Allegation | പൊതുപ്രവര്‍ത്തകര്‍ക്ക് അധികാരം കൈവരുമ്പോള്‍ ആ അധികാരത്തിന്റെ ധാര്‍ഷ്ട്യത്തില്‍ എന്തും ചെയ്യാം, എന്തും പറയാം എന്ന അവസ്ഥ നല്ലതല്ല; പിപി ദിവ്യയ്‌ക്കെതിരെ ബിനോയ് വിശ്വം

 
Binoy Viswam Criticizes Misuse of Power, Refers to Divya Incident
Binoy Viswam Criticizes Misuse of Power, Refers to Divya Incident

Photo Credit: Facebook / Binoy Viswam

● ഗൂഢാലോചന ആരോപിച്ച് കലക്ടര്‍ അരുണ്‍ കെ വിജയനെതിരേയും അന്വേഷണം വേണമെന്ന ആവശ്യം ശക്തം
● അഴിമതി ആരോപണം ഉന്നയിച്ചത് കലക്ടറുടെ സാന്നിധ്യത്തില്‍
● സഖാക്കള്‍ അധികാരം ഉപയോഗിച്ച് തെറ്റായ രീതിയില്‍ പെരുമാറുന്നത് ഗൗരവതരം
● നവീന്‍ ബാബു സംഭവത്തില്‍ മറുപാഠം പഠിക്കണമെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം: (KVARTHA) പൊതുപ്രവര്‍ത്തകര്‍ക്ക് അധികാരം കൈവരുമ്പോള്‍ ആ അധികാരത്തിന്റെ ധാര്‍ഷ്ട്യത്തില്‍ എന്തും ചെയ്യാം, എന്തും പറയാം എന്ന അവസ്ഥ നല്ലതല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പിപി ദിവ്യയെ പരോക്ഷമായി വിമര്‍ശിച്ചു കൊണ്ടായിരുന്നു ബിനോയ് വിശ്വത്തിന്റെ പരാമര്‍ശം. 

 

പ്രത്യേകിച്ച് ഇടതുപക്ഷക്കാര്‍ അധികാരത്തിന്റെ ഹുങ്കില്‍ ഇതുപോലെ പെരുമാറുന്നത് തെറ്റാണെന്ന പാഠമാണ് നവീന്‍ ബാബു സംഭവം നല്‍കുന്നതെന്നും അതിന്റെ വിലപ്പെട്ട പാഠങ്ങള്‍ എല്ലാവരും പഠിക്കണമെന്നും ബിനോയ് വിശ്വം ഓര്‍മിപ്പിച്ചു. ചെറുപ്പക്കാരിയായ സഖാവ് ആ പാഠം ഉള്‍ക്കൊള്ളുമെന്നാണ് പ്രതീക്ഷയെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 


കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കലക്ടര്‍ അരുണ്‍ കെ വിജയനോട് വിശദമായ റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ് റവന്യൂ മന്ത്രി കെ രാജന്‍. പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചശേഷം വിശദപരിശോധന നടത്തുമെന്നും മന്ത്രി അറിയിച്ചു. വീഴ്ചയുണ്ടോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് മന്ത്രി പറഞ്ഞു. 

 

നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങില്‍ കലക്ടറുടെ സാന്നിധ്യത്തിലാണ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പിപി ദിവ്യ അദ്ദേഹത്തെ പരസ്യമായി അപമാനിക്കുകയും അഴിമതി ആരോപണം ഉന്നയിക്കുകയും ചെയ്തത്. ക്ഷണിക്കാതെ കയറി വന്ന ദിവ്യയെ കലക്ടര്‍ തടഞ്ഞില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

ഇക്കാര്യം ചൂണ്ടിക്കാട്ടി കലക്ടര്‍ക്കെതിരെയും അന്വേഷണം വേണമെന്ന ആവശ്യം പലരും ഉന്നയിച്ചു. യാത്രയയപ്പ് വേണ്ടെന്ന് എഡിഎം പറഞ്ഞിട്ടും കലക്ടര്‍ നിര്‍ബന്ധിച്ച് ചടങ്ങ് ഒരുക്കുകയായിരുന്നുവെന്ന് സിഐടിയു നേതാവ് മലയാലപ്പുഴ മോഹനന്‍ പറഞ്ഞിരുന്നു. ദിവ്യയ്ക്ക് വന്ന് ആക്ഷേപം ഉന്നയിക്കാന്‍ അവസരം ഒരുക്കുന്നതില്‍ വലിയ ഗൂഢാലോചന നടന്നുവെന്നും അതില്‍ കലക്ടര്‍ക്ക് പങ്കുണ്ടെന്നും അന്വേഷിച്ചു നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്തതിന് പിന്നാലെ ദിവ്യയെ അധ്യക്ഷ പദവിയില്‍ നിന്നു സിപിഎം പുറത്താക്കി. കണ്ണൂര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് കെകെ രത്നകുമാരിയെ നിയോഗിച്ചിരുന്നു. പിന്നാലെയാണ് കലക്ടര്‍ക്കെതിരെയും അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുന്നത്. വിഷയത്തില്‍ കലക്ടറുടെ പങ്ക് അന്വേഷിക്കണമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയും ആവശ്യപ്പെട്ടു.

 #BinoyViswam #KeralaPolitics #ADMDeath #DivyaControversy #CPI

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia