SWISS-TOWER 24/07/2023

Election | കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം പിടിക്കാന്‍ അഡ്വ. കെ ശ്രീകാന്തിന് ചുമതല; പാംപ്ലാനിയുടെ വോട് വാഗ്ദാനത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ബിജെപി

 


കണ്ണൂര്‍: (www.kvartha.com) കാസര്‍കോട്ടെ ബിജെപി നേതാവായ അഡ്വ. കെ ശ്രീകാന്തിന് കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പ് ചുമതല നല്‍കി. അഖിലേന്‍ഡ്യ നേതൃത്വത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നിലവില്‍ സംസ്ഥാനസെക്രടറിയായ അഡ്വ. കെ ശ്രീകാന്തിനെ കണ്ണൂരിന്റെ ചുമതലയേല്‍പിച്ചത്. ഇത്തവണ മറ്റുപാര്‍ടികള്‍ ഒരുക്കങ്ങള്‍ തുടങ്ങും മുന്‍പെ ബിജെപി തിരഞ്ഞെടുപ്പിന് മുന്നോടിയായുളള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. കേരളം ബിജെപി പിടിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആവര്‍ത്തിച്ചുളള പ്രസംഗങ്ങള്‍ പാര്‍ടി പ്രവര്‍ത്തകരെ ആവേശഭരിതരാക്കിയിട്ടുണ്ട്.

Election | കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം പിടിക്കാന്‍ അഡ്വ. കെ ശ്രീകാന്തിന് ചുമതല; പാംപ്ലാനിയുടെ വോട് വാഗ്ദാനത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ബിജെപി

പതിവില്‍ നിന്നും വ്യത്യസ്തമായി തുടക്കത്തിലെ ബിജെപിയോടൊപ്പം രാഷ്ട്രീയ സ്വയം സേവക് പ്രവര്‍ത്തകരും തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയിട്ടുണ്ട്. കണ്ണൂരില്‍ ശ്രദ്ധപതിപ്പിക്കണമെന്ന് ആര്‍എസ്എസ് അഖിലേന്‍ഡ്യ നേതൃത്വവും നിര്‍ദേശിച്ചിട്ടുണ്ടെന്നാണ് സൂചന. പരമാവധി മികച്ച സ്ഥാനാര്‍ഥിയെ നിര്‍ത്താനാണ് പാര്‍ടി കണ്ണൂരില്‍ ഒരുങ്ങുന്നത്. അതിശക്തമായ ത്രികോണ മത്സരമാണ് പ്രതീക്ഷിക്കുന്നത്. തലശേരി ബിഷപ് ജോസഫ് പാംപ്ലാനിയുടെ സഹായ വാഗ്ദാനം ബിജെപിക്ക് കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലും പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്.

ഇടതു, വലതു മുന്നണികളുടെ വോട് ബാങ്കുകളിലേക്കാണ് പാര്‍ടിയുടെ നോട്ടം. ബിജെപി ദേശീയ നിര്‍വാഹക സമിതിഅംഗം പികെ കൃഷ്ണദാസ്, ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുല്ലക്കുട്ടി, സന്ദീപ് വാചസ്പതി എന്നിവരാണ് സ്ഥാനാര്‍ഥി പട്ടികയിലെ മുന്‍ഗണനക്കാര്‍. എന്നാലിതില്‍ അന്തിമ തീരുമാനമായിട്ടില്ല. അബ്ദുല്ലക്കുട്ടി ലക്ഷദ്വീപില്‍ മത്സരിക്കുമെന്ന അഭ്യൂഹവും പരയ്ക്കുന്നുണ്ട്. പുതുതായി പാര്‍ടിയിലേക്ക് ചേക്കേറുന്ന പൊതുമുഖങ്ങളെയും കണ്ണൂരില്‍ പരീക്ഷിച്ചേക്കുമെന്നാണ് പാര്‍ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്തുതന്നെയായാലും പ്രചാരണം കൊഴുപ്പിക്കാന്‍ തന്നെയാണ് ബിജെപിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി പാര്‍ടി സ്ഥാപക ദിനത്തില്‍ ബിജെപി ദേശീയ പ്രസിഡണ്ട് മുതല്‍ ജില്ലാ പ്രസിഡണ്ട് വരെ രാജ്യത്തുടനീളം ചുമരെഴുത്ത് നടത്തി 2024 ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചിട്ടുണ്ട്.

കണ്ണൂരില്‍ ജില്ലാഅധ്യക്ഷന്‍ എന്‍ ഹരിദാസ് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ചുമരെഴുത്ത് നടത്തി ജില്ലാതല പ്രചരണം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രടറി അഡ്വ. കെ ശ്രീകാന്ത്, ദേശീയ കൗണ്‍സില്‍ അംഗങ്ങളായ പികെ വേലായുധന്‍, എ ദാമോദരന്‍, ജില്ലാ ജെനറല്‍ സെക്രടറി ബിജു ഏളക്കുഴി, ജില്ലാ ഭാരവാഹികളായ ടിസി മനോജ്, അഡ്വ. ശ്രദ്ധ രാഘവന്‍, റീന മനോഹരന്‍, അഡ്വ. അംബികാസുധന്‍, മുകേഷ് മുകുന്ദന്‍, പി നിവേദ്, എന്‍ കുട്ടികൃഷ്ണന്‍, കെഎന്‍ വിനോദ് മാസ്റ്റര്‍, പി സെലീന, എംകെ വിനോദ്, അഡ്വ. കെ രഞ്ജിത്ത്, ബിനില്‍ കണ്ണൂര്‍ തുടങ്ങിയ നേതാക്കള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Keywords: Kannur, Kerala, News, Election, Vote, BJP, Narendra Modi, Politics, RSS, Party, Inauguration, BJP: K Srikanth will lead the campaign in Kannur parliamentary constituency.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia