Suspended | 'യാത്രക്കാരനില്‍ നിന്ന് കൈക്കൂലി വാങ്ങി സ്വര്‍ണക്കടത്തിന് കൂട്ടുനിന്നു': കൊച്ചി വിമാനത്താവളത്തിലെ 2 കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

 


നെടുമ്പാശ്ശേരി: (www.kvartha.com) യാത്രക്കാരനില്‍ നിന്ന് കൈക്കൂലി വാങ്ങി സ്വര്‍ണക്കടത്തിന് കൂട്ടുനിന്നു എന്ന പരാതിയില്‍ കൊച്ചി വിമാനത്താവളത്തിലെ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. 

സൂപ്രണ്ടുമാരായ ഒരു മലയാളിയേയും ഒരു ഉത്തരേന്‍ഡ്യന്‍ ഉദ്യോഗസ്ഥനെയുമാണ് കസ്റ്റംസ് കമിഷണര്‍ സസ്പെന്‍ഡ് ചെയ്തത്. ഇവരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കൊച്ചി വിമാനത്താവളത്തില്‍ മുമ്പും സ്വര്‍ണക്കടത്തിന് കൂട്ടുനിന്നതിന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തിട്ടുണ്ട്.

സംഭവത്തെ കുറിച്ച് അധികൃതര്‍ പറയുന്നത്:

കഴിഞ്ഞ ഞായറാഴ്ചയാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്. ഗള്‍ഫില്‍നിന്ന് എത്തിയ മലപ്പുറം സ്വദേശിയായ യാത്രക്കാരനില്‍ നിന്നാണ് ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയത്. യാത്രക്കാരന്റെ കൈവശം 250 ഗ്രാം സ്വര്‍ണമുണ്ടായിരുന്നു. ഇയാള്‍ പഴ്സില്‍ രണ്ട് സ്വര്‍ണ ബിസ്‌കറ്റുകള്‍ ഒളിപ്പിച്ചിരുന്നു. ഇത് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. തുടര്‍ന്ന് യാത്രക്കാരനില്‍ നിന്ന് 1500 റിയാല്‍ കൈക്കൂലിയായി വാങ്ങിയ ശേഷം സ്വര്‍ണം കൊണ്ടുപോകാന്‍ സമ്മതിച്ചു.

എന്നാല്‍, ടെര്‍മിനലിനു പുറത്തിറങ്ങിയ യാത്രക്കാരനെ കൊച്ചി ഹെഡ് ക്വാര്‍ടേഴ്സിലെ കസ്റ്റംസ് പ്രിവന്റീവ് കമിഷണറേറ്റ് വിഭാഗം ഉദ്യോഗസ്ഥര്‍ കൈയോടെ പിടികൂടി. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പ്രിവന്റീവ് കമിഷണറേറ്റ് വിഭാഗം ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തിലെത്തിയത്.

യാത്രക്കാരനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയതായി അറിയുന്നത്. യാത്രക്കാരനെ കൊണ്ടുപോകാനായി എത്തിയ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിമാനത്താവളത്തില്‍ മുമ്പും ഇത്തരം സംഭവങ്ങള്‍ നടന്നിട്ടുണ്ടോ എന്നതുള്‍പെടെയുള്ള വിവരങ്ങള്‍ പ്രത്യേക സംഘം അന്വേഷിക്കുന്നുണ്ട്.


Suspended | 'യാത്രക്കാരനില്‍ നിന്ന് കൈക്കൂലി വാങ്ങി സ്വര്‍ണക്കടത്തിന് കൂട്ടുനിന്നു': കൊച്ചി വിമാനത്താവളത്തിലെ 2 കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍


Keywords: Bribe case; 2 customs officers suspended, Nedumbassery Airport, Bribe Scam, Customs, Suspension, Gold, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia