SWISS-TOWER 24/07/2023

10 വയസുകാരന്‍ റിസ്റ്റിയെ കുത്തിക്കൊന്ന കേസില്‍ അയല്‍വാസി അജി ദേവസ്യയ്ക്കു ജീവപര്യന്തം; 25,000 രൂപ പിഴ

 


ADVERTISEMENT

കൊച്ചി: (www.kvartha.com 25.10.2019) എറണാകുളം പുല്ലേപ്പടി കമ്മട്ടിപ്പാടത്ത് പത്തുവയസുകാരന്‍ റിസ്റ്റിയെ കുത്തിക്കൊന്ന കേസില്‍ അയല്‍വാസിയായ അജി ദേവസ്യയ്ക്കു ജീവപര്യന്തം. ജില്ലാ അഡീഷനല്‍ സെഷന്‍സ് (പോക്‌സോ) കോടതിയാണ് പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. 25,000 രൂപ പിഴയും അടയ്ക്കണം. പിഴത്തുക കൊല്ലപ്പെട്ട റിസ്റ്റിയുടെ അമ്മയ്ക്ക് നല്‍കണം.

2016 ഏപ്രില്‍ 26ന് പുലര്‍ച്ചെയാണു വീടിനു സമീപത്തെ കടയിലേയ്ക്കു പോകുമ്പോള്‍ പറപ്പിള്ളി ജോണിന്റെ മകന്‍ റിസ്റ്റിയെ ലഹരിക്ക് അടിമയായ അയല്‍വാസി അജി ദേവസ്യ കുത്തിക്കൊന്നത്. റിസ്റ്റിയുടെ ശരീരത്തില്‍ 17 കുത്തുകളേറ്റിരുന്നു. റിസ്റ്റിയുടെ ആദ്യ കുര്‍ബാന ഒരുക്കച്ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെ ആയിരുന്നു നാടിനെ നടുക്കിയ കൊല നടന്നത്.

10 വയസുകാരന്‍ റിസ്റ്റിയെ കുത്തിക്കൊന്ന കേസില്‍ അയല്‍വാസി അജി ദേവസ്യയ്ക്കു ജീവപര്യന്തം; 25,000 രൂപ പിഴ

സംഭവത്തെ കുറിച്ച് റിസ്റ്റിയുടെ സഹോദരി പറയുന്നത് ഇങ്ങനെയാണ്;

'പട്ടി കുരയ്ക്കുന്നതും ആളുകളുടെ നിലവിളിയും കേട്ട് അമ്മയും ഞാനും ഓടിച്ചെല്ലുമ്പോള്‍ റിസ്റ്റി റോഡില്‍ വീണു കിടക്കുകയായിരുന്നു. അപ്പന്‍ ഉടനെ ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോയി' നാലാം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന റിസ്റ്റിയെക്കുറിച്ചു പറയുമ്പോള്‍ സഹോദരി എയ്ബലിന്റെ കണ്ണുനിറഞ്ഞു.

അയല്‍വാസിയുടെ കുത്തേറ്റു റിസ്റ്റി മരിച്ചിട്ടു മൂന്നു വര്‍ഷവും ആറു മാസവുമാകുന്നു. താലോലിച്ചു തീരും മുന്നേ, ഏറ്റവും അടുപ്പം പുലര്‍ത്തുന്ന അയല്‍വീട്ടിലെ യുവാവിന്റെ കത്തിപ്പിടിക്കു മകന്‍ ഇരയാകുമെന്നു പറപ്പിള്ളി ജോണ്‍ ഒരിക്കലും വിചാരിച്ചിട്ടില്ല. 2016 ഏപ്രില്‍ 26നാണു ലഹരിമരുന്നിന് അടിമയായ അജി ദേവസ്യ എന്ന 43കാരന്‍ റിസ്റ്റിയെ കുത്തിക്കൊന്നത്. അതിരാവിലെ മുട്ട വാങ്ങാന്‍ കടയില്‍ പോയി മടങ്ങുമ്പോള്‍ നടുറോഡില്‍ വച്ചാണു സംഭവം. ലഹരി കിട്ടിയില്ലെങ്കില്‍ അക്രമാസക്തനാകുന്ന ആളായിരുന്നു പ്രതി അജി ദേവസ്യ.

അയല്‍ക്കാരുടെ നിലവിളി കേട്ട് ഓടിയെത്തിയ റിസ്റ്റിയുടെ ലിനിയാണു കുട്ടിയുടെ കഴുത്തില്‍നിന്നു കത്തി ഊരിയെടുത്തത്. ഓട്ടോറിക്ഷ ഡ്രൈവറായ ജോണ്‍ ഉടന്‍ തന്നെ സ്വന്തം വണ്ടിയില്‍ മകനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുത്തിയ ശേഷം പ്രതി നടന്നു പോയെങ്കിലും നാട്ടുകാര്‍ പിടികൂടി തടഞ്ഞുവച്ചു പോലീസിനു കൈമാറുകയായിരുന്നു.

നഗരത്തിലെ ഏതൊരു ഇടറോഡും പോലെ പുല്ലേപ്പടി ചെറുകരയത്ത് ലൈനിലെ കുട്ടികളും അന്ന് അവധിക്കാല ആഘോഷങ്ങളിലായിരുന്നു. വീടുകള്‍ തിങ്ങിനിറഞ്ഞ പ്രദേശമാണിവിടെ. കുട്ടികളെല്ലാം അങ്ങേയറ്റം സുരക്ഷിതരാണെന്നാണ് ഇവിടുത്തെ മാതാപിതാക്കളുടെ വിശ്വാസം. എപ്പോഴും മുതിര്‍ന്നവരുടെ സാന്നിധ്യമുണ്ടായിരുന്നു. അപരിചിതരെ മുതിര്‍ന്നവര്‍ നിരീക്ഷിക്കുകയും ചെയ്യും. ഇവിടെയാണു പത്തുവയസ്സുകാരന്‍ റിസ്റ്റി അയല്‍വാസിയുടെ കുത്തേറ്റു വീണത്. സമീപവാസികള്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുംമുന്‍പുതന്നെ റിസ്റ്റിയുടെ നെഞ്ചിലും കഴുത്തിലുമായി പലതവണ കുത്തേറ്റു.

റെയില്‍പാളത്തോടു ചേര്‍ന്ന വീടുകളിലാണു റിസ്റ്റിയും കുടുംബവും താമസിച്ചിരുന്നത്. പാളത്തിന് എതിര്‍വശത്തെ വീട്ടിലായിരുന്നു അജിയും കുടുംബവും. റിസ്റ്റിയുടെയും സഹോദരന്റെയും ആദ്യ കുര്‍ബാന സ്വീകരണ ചടങ്ങിനുള്ള ഒരുക്കത്തിലായിരുന്നു കുടുംബം. ഇതിനായി തലേന്നു വസ്ത്രങ്ങളും മറ്റും വാങ്ങിയിരുന്നു. ഈ ചടങ്ങിനായി പ്രതി അജിയെയും മാതാപിതാക്കളെയും റിസ്റ്റിയുടെ പിതാവ് ക്ഷണിച്ചിരുന്നു.

സെന്റ് ആല്‍ബര്‍ട്‌സ് സ്‌കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു സംഭവം നടക്കുമ്പോള്‍ റിസ്റ്റി. രാവിലെ മിജുഷ എന്ന യുവതി കണ്ടതു വഴിയില്‍ കുട്ടിയുടെ കഴുത്തില്‍ ഒരാള്‍ ആഞ്ഞു കുത്തുന്നതാണ്. ഇതുകണ്ട് മിജുഷ ഒച്ച വച്ചതോടെ ഭര്‍ത്താവ് പുറത്തേക്കിറങ്ങി വന്നു. അപ്പോഴേക്കും ആളുകള്‍ ഓടിയെത്തി. കുത്തിയ ആള്‍ ഒന്നും സംഭവിക്കാത്തതു പോലെ നടന്നു നീങ്ങിയെന്നായിരുന്നു അയല്‍വാസി മിജുഷയുടെ മൊഴി.

ലഹരിക്ക് അടിമയായിരുന്ന അജി കുടുംബാംഗങ്ങളെ ഉപദ്രവിക്കുമ്പോള്‍ അവരെ രക്ഷപെടുത്തിയിരുന്നതു റിസ്റ്റിയുടെ പിതാവ് ജോണായിരുന്നു. ലഹരിമരുന്നിനു പണം ചോദിച്ചപ്പോള്‍ നല്‍കിയിരുന്നില്ല. അജിയെ ലഹരിവിമുക്ത കേന്ദ്രത്തില്‍ എത്തിക്കുന്നതിനു മുന്‍കൈ എടുത്തിരുന്നതും ജോണായിരുന്നു. ഇതിന്റെയെല്ലാം പകവീട്ടലായിരുന്നു റിസ്റ്റിയെ കൊന്നതിലൂടെ അജി ചെയ്തത്.

അജി ദേവസ്യയെ നേരത്തെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നു പോലീസ് വ്യക്തമാക്കി. മകന്‍ 12 വര്‍ഷമായി ചികിത്സയിലാണെങ്കിലും മരുന്നുകള്‍ കഴിക്കാറില്ലെന്നാണു മാതാവ് പോലീസിനോടു പറഞ്ഞത്. വീട്ടില്‍ മാതാപിതാക്കളെ ഉപദ്രവിക്കുന്ന ശീലക്കാരനായിരുന്നു. അജിയുടെ ശല്യം സഹിക്കാനാകാതെ അമ്മ പല രാത്രികളിലും റിസ്റ്റിയുടെ വീട്ടിലാണ് അഭയം തേടിയിരുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Boy stabbed to death by neighbour in Kochi, Kochi, Murder, Life Imprisonment, Court, Murder, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia