Criticism | 'നാളെ ശബരിമല വഖവ് ഭൂമിയുടേതാകും, അയ്യപ്പന് ഇറങ്ങിപ്പോകേണ്ടി വരും'; വാവര് സ്വാമിക്ക് എതിരെ വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍
● കേന്ദ്രമന്ത്രി സുരേഷ് ഗോപി അടക്കം പങ്കെടുത്ത വേദിയിലായിരുന്നു പരാമര്‍ശം
● വാവര്, ഞാനിത് വഖഫിന് കൊടുത്തെന്ന് പറഞ്ഞാല്‍ നാളെ ശബരിമല വഖഫിന്റേത് ആകും
● നാളെ വേളാങ്കണ്ണി വഖഫ് ഭൂമിയാണെന്ന് പറഞ്ഞാല്‍ കൊടുക്കണോ?
● അത് കൊടുക്കാതിരിക്കാനാണ് വഖഫ് ഭേദഗതി കൊണ്ടുവന്നത്
വയനാട്: (KVARTHA) വാവര് സ്വാമിക്ക് എതിരെ വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. വയനാട് കമ്പളക്കാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി നവ്യാ ഹരിദാസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലായിരുന്നു ബിജെപി സംസ്ഥാന ഉപാധ്യക്ഷന്റെ വിവാദ പ്രസംഗം. മുനമ്പം ഭൂമി പ്രശ്നത്തെക്കുറിച്ച് സംസാരിക്കവെയാണ് അദ്ദേഹം വഖഫ് കാര്യം എടുത്തിട്ടത്. കേന്ദ്രമന്ത്രി സുരേഷ് ഗോപി അടക്കം പങ്കെടുത്ത വേദിയിലായിരുന്നു പരാമര്‍ശം.
പതിനെട്ടാം പടിക്കു താഴെയൊരു ചങ്ങായി ഇരിപ്പുണ്ടെന്നും നാളെ അതും വഖഫ് ആണെന്നു പറഞ്ഞു വരുമെന്നുമായിരുന്നു ഗോപാലകൃഷ്ണന്റെ പരാമര്‍ശം.
ഗോപാലകൃഷ്ണന്റെ വാക്കുകള്‍:
ശബരിമല, അയ്യപ്പന്റെ ഭൂമി, നാളെ വഖഫ് ആണെന്ന് പറയില്ലേ. അവിടെയൊരു ചങ്ങായി ഇരിപ്പുണ്ട് അയ്യപ്പനു താഴെ. അയ്യപ്പന്‍ പതിനെട്ടു പടിയുടെ മുകളില്‍. പതിനെട്ടു പടിയുടെ അടിയില്‍ വേറൊരു ചങ്ങായി ഇരിപ്പുണ്ട്. വാവര്. ഈ വാവര്, ഞാനിത് വഖഫിന് കൊടുത്തെന്ന് പറഞ്ഞാല്‍ നാളെ ശബരിമല വഖഫിന്റേത് ആകും. അയ്യപ്പന് ഇറങ്ങിപ്പോകേണ്ടി വരും. അനുവദിക്കണോ?
ഇവിടുത്തെ ക്രിസ്ത്യാനികളുടെ പ്രധാനപ്പെട്ട സ്ഥലമല്ലേ വേളാങ്കണ്ണി. നാളെ വേളാങ്കണ്ണി വഖഫ് ഭൂമിയാണെന്ന് പറഞ്ഞാല്‍ കൊടുക്കണോ? അത് കൊടുക്കാതിരിക്കാനാണ് വഖഫ് ഭേദഗതി കൊണ്ടുവന്നത്- എന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.
#BJP #Sabarimala #KeralaPolitics #VavarSwamy #Controversy #BGopalakrishnan