ബിജെപി രാജഗോപാലിനോടു പറഞ്ഞിരുന്നു, വിട്ടു നില്‍ക്കണം, വോട്ടു ചെയ്യരുത്; ഇപ്പോള്‍ അത് പുറത്തുപറയാന്‍ നാണക്കേട്

 


തിരുവനന്തപുരം: (www.kvartha.com 06.06.2016) നിയമസഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ശ്രീരാമകൃഷ്ണന് ബിജെപി എംഎല്‍എ ഒ രാജഗോപാല്‍ വോട്ടു ചെയ്തതുമായി ബന്ധപ്പെട്ട വിവാദം ബിജെപിക്കുള്ളില്‍ അടങ്ങുന്നില്ല. മാത്രമല്ല അത് കൂടുതല്‍ കത്തിപ്പിടിക്കുകയുമാണ്. സ്പീക്കര്‍ തെരഞ്ഞെടുപ്പിന്റെ തലേന്ന്, ജൂണ്‍ രണ്ടിനു ചേര്‍ന്ന ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി യോഗം എടുത്ത തീരുമാനത്തിനു വിരുദ്ധമായാണ് രാജഗോപാല്‍ പ്രവര്‍ത്തിച്ചത് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. മുതിര്‍ന്ന നേതാവായ എംഎല്‍എ പാര്‍ട്ടി തീരുമാനം ലംഘിച്ചത് പുറത്തു പറയാനുള്ള നാണക്കേട് കാരണം മറച്ചുവച്ചിരിക്കുകയാണ് ഈ വിവരം.

ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ കര്‍ശന നിര്‍ദേശവും ഇക്കാര്യത്തിലുണ്ട്. കേരളത്തില്‍ ആദ്യമായി എംഎല്‍എ ഉണ്ടായ സാഹചര്യത്തില്‍ അനുഭവക്കുറവുകൊണ്ട് പാര്‍ട്ടി രാജഗോപാലിനു നിര്‍ദേശം നല്‍കിയില്ലെന്നും ഇനി വിപ്പ് നല്‍കുമെന്നുമാണ് ഔദ്യോഗികമായി പുറത്തു വരുന്ന വിശദീകരണം. എന്നാല്‍ വിപ്പ് നല്‍കിയെന്നും രാജഗോപാല്‍ അത് ലംഘിച്ചുവെന്നുമുള്ള വിവരമാണ് മറച്ചുവയ്ക്കുന്നത്.

കാലങ്ങളായി ബിജെപി കേരള നിയമസഭയില്‍ അക്കൗണ്ട് തുറക്കാന്‍ കാത്തിരിക്കുകയായിരുന്നു. അത് യാഥാര്‍ത്ഥ്യമായ ശേഷം ആദ്യം കിട്ടിയ അവസരത്തില്‍ രണ്ടു മുന്നണികളോടുമുള്ള രാഷ്ട്രീയ വിയോജിപ്പ് പ്രകടിപ്പിച്ച് വോട്ടെടുപ്പില്‍ നിന്നു വിട്ടുനില്‍ക്കാനായിരുന്നു തീരുമാനം. ഇത് മാധ്യമങ്ങളോടു പിന്നീട് വ്യക്തമാക്കാനും തീരുമാനിച്ചിരുന്നു. രാജഗോപാലിന്റെ കൂടി സാന്നിധ്യത്തില്‍ എടുത്ത തീരുമാനമാണ് സഭയില്‍ അദ്ദേഹം ലംഘിച്ചതത്രേ. ആദ്യ അവസരത്തില്‍ത്തന്നെ ശക്തമായ രാഷ്ട്രീയ നിലപാടു പ്രഖ്യാപിച്ച് ചരിത്രത്തില്‍ ഇടം നേടാന്‍ ലഭിച്ച അവസരം പാഴാക്കി പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കി എന്നാണ് ബിജെപിയില്‍ രാജഗോപാലിനെതിരേ ഉയരുന്ന വിമര്‍ശനം. സ്വതന്ത്ര എംഎല്‍എ പി സി ജോര്‍ജ്ജ് വോട്ട് അസാധുവാക്കിയപ്പോള്‍ ബിജെപി എംഎല്‍എ സിപിഎം നേതൃത്വത്തിലുള്ള മുന്നണിക്ക് വോട്ടു ചെയ്തത് ദേശീയ മാധ്യമങ്ങളിലും വലിയ വാര്‍ത്തയായിരുന്നു.
ബിജെപി രാജഗോപാലിനോടു പറഞ്ഞിരുന്നു, വിട്ടു നില്‍ക്കണം, വോട്ടു ചെയ്യരുത്; ഇപ്പോള്‍ അത് പുറത്തുപറയാന്‍ നാണക്കേട്

Keywords:  BJP, Kerala, Thiruvananthapuram, LDF, O Rajagopal, Vote, Election 2016, 


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia