Body Found | വിവാഹിതരായിട്ട് 5 ദിവസം മാത്രം; ഫോടോയെടുക്കുന്നതിനിടെ പുഴയില്‍ വീണ് കാണാതായ നവദമ്പതികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
Jul 30, 2023, 17:28 IST
തിരുവനന്തപുരം: (www.kvartha.com) കല്ലമ്പലം പള്ളിക്കലില്‍ ഫോടോ എടുക്കുന്നതിനിടെ പുഴയില്‍വീണ് കാണാതായ ദമ്പതികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കൊല്ലം കടയ്ക്കല്‍ കുമ്മിള്‍ ചോനാമുകള്‍ വീട്ടില്‍ സിദ്ദിഖ് (27), ഭാര്യ കാരായില്‍ക്കോണം കാവതിയോട് പച്ചയില്‍ വീട്ടില്‍ നൗഫിയ (20), ഇവരുടെ ബന്ധു പള്ളിക്കല്‍ മൂതല ഇടവേലിക്കല്‍ വീട്ടില്‍ സെയ്‌നുലാബ്ദീന്‍- ഹസീന ദമ്പതികളുടെ മകന്‍ അന്‍സല്‍ ഖാന്‍ (22) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച (29.07.2023) വൈകിട്ടാണ് അപകടം ഉണ്ടായത്. അന്‍സിലിന്റെ മൃതദേഹം ശനിയാഴ്ചതന്നെ കിട്ടിയിരുന്നു. ദമ്പതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. തുടര്‍ന്ന് ഞായറാഴ്ച ഫയര്‍ഫോഴ്‌സും മുങ്ങല്‍ വിദഗ്ധരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ നൗഫിയുടെ മൃതദേഹം ആദ്യം കണ്ടെത്തി. പിന്നീട് ഭര്‍ത്താവ് സിദ്ദിഖിന്റെ മൃതദേഹവും കിട്ടി. പുഴയില്‍ വീണ് മരിച്ച മൂന്നുപേരുടെയും മൃതദേഹങ്ങള്‍ പാരിപ്പള്ളി മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
പള്ളിക്കല്‍ പഞ്ചായത് പകല്‍ക്കുറി മൂതല റോഡില്‍ താഴെ ഭാഗം പള്ളിക്കല്‍ പുഴയിലാണ് ദാരുണ സംഭവം നടന്നത്. സിദ്ദിഖും നൗഫിയയും പള്ളിക്കലിലെ ബന്ധുവായ അന്‍സല്‍ ഖാന്റെ വീട്ടില്‍ വിരുന്നിനെത്തിയതായിരുന്നു. കഴിഞ്ഞ 16 നായിരുന്നു സിദ്ദിഖിന്റെയും നൗഫിയയുടെയും വിവാഹം നടന്നത്. കൊല്ലം ഇളമാട് പഞ്ചായതില്‍നിന്ന് വിവാഹം രെജിസ്റ്റര്‍ ചെയ്തതിന്റെ സര്‍ടിഫികറ്റ് വാങ്ങിയ ശേഷമാണ് ദമ്പതികള്‍ ശനിയാഴ്ച (29.07.2023) ഉച്ചയ്ക്ക് ബന്ധുവീട്ടിലെത്തിയത്.
ഉച്ചഭക്ഷണത്തിനുശേഷം ഇവര്‍ രണ്ട് ബൈകുകളിലായി പള്ളിക്കല്‍ പുഴയോരത്ത് എത്തി. തുടര്‍ന്ന് അവിടെയുള്ള പാറയില്‍നിന്ന് സെല്‍ഫിയെടുക്കുകയും വെള്ളത്തില്‍ ഇറങ്ങുകയും ചെയ്യുന്നതിനിടയില്‍ കാല്‍ വഴുതി വീഴുകയായിരുന്നുവെന്നാണ് വിവരം. ദമ്പതികളെ രക്ഷപ്പെടുത്താനായി പുഴയില്‍ ഇറങ്ങിയപ്പോഴാണ് അന്‍സില്‍ ഒഴുക്കില്‍പെട്ട് മരിച്ചത്. സന്ധ്യയോടെ വല വീശാനെത്തിയ പള്ളിക്കല്‍ സ്വദേശി ചെരിപ്പും വാഹനവും കണ്ടു. ഉടന്‍ നാട്ടുകാരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നുള്ള തിരച്ചിലിലാണ് അന്‍സല്‍ ഖാന്റെ മൃതദേഹം കണ്ടെത്തിയത്.
സിദ്ദിഖിനും നൗഫിയയ്ക്കുമായി രാത്രി വൈകിയും തിരച്ചില്‍ നടത്തിയെങ്കിലും വെളിച്ചക്കുറവ് വെല്ലുവിളിയായി. ഒരാഴ്ച മുമ്പായിരുന്നു ഇവരുടെ വിവാഹം. ഞായറാഴ്ച രാവിലെയാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ ലഭിച്ചത്.
Keywords: News, Kerala, Kerala-News, News-Malayalam, Dead Body, Couple, River, Photos Drowned, Bodies of the couple who fell into the river while taking photos were recovered.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.