Murder case | കെ ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസ് സിബിഐക്ക് വിടാത്തതില്‍ ബിജെപിയില്‍ അഭിപ്രായ ഭിന്നത രൂക്ഷം; കണ്ണൂര്‍ ജില്ലാ നേതൃയോഗത്തില്‍ കേന്ദ്ര നേതൃത്വത്തിനെതിരെ വിമര്‍ശനം

 


-ഭാമനാവത്ത്

കണ്ണൂര്‍: (www.kvartha.com) യുവമോര്‍ച സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന കെ ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസ് തുടരന്വേഷണത്തിന് കൈമാറി ഒരു പതിറ്റാണ്ടോളമായിട്ടും അന്വേഷണം ഏറ്റെടുക്കാതെ സിബിഐ ഒളിച്ചു കളിക്കുന്നതിനെതിരെ ബിജെപി കണ്ണൂര്‍ ജില്ലാ നേതൃയോഗത്തില്‍ അതിരൂക്ഷമായ വിമര്‍ശനം. ദേശീയ നിര്‍വാഹക സമിതിയംഗമായ പികെ കൃഷ്ണദാസിന്റെ സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസം കണ്ണൂര്‍ ജില്ലാ കമിറ്റി ഓഫിസായ മാരാര്‍ജി ഭവനില്‍ നടന്ന യോഗത്തിലാണ് ഒരു വിഭാഗം ഭാരവാഹികള്‍ കേന്ദ്ര നേതൃത്വത്തിനെതിരെ രംഗത്തുവന്നത്.
       
Murder case | കെ ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസ് സിബിഐക്ക് വിടാത്തതില്‍ ബിജെപിയില്‍ അഭിപ്രായ ഭിന്നത രൂക്ഷം; കണ്ണൂര്‍ ജില്ലാ നേതൃയോഗത്തില്‍ കേന്ദ്ര നേതൃത്വത്തിനെതിരെ വിമര്‍ശനം

ഈ കാര്യത്തില്‍ കേരളത്തിലെ ചില ഉന്നത നേതാക്കള്‍ ജാഗ്രത കാണിച്ചില്ലെന്ന കുറ്റപ്പെടുത്തലുമുണ്ടായി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പെടെയുള്ള സംസ്ഥാന നേതൃത്വം ഈ കാര്യത്തില്‍ പരാജയപ്പെട്ടുവെന്ന വിമര്‍ശനവും ചില ഭാരവാഹികള്‍ ഉയര്‍ത്തി. കാര്യത്തിന്റെ ഗൗരവം ഇനിയെങ്കിലും പ്രധാനമന്ത്രി ഉള്‍പെടെയുള്ളവരെ ബോധ്യപ്പെടുത്തി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടില്ലെങ്കില്‍ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ടി പ്രവര്‍ത്തകരുടെ വോട് പോലും ലഭിക്കാത്ത അവസ്ഥയുണ്ടാകുമെന്ന് ഭാരവാഹികളില്‍ ചിലര്‍ മുന്നറിയിപ്പു നല്‍കി.

ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതിയായ നാലാംപ്രതി ടികെ രജീഷിന്റെ മൊഴിയെ തുടര്‍ന്നു തലശേരി അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അന്നത്തെ യുഡിഎഫ് സര്‍കാര്‍ സിബിഐക്കു വിട്ടത്. ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസില്‍ ഞങ്ങളൊക്കെയാണ് യഥാര്‍ഥ പ്രതികളെന്നും പാര്‍ട നല്‍കിയ പ്രതികളെയാണു പൊലീസ് അറസ്റ്റുചെയ്തതെന്നുള്ള രജീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസന്വേഷിച്ച ക്രൈംബ്രാഞ്ച് കോടതിയില്‍ തുടരന്വേഷണത്തിന് അപേക്ഷ നല്‍കുകയായിരുന്നു. കോടതി അനുമതി നല്‍കിയതോടെ ഡല്‍ഹി പൊലീസ് സ്പെഷല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരം ഉമ്മന്‍ചാണ്ടി സര്‍കാരാണു കേസ് സിബിഐക്കു വിട്ട് 2013 ജൂലൈ 31ന് ഉത്തരവിറക്കിയത്.

സ്വന്തം നേതാവായ കെ ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസിലെ ഗൂഡാലോചന അന്വേഷിക്കണമെന്നു ബിജെപി ഇടയ്ക്കിടെ ആവശ്യപ്പെടുമ്പോഴാണു ഒരുപതിറ്റാണ്ടായി ഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്ത് സംസ്ഥാന സര്‍കാരിന്റെ ആവശ്യമടങ്ങിയ വിജ്ഞാപനം പൊടിപിടിച്ച് കിടക്കുന്നത്. സിപിഎമും ബിജെപിയിലെ ഒരുവിഭാഗവും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായാണു കേസ് തുടരുന്വേഷണത്തിനു സര്‍കാര്‍ കൈമാറിയിട്ടും സിബിഐ അന്വേഷിക്കാതെ അട്ടിമറിച്ചതെന്നാണു ബിജെപിക്കുള്ളില്‍ നിന്നു തന്നെ ഉയരുന്ന ആരോപണം.

കെ ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ കൊലപാതകത്തിനു ദൃക്സാക്ഷിയായ അന്നത്തെ വിദ്യാര്‍ഥി പാനൂര്‍ കൂരാറയിലെ ഷെസിന (34) കഴിഞ്ഞദിവസം ജീവനൊടുക്കിയിരുന്നു. ഇതിനു പിന്നാലെ കെ ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസ് സിബിഐ അന്വേഷിക്കണമെന്നു ബിജെപി കണ്ണൂര്‍ ജില്ലാപ്രസിഡന്റ് എന്‍ ഹരിദാസ് വാര്‍ത്താസമ്മേളനം നടത്തി ആവശ്യപ്പെട്ടിരുന്നു. അന്നു ക്ലാസിലുണ്ടായിരുന്ന 16 കുട്ടികള്‍ പ്രായപൂര്‍ത്തിയായിട്ടും മാനസിക സംഘര്‍ഷം നേരിടുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയായിരുന്നു സിബിഐ അന്വേഷണ ആവശ്യം.

അതേസമയം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസും രംഗത്തെത്തി. സിബിഐ തയാറാകുന്നില്ലെങ്കില്‍ ജയകൃഷ്ണന്‍ മാസ്റ്ററുടെ കുടുംബമോ മാനസിക സംഘര്‍ഷത്താല്‍ ജീവിതം നശിച്ചവരോ ആവശ്യപ്പെട്ടാല്‍ നിയമസഹായം നല്‍കുമെന്നു കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് മാര്‍ടിന്‍ ജോര്‍ജും പറഞ്ഞു. എന്നാല്‍ കേസ് സിബിഐക്കു വിട്ടതിന്റെ തൊട്ടടുത്ത വര്‍ഷം നരേന്ദ്ര മോദി സര്‍കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തി എട്ടുവര്‍ഷം പിന്നിട്ടിട്ടും കേന്ദ്രസര്‍കാരിനു കീഴിലുള്ള സിബിഐ കേസന്വേഷണം ഏറ്റെടുത്തിട്ടില്ലെന്നതാണു യാഥാര്‍ഥ്യം.

1999 ഡിസംബര്‍ ഒന്നിനു പാനൂര്‍ മൊകേരി ഈസ്റ്റ് യുപി സ്‌കൂളിലെ 6ബി ക്ലാസില്‍ കയറിയാണ് വിദ്യാര്‍ഥികളുടെ മുന്നില്‍ വച്ച് കെ ടി ജയകൃഷ്ണന്‍ മാസ്റ്ററെ വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ അഞ്ചു പ്രതികള്‍ക്കു തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി 2003 ഓഗസ്റ്റ് 26നു വധശിക്ഷ വിധിച്ചു. ഇതു ഹൈകോടതിയും ശരിവച്ചു. പ്രതികളുടെ അപീലില്‍ അച്ചരത്ത് പ്രദീപന്‍ ഒഴികെയുള്ളവരെ സുപ്രിംകോടതി വിട്ടയച്ചു. പ്രദീപന്റെ വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കുകയും ചെയ്തു.

Keywords:  Latest-News, Kerala, Kannur, Top-Headlines, BJP, Political-News, Politics, Murder, Murder Case, BJP about CBI in Jayakrishnan master murder.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia