SWISS-TOWER 24/07/2023

'കൃത്യമായ മെഡികല്‍ തെളിവുകളടക്കമുള്ള ഒരു റേപ് കേസില്‍ പ്രതിയെ കുറ്റവിമുക്തനാക്കിയ നടപടി അംഗീകരിക്കാനാകില്ല; ഇരയ്ക്ക് വേണ്ടി സത്യസന്ധമായി മൊഴി നല്‍കിയ ആളുകള്‍ക്ക് ഇത് തിരിച്ചടിയാണ്'; ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെവിട്ട കോടതി വിധിക്കെതിരെ അപീല്‍ നല്‍കുമെന്ന് കോട്ടയം മുന്‍ എസ്പി; ആശ്ചര്യകരമായ വിധിയാണെന്ന് പ്രോസിക്യൂഷന്‍

 


ADVERTISEMENT


കൊച്ചി: (www.kvartha.com 14.01.2022) കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ജലന്ദര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റക്കാരനല്ലെന്ന കോടതി വിധിക്കെതിരെ അന്വേഷണ ഉദ്യോഗസ്ഥനും പബ്ലിക് പ്രോസിക്യൂടറും. കോടതി വിധി അംഗീകരിക്കാന്‍ സാധിക്കാത്തതാണെന്നും ഞെട്ടിപ്പിക്കുന്നതാണെന്നും കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ കോട്ടയം മുന്‍ എസ് പി ഹരിശങ്കര്‍ പറഞ്ഞു.
Aster mims 04/11/2022

ആശ്ചര്യകരമായ വിധിയാണ് കോടതിയില്‍ നിന്നുണ്ടായതെന്നും അപീല്‍ പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. കേസില്‍ പ്രതിക്ക് 100 ശതമാനവും ശിക്ഷ പ്രതീക്ഷിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സര്‍കാരുമായി ആലോചിച്ച് അപീല്‍ പോകുമെന്ന് പബ്ലിക് പ്രോസിക്യൂടറും ആവര്‍ത്തിച്ചു. 

കൃത്യമായ മെഡികല്‍ തെളിവുകളടക്കമുള്ള ഒരു റേപ് കേസില്‍ പ്രതിയെ കുറ്റവിമുക്തനാക്കിയ കോടതി നടപടി അംഗീകരിക്കാനാകില്ലെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്റെ ആദ്യ പ്രതികരണം. ഈ കേസില്‍ ഇരയുടെ കൃത്യമായ മൊഴിയുണ്ട്. സമയ താമസമുണ്ടായി എന്നത് മാത്രമാണ് തിരിച്ചടിയായുണ്ടായത്. സഭക്കുള്ളില്‍ വിഷയം തീര്‍ക്കാന്‍ ശ്രമിച്ചതിനാലാണ് സമയ താമസവുമുണ്ടായത്. താന്‍  ജീവിച്ചിരിക്കണോ എന്നത് പോലും ബിഷപിനെ ആശ്രയിച്ചിരിക്കുമെന്ന അവസ്ഥയില്‍ നിന്നാണ് ഇര ബിഷപിനെതിരെ മൊഴി നല്‍കിയതെന്നും അതിനെ കോടതി വിശ്വാസത്തിലെടുക്കേണ്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

'ഇന്‍ഡ്യയിലെ നീതിന്യായ വ്യവസ്ഥയെ അത്ഭുതപ്പെടുത്തിയ കേസാണിത്. 2014 മുതല്‍ 2016 വരെ പീഡിപ്പിക്കപ്പെട്ട സ്ത്രീ 2018ലാണ് പരാതിയുമായി എത്തിയത്. ഇങ്ങനെ ഒരു അതിക്രമം നേരിട്ട കന്യാസ്ത്രീയുടെ നിലനില്‍പ്പ് പീഡിപ്പിക്കുന്ന ആളെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. അങ്ങനെയുള്ളപ്പോള്‍, അവര്‍ വൈകിയാണ് പരാതിയുമായി എത്തിയത് എന്ന് പറയുന്നത് അടിസ്ഥാനരഹിതമാണ്. അവര്‍ നേരത്തെ പ്രതികരണത്തിലേയ്ക്ക് എത്തിയിരുന്നുവെങ്കില്‍ അവരുട ജീവന്‍ തന്നെ അപകടത്തിലാകുമായിരുന്നു. പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയുടെ കുടുംബംവരെ അപകടത്തില്‍പ്പെട്ടേക്കാം. അതുകൊണ്ടുതന്നെ രണ്ട് വര്‍ഷം അവര്‍ മാനസിക പിരിമുറുക്കം നേരിട്ടിരുന്നു. ഒടുവില്‍ ഏറെ സമ്മര്‍ദങ്ങള്‍ നേരിട്ടാണ് അവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. അതിന് ശേഷമാണ് വലിയ പ്രതിഷേധ പ്രകടനങ്ങള്‍ ഉയര്‍ന്നതും പരാതി നല്‍കുന്നതും. ഇങ്ങനെ ഒരു വിധി വരുമ്പോള്‍, ആ കന്യാസ്ത്രീ സമൂഹത്തില്‍ ഒറ്റപ്പെടുകയാണ്' ഹരിശങ്കര്‍ അഭിപ്രായപ്പെട്ടു.

കേസിലെ എല്ലാ സാക്ഷികളും സാധാരണക്കാരാണ്. പലരും ഈ സംവിധാനത്തിന് അകത്ത് തന്നെയുള്ളവരാണ്. സാക്ഷികള്‍ ആരും തന്നെ മൊഴി മാറ്റിയിട്ടില്ല. എല്ലാവരും ഉറച്ച് നിന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഈ കേസിന്. കേസില്‍ ഇരയ്ക്ക് വേണ്ടി സത്യസന്ധമായി മൊഴി നല്‍കിയ ആളുകള്‍ക്കും ഈ വിധി തിരിച്ചടിയാണ്. 

ധാരാളം മെഡികല്‍ തെളിവുകള്‍ സഹിതം ലഭിച്ച കേസും കൂടിയാണിത്. വളരെ അസാധാരണമായ ഒരു വിധിയാണ് ഇന്ന് പ്രഖ്യാപിച്ചത്. ഇന്‍ഡ്യയില്‍ ബലാത്സംഗ കേസില്‍ ഇരയുടെ മൊഴി തന്നെ പര്യാപ്തമായിരിക്കെ ഇത്രയധികം തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചിട്ടും കോടതി ഇങ്ങനെ ഒരു വിധി പ്രഖ്യാപിച്ചത് വളരെ അധികം ഞെട്ടിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'കൃത്യമായ മെഡികല്‍ തെളിവുകളടക്കമുള്ള ഒരു റേപ് കേസില്‍ പ്രതിയെ കുറ്റവിമുക്തനാക്കിയ നടപടി അംഗീകരിക്കാനാകില്ല; ഇരയ്ക്ക് വേണ്ടി സത്യസന്ധമായി മൊഴി നല്‍കിയ ആളുകള്‍ക്ക് ഇത് തിരിച്ചടിയാണ്'; ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെവിട്ട കോടതി വിധിക്കെതിരെ അപീല്‍ നല്‍കുമെന്ന് കോട്ടയം മുന്‍  എസ്പി; ആശ്ചര്യകരമായ വിധിയാണെന്ന് പ്രോസിക്യൂഷന്‍


വളരെ പ്രത്യേകതകള്‍ നിറഞ്ഞ കേസ് ആയിരുന്നു ഇത്. കേസിലെ സാക്ഷിയെ അപായപ്പെടുത്താന്‍ സാധ്യതയുള്ളതിനാല്‍ അവരെ അന്വേഷണ സംഘം ഒളിച്ച് താമസിപ്പിച്ചു. ശേഷം അവരുടെ വീട്ടുകാര്‍ മിസിംഗ് കേസ് നല്‍കിയിരുന്നു.

അന്വേഷണ സംഘം എല്ലാത്തരത്തിലുള്ള പിന്തുണയും കന്യാസ്ത്രീക്ക് നല്‍കിയിരുന്നു. ഇത്തരത്തിലുള്ള ആളുകള്‍ നമുക്ക് ചുറ്റുമുണ്ട്. കന്യാസ്ത്രീകളും, വൃദ്ധസദനങ്ങളിലും എല്ലാം ഉള്ള ആളുകള്‍ ഇത്തരത്തില്‍ ചൂഷണത്തിന് ഇരയായി നിശബ്ദരായി ഇരിക്കാറുണ്ട്. അവര്‍ എന്നും അങ്ങനെ തുടരണമെന്നും, പീഡിപ്പിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്നവര്‍ എപ്പോഴും കുറ്റവിമുക്തരാണെന്ന് തെളിയിക്കുന്ന വിധി കൂടിയാണിത്. ഒരിക്കലും ഈ വിധി അംഗീകരിക്കാനാവില്ല. അപീല്‍ പോകുക തന്നെ ചെയ്യുമെന്നും ഹരിശങ്കര്‍ അറിയിച്ചു.

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി വെറുതെ വിടുകയായിരുന്നു. ബിഷപ് കുറ്റം ചെയ്‌തെന്ന് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് കോടതി വിധി പ്രസ്താവത്തില്‍ പറഞ്ഞു. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി ഗോപകുമാറാണ് വിധി പുറപ്പെടുവിച്ചത്.  

വിധി കേള്‍ക്കാന്‍ കോടതിയില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ സഹോദരന്‍മാരായ ഫിലിപ്പ്, ചാക്കോ എന്നിവര്‍ക്കൊപ്പം കോടതിയില്‍ എത്തിയിരുന്നു. പബ്ലിക് പ്രോസിക്യൂടര്‍ അഡ്വ. ജിതേഷ് ജെ ബാബു, അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന ഡിവൈഎസ്പി കെ സുഭാഷ്, എസ്‌ഐ മോഹന്‍ദാസ് എന്നിവരും കോടതിയില്‍ ഹാജരായിരുന്നു.

Keywords:  News, Kerala, State, Kochi, Case, Molestation, Nun, Judiciary, Judge, Appeal, Police men, Bishop case will Appeal in Higher Court, Says SP Harishankar and Prosecutor
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia