Bitti Mohanty | പഴയങ്ങാടി ആള്‍മാറാട്ടക്കേസ്: ബിട്ടി മൊഹന്തി പയ്യന്നൂര്‍ കോടതിയില്‍ ഹാജരായി

 


പയ്യന്നൂര്‍: (www.kvartha.com) പൊതുമേഖലാ ബാങ്ക് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് വര്‍ഷങ്ങളോളം ബാങ്കിനെയും പൊതുജനങ്ങളെയും കബളിപ്പിച്ചെന്ന കേസിലെ പ്രതി രാജസ്താന്‍ സ്വദേശിയായ യുവാവ് കോടതിയില്‍ ഹാജരായി. ആള്‍മാറാട്ട കേസില്‍ ദേശീയ മാധ്യമങ്ങളുടെ വരെ ശ്രദ്ധപിടിച്ചു പറ്റിയ ബിട്ടിമൊഹന്തിയാണ് പയ്യന്നൂര്‍ കോടതിയില്‍ ഹാജരായത്.

കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് രാഘവ് രാജെന്നു വിളിക്കുന്ന ബിട്ടി മൊഹന്തി പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായത്. അഭിഭാഷകനായ നികോളാസ് ജോസഫിന്റെ കൂടെയാണ് ബിട്ടി ശനിയാഴ്ച രാവിലെ കോടതിയിലെത്തിയത്.

Bitti Mohanty | പഴയങ്ങാടി ആള്‍മാറാട്ടക്കേസ്: ബിട്ടി മൊഹന്തി പയ്യന്നൂര്‍ കോടതിയില്‍ ഹാജരായി

വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ബിട്ടി മൊഹന്തി പ്രതിയായ കേസ് കഴിഞ്ഞ ഡിസംബര്‍ 12ന് കോടതി പരിഗണിച്ചത്. ഒഡീഷ ഹൈകോടതിയില്‍ തിരക്കുളള അഭിഭാഷകനായതിനാല്‍ അന്ന് ഹാജരാകാന്‍ കഴിയാത്ത സാഹചര്യമാണെന്ന് ചൂണ്ടിക്കാണിച്ച് ബിട്ടിയുടെ അഭിഭാഷകന്‍ നികോളാസ് ജോസഫ് അവധി അപേക്ഷ നല്‍കിയിരുന്നു. ഇതു പരിഗണിച്ചാണ് കോടതി ഫെബ്രുവരി ഫെബ്രുവരി 25ന് ഹാജരാകാന്‍ അനുമതി നല്‍കിയത്.

എസ് ബി ടി ബാങ്കിന്റെ പഴയങ്ങാടി മാടായി ശാഖയില്‍ പ്രബോഷണറി ഓഫീസറായി ജോലി ചെയ്യുമ്പോഴാണ് രാഘവ് രാജ് ആള്‍വാര്‍, പീഡനക്കേസില്‍ പ്രതിയായ ബിട്ടി മൊഹന്തിയാണെന്ന് പൊലീസ് കണ്ടെത്തിയത്. തുടര്‍ന്ന് ഇയാള്‍ക്കെതിരെ ആള്‍മാറാട്ടം, വ്യാജ രേഖ ചമയ്ക്കല്‍, തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി പൊലീസ് കേസെടുത്തു.

എന്നാല്‍ താന്‍ ബിട്ടിയല്ലെന്നും രാഘവ് രാജാണെന്നും ഇയാള്‍ കോടതിയില്‍ ബോധിപ്പിക്കുകയായിരുന്നു. ബിട്ടിയാണെന്ന് തെളിയിക്കാനായി ഡിഎന്‍എ പരിശോധനയ്ക്കായി കോടതി ഉത്തരവിട്ടെങ്കിലും മാതാപിതാക്കള്‍ അതിന് തയാറായിരുന്നില്ല. മാത്രമല്ല സുപ്രീം കോടതിയില്‍ നിന്നും ബിട്ടിക്ക് അനുകൂലമായ വിധിയുമുണ്ടായി.

മുന്‍പ് ഇയാളെ അറസ്റ്റു ചെയ്ത രാജസ്താന്‍ പൊലീസിന്റെ കയ്യിലും പിടിയിലായത് ബിട്ടിയാണെന്ന് തെളിയിക്കാന്‍ കഴിയുന്ന തെളിവുകളൊന്നുമുണ്ടായിരുന്നില്ല. തങ്ങള്‍ പിടികൂടിയ യുവാവ് ബിട്ടിയാണെന്ന് തെളിയിക്കാന്‍ പൊലീസിന് സാധിക്കാതെ വന്ന സാഹചര്യത്തില്‍ ആള്‍വാര്‍ പീഡനക്കേസിന്റെ ശിക്ഷാകാലാവധി പൂര്‍ത്തീകരണത്തിനായി കോടതി ബിട്ടിയെ രാജസ്താന്‍ പൊലീസിന് വിട്ടുകൊടുക്കുകയായിരുന്നു. പിന്നീട് ഒഡീഷ ഹൈകോടതിയിലെ തിരക്കുളള അഭിഭാഷകനായി ബിട്ടി മാറി.

അതിന് ശേഷമാണ് ആള്‍മാറാട്ടക്കേസ് പയ്യന്നൂര്‍ കോടതി വീണ്ടും പരിഗണിക്കുന്നത്. ജയ്സ്വാള്‍ ഡിജിപിയുടെ മകനായ ബിട്ടി മൊഹന്തി പ്രതിയായ ആള്‍വാര്‍ പീഡനക്കേസ് ദേശീയ മാധ്യമങ്ങളില്‍ വരെ ചൂടേറിയ വാര്‍ത്തയായിരുന്നു. കൂടെ പഠിച്ചിരുന്ന ജര്‍മന്‍ യുവതിയുമായി അടുപ്പത്തിലായ ബിട്ടി മൊഹന്തി യുവതിയെ പലയിടങ്ങളിലും കൊണ്ടു പോയി ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് കേസ്.

യുവതിയുടെ പരാതിയില്‍ രാജസ്താന്‍ പൊലീസ് കേസെടുക്കാതെ ആദ്യമൊക്കെ ഒളിച്ചുകളിച്ചുവെന്ന ആരോപണം ഉണ്ടായിരുന്നുവെങ്കിലും ജര്‍മന്‍ ഗവണ്‍മെന്റിന്റെ നയതന്ത്ര ഇടപെടല്‍ കാരണമാണ് ഭരണ സ്വാധീനമുളള ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ മകനായ ബിട്ടിയെ അറസ്റ്റു ചെയ്തു ജയിലില്‍ അടച്ചത്.

Keywords: Bitti Mohanty appeared in Payyannur court, Payyannur, News, Police, Arrested, Court, Lawyer, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia