BT Mohanty | ബിടി മൊഹന്തി വീണ്ടും നിയമത്തിന്റെ മുന്‍പിലേക്ക്; ഫെബ്രുവരിയില്‍ ഹാജരാകണമെന്ന് കോടതി ഉത്തരവ്
Dec 14, 2022, 22:14 IST
കണ്ണൂര്‍: (www.kvartha.com) ദേശീയ മാധ്യമങ്ങളില്‍ പോലും വന്‍ വാര്‍ത്താ പരമ്പരകള്‍ സൃഷ്ടിച്ച ബിടി മൊഹന്തി വീണ്ടും നിയമത്തിന്റെ മുന്‍പിലേക്ക്. ആള്‍മാറാട്ടം നടത്തി മാടായി എസ് ബി ടി ബാങ്ക് ശാഖയില്‍ പ്രൊബേഷണര്‍ ഓഫീസറായി ജോലി സമ്പാദിച്ചെന്ന കേസില്‍ ബിടി മൊഹന്തി ഫെബ്രുവരി 25-ന് ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടു. രാഘവ് രാജെന്ന ബിടി മെഹന്തിയുടെ ആള്‍മാറാട്ട കേസ് ചൊവ്വാഴ്ച പരിഗണിച്ചപ്പോഴാണ് പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്.
വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷമാണ് കോടതി ബിടി മൊഹന്തി പ്രതിയായ കേസ് പരിഗണിച്ചത്. ബിടി മൊഹന്തിക്ക് ഹാജരാകാന്‍ കഴിയില്ലെന്നു ചൂണ്ടിക്കാണിച്ചു അഭിഭാഷകന്‍ നികോളാസ് ജോസഫ് അവധി അപേക്ഷ നല്‍കിയിരുന്നു. ഇതു പരിഗണിച്ചാണ് ഫെബ്രുവരി 25ന് കോടതിയില്‍ ഹാജരാകണമെന്ന ഉത്തരവിട്ടത്.
എസ് ബി ടി പഴയങ്ങാടി മാടായി ശാഖയില്‍ പ്രബോഷണറി ഓഫീസറായി ജോലി ചെയ്യുന്നതിനിടെ പിടിയിലായ രാഘവ് രാജ് ആള്‍വാറില്‍ ജര്‍മന്‍ യുവതിയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതിയായ ബിടി മൊഹന്തിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ ആള്‍മാറാട്ടം, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ചുമത്തി പൊലീസ് കേസെടുത്തത്.
എന്നാല്‍ തങ്ങള്‍ പിടികൂടിയത് ബിടി മൊഹന്തിയാണെന്നു തെളിയിക്കാന്‍ പൊലീസിന് സാധിക്കാതെ വന്ന സാഹചര്യത്തില്‍ ആള്‍വാര്‍ പീഡനക്കേസിന്റെ ശിക്ഷാകാലവാധി പൂര്‍ത്തികരണത്തിനായി കോടതി രാജസ്താന്‍ പൊലീസിന് വിട്ടുകൊടുക്കുകയായിരുന്നു. അതിനു ശേഷമാണ് ആള്‍മാറാട്ട കേസ് കോടതി ഇപ്പോള്‍ വീണ്ടും പരിഗണിക്കുന്നത്.
Keywords: Bitti Mohanty again before law; Court order to appear in February, Kannur, Court, Cheating, Molestation, Police, Kerala, News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.