Dead Body | കണ്ണൂരില്‍ പുഴയില്‍ മുങ്ങിമരിച്ച വിദ്യാര്‍ഥികള്‍ക്ക് നാടിന്റെ ദു:ഖനിര്‍ഭരമായ യാത്രാമൊഴി
മരിച്ചത് ബന്ധുക്കളായ കുട്ടികള്‍
സംസ്‌കരിച്ചത് കുറ്റിയാട്ടൂര്‍ പൊറോളം പൊതുശ്മാശനത്തില്‍
കണ്ണൂര്‍: (KVARTHA) മൂന്ന് വിദ്യാര്‍ഥികളുടെ അപ്രതീക്ഷിത വേര്‍പാടില്‍ നടുങ്ങി മയ്യില്‍ ഗ്രാമം. മയ്യില്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പാവന്നൂരില്‍ മുങ്ങി മരിച്ച വിദ്യാര്‍ഥികള്‍ക്ക് നാട് ശനിയാഴ്ച വൈകിട്ട് യാത്രാമൊഴിയേകി. പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജില്‍ പോസ്റ്റുമോര്‍ടത്തിന് ശേഷം മൃതദേഹങ്ങള്‍ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് പാവന്നൂര്‍ മെട്ട ബാങ്കിന് സമീപം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ സമൂഹത്തിലെ വിവിധ തുറകളില്‍ നിന്നും നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.
സഹപാഠികളും അധ്യാപകരും പ്രദേശവാസികളും ഉള്‍പെടെ നാടിന്റെ പ്രതീക്ഷകളായിരുന്ന വിദ്യാര്‍ഥികളെ അവസാനമായി ഒരു നോക്ക് കാണാനെത്തി. തുടര്‍ന്ന് വൈകുന്നേരത്തോടെ കുറ്റിയാട്ടൂര്‍ പൊറോളം പൊതുശ്മാശനത്തില്‍ സംസ്‌കരിച്ചു.
പാവന്നൂര്‍ മെട്ട വളളുവ കോളനിയിലെ എവി സത്യന്‍-പ്രിയ ദമ്പതികളുടെ മകന്‍ നിവേദ്(21)സത്യന്റെ സഹോദരന്‍ എ വി സജിത്ത്-രമ്യ ദമ്പതികളുടെ മകന്‍ ജോബിന്‍ ജിത്ത്(17) ഇവരുടെ ബന്ധുകൂടിയായ കെ എസ് ആര്‍ ടി സി ഡ്രൈവര്‍ ബാലകൃഷ്ണന്‍- ബിന്ദു ദമ്പതികളുടെ മകന്‍ അഭിനന്ദ്(21) എന്നിവരാണ് മരിച്ചത്.
പാവന്നൂര്‍ മെട്ട ചീരാച്ചേരി പുഴയില്‍ വെളളിയാഴ്ച വൈകുന്നേരം നാലുമണിയോടെയായിരുന്നു അപകടം. ബന്ധുക്കളായ വിദ്യാര്‍ഥികള്‍ പുഴയില്‍ മുങ്ങിമരിച്ചതിന്റെ നടുക്കത്തിലാണ് വളളുവ കോളനിയും പാവന്നൂര്‍ ഗ്രാമവും.
പുഴയരികിലൂടെ നടന്നുപോകുമ്പോള്‍ ഇവര്‍ കരയിടിഞ്ഞ് പുഴയിലേക്ക് വഴുതി വീഴുകയായിരുന്നു. കനത്ത മഴയില്‍ പുഴയില്‍ വെളളം കൂടിയിരുന്നു. ചെളിയും ആഴവുമുളള ഭാഗമാണ് ഇവിടം. വളപട്ടണം പുഴയുടെ ഭാഗമായ പാവന്നൂര്‍ ചിരാച്ചേരിക്കടവിലാണ് ഇവര്‍ മുങ്ങിതാഴ്ന്നത്. മരിച്ച വിദ്യാര്‍ഥികളുടെ വീടിന് വിളിപ്പാടകലെയായിരുന്നു അപകടം.