ആരെയും ദ്രോഹിക്കാനോ ജീവനോപാധി ഇല്ലാതാക്കാനോല്ല. ഒരു തദ്ദേശസ്ഥാപനത്തിൽ നിക്ഷിപ്തമായ ഉത്തരവാദിത്തം നിർവഹിക്കുന്നതിനെ ദ്രോഹമായി കാണരുത്. റോഡുകളുടെ പ്രാധാന്യം, വീതി എന്നിവയുടെ അടിസ്ഥാനത്തിൽ തെരുവുകച്ചവട മേഖലകളെ തരം തിരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഏകീകൃത സ്വഭാവത്തിലുള്ള ബങ്കുകൾ തയ്യാറാക്കി നൽകി തെരുവുകച്ചവടക്കാരെ സംരക്ഷിക്കാൻ കോർപറേഷൻ തയ്യാറാണ്. ഇതിനായി ചര്‍ച്ചകളും പ്രവൃത്തികളും പുരോഗമിച്ചുവരുന്നുണ്ട്. ഉപജീവനോപാധി എന്ന നിലയിൽ റോഡരികിലെ ഒഴിഞ്ഞ സ്ഥലങ്ങളിലും സ്ഥാപനങ്ങൾക്ക് മുമ്പിലും ബങ്കുകൾ വെക്കുന്നത് തീർത്തും അനുവദിക്കാൻ പറ്റാത്തതാണെന്നും മേയർ ചൂണ്ടിക്കാട്ടി. ഇങ്ങനെയുള്ള തെരുവുകച്ചവടം കാരണം കഷ്ടത അനുഭവിക്കുന്ന പൊതുജനങ്ങളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പരാതികൾ കോർപറേഷനിൽ ലഭിക്കുന്നു. വെൻഡിംഗ് സർട്ടിഫിക്കറ്റും തിരിച്ചറിയല്‍ കാർഡും ഇല്ലാതെ നഗരപരിധിയിൽ തെരുവുകച്ചവടം ചെയ്യുന്നവരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികളാണ് ഇപ്പോൾ നടക്കുന്നത്. ഒരു കച്ചവട ലൈസൻസ് എന്ന മറവിൽ ഒന്നിലധികം സ്ഥലങ്ങളിൽ കച്ചവടം ചെയ്യുന്നതും നിയന്ത്രണ വിധേയമാക്കുമെന്നും മേയര്‍ മുസ്‌ലിഹ് മഠത്തിൽ അറിയിച്ചു.

വാർത്താ സമ്മേളനത്തിൽ ഡെപ്യൂട്ടി മേയര്‍ അഡ്വ. പി. ഇന്ദിര, മുൻ മേയർ ടി.ഒ മോഹനൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി. ഷമീമ ടീച്ചർ, എം.പി. രാജേഷ്, വി.കെ. ശ്രീലത, സിയാദ് തങ്ങൾ, ഷാഹിന മൊയ്തിൻ, സുരേഷ് ബാബു എളയാവൂർ, കൗൺസിലർ കെ.പി. അബ്ദുൽ റസാഖ് എന്നിവരും പങ്കെടുത്തു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia