N Haridas | സ്വര്‍ണ കടത്ത് - ക്വട്ടേഷന്‍ സംഘങ്ങളുമായുള്ള സിപിഎം നേതാക്കളുടെ ബന്ധം പൊലീസ് അന്വേഷിക്കണമെന്ന് ബിജെപി നേതാവ് എന്‍ ഹരിദാസ്
'ക്വട്ടേഷന്‍ സംഘങ്ങളെ പാര്‍ടി പല ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നത് കൊണ്ടാണ് പാര്‍ടി അവര്‍ക്ക് സംരക്ഷണം നല്‍കുന്നത്'
മനു തോമസിന്റെ സ്വര്‍ണക്കടത്ത് -ക്വടേഷന്‍ സംഘത്തെ കുറിച്ചുള്ള വെളിപ്പെടുത്തല്‍ ഏറെ ഗൗരവകരം
കണ്ണൂര്‍: (KVARTHA) സ്വര്‍ണ കടത്ത് - ക്വട്ടേഷന്‍ മാഫിയ സംഘങ്ങള്‍ പാര്‍ടിയുടെ സംരക്ഷണത്തിലാണെന്ന ഡി വൈ എഫ് ഐ മുന്‍ ജില്ലാ പ്രസിഡന്റ് മനു തോമസിന്റെ ആരോപണം വളരെ ഗുരുതരമാണെന്ന് ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസ്. കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിനെ വെള്ളപൂശാന്‍ സിപിഎം ജില്ലാ സെക്രടറി എത്രതന്നെ ശ്രമിച്ചാലും പൊതുസമൂഹം അത് വിശ്വസിക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഈ വിഷയത്തില്‍ പാര്‍ടി അന്വേഷണത്തില്‍ ഒതുങ്ങാതെ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ക്വട്ടേഷന്‍ സംഘങ്ങളെ പാര്‍ടി പല ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നത് കൊണ്ടാണ് പാര്‍ടി അവര്‍ക്ക് സംരക്ഷണം നല്‍കുന്നതെന്നും ഹരിദാസ് ആരോപിച്ചു. മനു തോമസിന്റെ സ്വര്‍ണക്കടത്ത് -ക്വടേഷന്‍ സംഘത്തെ കുറിച്ചുള്ള വെളിപ്പെടുത്തല്‍ ഏറെ ഗൗരവകരമാണ്. സിപിഎം നേതാക്കളുമായുള്ള ബന്ധം പൊലീസ് അന്വേഷിക്കാന്‍ തയാറാകണമെന്നും ഹരിദാസ് ആവശ്യപ്പെട്ടു.