Criticized | നരേന്ദ്രമോദി സര്‍കാര്‍ തട്ടിപ്പുകാരെ വെളുപ്പിക്കുന്ന വാഷിങ് മെഷീനായി മാറിയെന്ന് ബൃന്ദ കാരാട്ട്

 

കണ്ണൂര്‍: (KVARTHA) നരേന്ദ്രമോദി സര്‍കാര്‍ കള്ളന്മാരെയും തട്ടിപ്പുകാരെയും വെളുപ്പിക്കുന്ന വാഷിങ് മെഷീനാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ഇഡി, ഇന്‍കം ടാക്സ്, സിബിഐ എന്നീ വാഷിങ് പൗഡറുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. മെഷീനിന്‍ കയറി പുറത്തിറങ്ങുന്നവര്‍ പരിശുദ്ധരായി മാറും. മെഷീനില്‍ കയറാനുള്ളവരുടെ നീണ്ട ക്യൂവിന് നേതൃത്വം കൊടുക്കുന്നത് കോണ്‍ഗ്രസാണെന്നും ബൃന്ദ പറഞ്ഞു. അഴീക്കോട് നിയോജക മണ്ഡലത്തിലെ ചിറക്കല്‍ പഞ്ചായത് എല്‍ഡിഎഫ് തിരഞ്ഞെടുപ്പു റാലി പുതിയതെരു ഹൈവേ ജന്‍ക്ഷനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

Criticized | നരേന്ദ്രമോദി സര്‍കാര്‍ തട്ടിപ്പുകാരെ വെളുപ്പിക്കുന്ന വാഷിങ് മെഷീനായി മാറിയെന്ന് ബൃന്ദ കാരാട്ട്

ഇന്‍ഡ്യയുടെ ഭാവി നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പാണ് നടക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷക്കാലം ചരിത്രത്തില്‍ ഇല്ലാത്ത വിധം പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോയത്. ബാഹ്യശക്തികളല്ല, ഭരണസംവിധാനമാണ് ഈ പ്രതിസന്ധി സൃഷ്ടിച്ചത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ബിജെപി പ്രകടന പത്രികയില്‍ ഭരണഘടനയെന്ന വാക്കില്ല. പകരം എല്ലായിടത്തും മോദിയെന്നു മാത്രം. വിലക്കയറ്റവും തൊഴിലില്ലായ്മയുമായാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ മോദിയുടെ ഗ്യാരന്റിയായി ജനങ്ങള്‍ക്ക് ലഭിച്ചത്. തിരഞ്ഞെടുപ്പിന്റെ മറവില്‍ നടക്കുന്ന കോടികളുടെ ഇടപാടാണ് ഇലക്ടറല്‍ ബോണ്ട് കണക്കുകളിലൂടെ പുറത്തുവന്നത്.

ബിജെപിയോട് പൊരുതുമെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് പാര്‍ടിയുടെ പേര് ആശയക്കുഴപ്പം പാര്‍ടിയെന്നാക്കേണ്ട കാലമായി. ജനങ്ങള്‍ നേരിടുന്ന ഒരു പ്രശ്നങ്ങളിലും അവര്‍ക്ക് നിലപാടില്ല. അവകാശം നിഷേധിക്കപ്പെട്ടപ്പോള്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഡെല്‍ഹിയില്‍ കേരളം നടത്തിയ സമരത്തില്‍ തമിഴ് നാടും ഡെല്‍ഹിയും പഞ്ചാബും ഝാര്‍ഖണ്ഡും പിന്തുണയുമായെത്തിയപ്പോഴും യുഡിഎഫ് എംപിമാര്‍ വിട്ടുനിന്നു. പ്രകടനപത്രികയില്‍ അഞ്ച് ഉറപ്പുകള്‍ നല്‍കുന്ന കോണ്‍ഗ്രസിന് നേതാക്കളും പ്രവര്‍ത്തകരും ബിജെപിയിലേക്ക് പോകില്ലെന്ന് ഉറപ്പുനല്‍കാനാവില്ല.

കേരളത്തിന്റെ ശബ്ദമാവാന്‍ ഇടതുപക്ഷത്തിന് മാത്രമേ സാധിക്കുകയുള്ളൂ. പി കെ ശ്രീമതി എംപിയായിരുന്നപ്പോള്‍ അവര്‍ കണ്ണൂര്‍ മണ്ഡലത്തിനായി ഒരു നിമിഷം പോലും പാഴാക്കാതെ പ്രവര്‍ത്തിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷം ആരായിരുന്നു എംപിയെന്ന് കണ്ണൂരുകാര്‍ മറന്നുപോയി. എനിക്ക് തോന്നിയാല്‍ ഞാന്‍ ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞ എംപി മോദിയുടെ വാഷിങ് മെഷിന്റെ ക്യൂവില്‍ നില്‍ക്കുന്നയാളാണ്. മതനിരപേക്ഷതയും ജനാധിപത്യവും ഫെഡറലിസവും സംരക്ഷിക്കാന്‍ ഇടതുപക്ഷത്തെ ജയിപ്പിക്കണമെന്നും ബൃന്ദ പറഞ്ഞു.

പി ചന്ദ്രന്‍ അധ്യക്ഷനായി. മന്ത്രി എ കെ ശശീന്ദ്രന്‍, സിപിഎം കേന്ദ്രകമിറ്റി അംഗം പി കെ ശ്രീമതി, ജില്ലാ ആക്ടിങ് സെക്രടറി ടി വി രാജേഷ്, എല്‍ഡിഎഫ് പാര്‍ലമെന്റ് മണ്ഡലം സെക്രടറി എന്‍ ചന്ദ്രന്‍, കെ വി സുമേഷ് എംഎല്‍എ, എന്‍ സുകന്യ, സി രവീന്ദ്രന്‍, ടി ഹംസ ഹാജി, കെ സി ഹരികൃഷ്ണന്‍, വി കെ ഗിരിജന്‍ എന്നിവര്‍ സംസാരിച്ചു. പി രമേശ് ബാബു സ്വാഗതം പറഞ്ഞു. അഴീക്കോട് മണ്ഡലം കലാ ട്രൂപ്പിന്റെ സംഗീതശില്‍പ്പവും സമകാലിക ഇന്‍ഡ്യയുടെ നേര്‍ചിത്രം പറയുന്ന 'മനുഷ്യപ്പറ്റ്' നാടകവും അരങ്ങേറി.

Keywords: Brinda Karat Criticized Modi Govt, Kannur, News, Brinda Karat, Criticized, Politics, BJP, UDF, LDF, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia