Minister R Bindu | 'സുപ്രീം കോടതി പോലും കേന്ദ്ര നയങ്ങള്‍ക്കൊപ്പം': മന്ത്രി ആര്‍ ബിന്ദുവിനെതിരെ കോടതിയലക്ഷ്യത്തിന് അനുമതി തേടി അറ്റോര്‍ണി ജെനറലിന് അപേക്ഷ
Nov 26, 2022, 17:56 IST
ന്യൂഡെല്‍ഹി: (www.kvartha.com) ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദുവിനെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി അറ്റോര്‍ണി ജെനറല്‍ ആര്‍ വെങ്കിട്ടരമണിക്ക് അപേക്ഷ നല്‍കി. ബിജെപി മുന്‍ സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ ആണ് അപേക്ഷ നല്‍കിയത്. സുപ്രീം കോടതി പോലും കേന്ദ്ര നയങ്ങള്‍ക്കൊപ്പമാണെന്ന ആര്‍ ബിന്ദുവിന്റെ പരാമര്‍ശമാണ് നടപടി എടുക്കണമെന്ന് ആവശ്യപ്പെടാന്‍ കാരണം.
സുപ്രീം കോടതി പോലും കേന്ദ്രനയങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന് വേണം കേരള സാങ്കേതിക സര്‍വകലാശാല സംബന്ധിച്ച വിധിയിലൂടെ മനസിലാക്കാനെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. ഉന്നത വിദ്യാഭ്യാസ രംഗത്തു പിടിമുറുക്കാന്‍ കേന്ദ്രീകരണം നടപ്പാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതു നമ്മുടെ ബഹുസ്വരതയെ തകര്‍ക്കും. കേന്ദ്രസര്‍കാരിന്റെ ഈ നയത്തോടൊപ്പം ചേര്‍ന്നു പോകുന്നതാണ് സുപ്രീംകോടതി വിധിയെന്നും മന്ത്രി പറഞ്ഞിരുന്നു.
സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ (വിസി) ഡോ. എംഎസ് രാജശ്രീയുടെ നിയമനം റദ്ദാക്കികൊണ്ടുള്ള വിധിക്കെതിരെ നവംബര്‍ 18ന് ആര്‍ ബിന്ദു കൊച്ചിയില്‍ നടത്തിയ പ്രസ്താവന സുപ്രീം കോടതിയെ അപകീര്‍ത്തിപ്പെടുത്തുന്നതും ഇകഴ്ത്തി കാണിക്കുന്നതും ആണെന്ന് അറ്റോര്‍ണി ജെനറലിന് നല്‍കിയ അപേക്ഷയില്‍ സന്ദീപ് വാര്യര്‍ പറയുന്നു.
ഭരണഘടനയുടെ 19 (1) (എ) വകുപ്പ് ഉറപ്പാക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിരക്ഷ മന്ത്രിക്ക് ലഭിക്കില്ലെന്നും ഭരണഘടനാപരമായ തത്വങ്ങളും തന്റെ പ്രതിജ്ഞയും പാലിക്കാന്‍ മന്ത്രിക്ക് ബാധ്യതയുണ്ടെന്നും അഭിഭാഷകന്‍ രഞ്ജിത് മാരാര്‍ മുഖേന നല്‍കിയ അപേക്ഷയില്‍ ആരോപിക്കുന്നു. രാഷ്ട്രീയ നേട്ടത്തിനായി മന്ത്രി തന്റെ പദവി ദുരുപയോഗം ചെയ്തുവെന്നും ആരോപിച്ചിട്ടുണ്ട്. അറ്റോര്‍ണി ജെനറലിന്റെ അനുമതി ലഭിച്ചാല്‍ മാത്രമേ സുപ്രീം കോടതിയില്‍ ക്രിമിനല്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്യാനാകൂ.
Keywords: BJP leader seeks AG's approval for contempt of court proceedings against minister R Bindu, New Delhi, News, Politics, BJP, Application, Minister, Supreme Court of India, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.