മണലും മണ്ണും ഒലിച്ചുപോയി, ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള റെയില്‍വെ പാലങ്ങളുടെ നിലനില്‍പ്പ് ഭീഷണിയില്‍

 


ADVERTISEMENT

ഷൊര്‍ണൂര്‍: (www.kvartha.com 10.02.2018) ഷൊര്‍ണൂരില്‍ ഭാരതപ്പുഴക്ക് കുറുകെയുള്ള റെയില്‍വെ പാലങ്ങളുടെ നിലനില്‍പ്പ് ഭീഷണിയിലായി. ക്രമാതീതമായ തോതില്‍ പാലത്തിനടിയിലെ മണലും മണ്ണും ഒലിച്ചുപോയതോടെയാണ് നിലനില്‍പ്പ് ഭീഷണിയിലായിട്ടുള്ളത്. റെയില്‍ പാലങ്ങളുടെ തൂണുകളുടെ ഏറ്റവും അടിഭാഗത്തെ പില്ലറുകള്‍ മൂന്ന് - നാലടി ഉയരത്തില്‍ തറനിരപ്പില്‍ നിന്നും പുറത്ത് കാണുന്ന സ്ഥിതിയിലാണിപ്പോഴുള്ളത്. 'പൈലിംഗ്' നടത്തി ഏറ്റവും ഉറപ്പുള്ള പ്രതലം വരെ താഴ്ത്തി സ്ഥാപിക്കുന്ന പില്ലറുകള്‍ പുറത്ത് കാണുന്നത് തൂണുകളുടെ ബലത്തെ ഏറെ ഗുരുതരമായി ബാധിക്കുന്നതാണ്.

മണലും മണ്ണും ഒലിച്ചുപോയി, ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള റെയില്‍വെ പാലങ്ങളുടെ നിലനില്‍പ്പ് ഭീഷണിയില്‍

അനിയന്ത്രിതമായ മണലെടുപ്പ് മൂലം പാലങ്ങളുടെ തൂണുകളുടെ അടിയില്‍ നിന്നും മീറ്ററുകളോളം താഴ്ച്ചയില്‍ മണലും മണ്ണും പോയിരുന്നു. അപ്പോഴാണ് തൂണുകളുടെ അടിത്തറ ഭാഗം പുറത്ത് കണ്ട് തുടങ്ങിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ പ്രശ്നം വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഇതേ തുടര്‍ന്ന് തറനിരപ്പില്‍ നിന്നും പുറത്തായ പില്ലറുകള്‍ കാണാത്ത തരത്തില്‍ റെയില്‍വെ അധികൃതര്‍ കരിങ്കല്ലും മറ്റും പാകി തറക്ക് ബലമേകിയിരുന്നു. എന്നാലിപ്പോള്‍ ഇവയും ഒലിച്ചുപോയ നിലയിലാണുള്ളത്. തൂണുകളുടെ പില്ലറുകള്‍ കാണുന്നത് വലിയ പ്രശ്നമല്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

എന്നാല്‍ എത്ര താഴ്ച്ചയില്‍ പില്ലര്‍ സ്ഥാപിച്ചുവെന്നതിന് ഒരു വ്യക്തതയുമില്ല. ദിനംപ്രതി നിരവധി ഭീര്‍ഘദൂര ട്രെയിനുകളാണ് ഈ രണ്ട് പാലങ്ങളിലൂടെയും കടന്നു പോകുന്നത്. ബൈപാസ് ലൈനില്‍ കൂടി കടന്നു പോകുന്ന ട്രെയിനുകള്‍ അതിവേഗതയിലുമാണ് കടന്നു പോകുന്നത്. ഈയിടെ റെയില്‍വെ പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നു. എന്നാല്‍ തൂണുകളുടെ ബലത്തെക്കുറിച്ച് അപ്പോഴും അധികൃതര്‍ ശ്രദ്ധിച്ചില്ല. തൊട്ടടുത്തു തന്നെയുള്ള റോഡ് പാലങ്ങളുടെ തൂണുകളും ഇതേ ഭീഷണിയാണ് നേരിടുന്നത്.

തൂണുകളുടെ അടിയിലെ മണലും മണ്ണും ഒലിച്ചുപോയതിനെ തുടര്‍ന്ന് തൂണിന്റെ അടിത്തറ തകര്‍ന്നാണ് ചരിത്ര പ്രസിദ്ധമായ പഴയ കൊച്ചിപ്പാലം തകര്‍ന്നത് എന്നതും ഇവിടെ പ്രസക്തമാണ്. പാലങ്ങളുടെ കിലോമീറ്റര്‍ ദൂരത്ത് നിന്ന് മാത്രമാണ് മണലെടുക്കാന്‍ പാടുള്ളൂവെന്ന നിബന്ധനയുണ്ടെങ്കിലും ഈ പാലങ്ങളുടെ തൊട്ടടുത്ത് നിന്നാണ് അധികൃതമായി തന്നെ മണല്‍ കയറ്റിപ്പോയിരുന്നത്. അനധികൃത മണല്‍ കടത്തുകൂടിയായപ്പോള്‍ സ്ഥിതി കൂടുതല്‍ രൂക്ഷമാവുകയും ചെയ്തു.

Keywords:  Kerala, palakkad, Railway, Accident, Threat, Bharathapuzha railway bridges are not safe

< !- START disable copy paste -->
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia