തദ്ദേശ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പില്‍ മികച്ച പോളിങ്; പോളിങ് 35 ശതമാനം പിന്നിട്ടു, മിക്ക ബൂത്തുകളിലും രാവിലെ മുതല്‍ അനുഭവപ്പെടുന്നത് വലിയ തിരക്ക്

 


തിരുവനന്തപുരം: (www.kvartha.com 14.12.2020) തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്. വോട്ടെടുപ്പ് തുടങ്ങി നാലര മണിക്കൂര്‍ പിന്നിടുമ്പോള്‍ പോളിങ് 35 ശതമാനം പിന്നിട്ടു. ആദ്യ രണ്ട് ഘട്ടങ്ങളെക്കാള്‍ ഉയര്‍ന്ന പോളിങ്ങാണ് ഇതുവരെ രേഖപ്പെടുത്തിയത്. 354 തദ്ദേശ സ്ഥാപനങ്ങളിലെ 6867 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ്. 42.87 ലക്ഷം പുരുഷന്‍മാരും 46.87 ലക്ഷം സ്ത്രീകളും 86 ട്രാന്‍സ്‌ജെന്‍ഡേഴ്‌സും അടക്കം 89.74 ലക്ഷം വോട്ടര്‍മാരാണ് മൂന്നാംഘട്ടത്തിലുള്ളത്. രാവിലെ ഏഴുമണി മുതല്‍ വൈകിട്ട് ആറുമണി വരെയാണു വോട്ടെടുപ്പ്. 

വോട്ടെടുപ്പ് നടക്കുന്ന കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം എന്നീ നാല് ജില്ലകളിലെ മിക്ക ബൂത്തുകളിലും രാവിലെ മുതല്‍ തന്നെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ചില ബുത്തുകളില്‍ വോട്ടെണ്ണല്‍ മെഷീനിലെ പ്രശ്നങ്ങള്‍ കാരണം പോളിങ് അല്‍പം വൈകി. തദ്ദേശ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പില്‍ മികച്ച പോളിങ്; പോളിങ് 35 ശതമാനം പിന്നിട്ടു, മിക്ക ബൂത്തുകളിലും രാവിലെ മുതല്‍ അനുഭവപ്പെടുന്നത് വലിയ തിരക്ക്
കണ്ണൂര്‍ ആന്തൂര്‍ നഗരസഭയിലാണ് റെക്കോര്‍ഡ് പോളിങ്. നാലര മണിക്കൂര്‍ പിന്നിടുമ്പോള്‍ തന്നെ ആന്തൂരിലെ പോളിങ് 50 ശതമാനത്തിലേക്ക് അടുത്തു. കണ്ണൂരിലും കാസര്‍കോടും ചില ബൂത്തുകളില്‍ കള്ളവോട്ട് നടന്നതായുള്ള പരാതിയും ഉയര്‍ന്നിട്ടുണ്ട്. കോഴിക്കോട് ബേപ്പൂരില്‍ വേട്ട് ചെയ്ത് മടങ്ങിയ വയോധിക ഹൃദയാഘാതം മൂലം മരിച്ചു.

മലപ്പുറം താനൂരിലും പെരുമ്പടപ്പ് കോടത്തൂരിലും എല്‍ഡിഎഫ് യുഡിഎഫ് പ്രവര്‍ത്തര്‍ ഏറ്റുമുട്ടി. മുന്‍ കൗണ്‍സിലര്‍ ലാമിഹ് റഹ്മാനും യുഡിഎഫ് സ്ഥാനാര്‍ഥി സുഹറ അഹമ്മദിനും സംഘര്‍ഷത്തില്‍ പരിക്കേറ്റു. പ്രവര്‍ത്തകരെ പിന്‍തിരിപ്പിക്കാന്‍ പൊലീസ് ലാത്തിവീശി.

അതിനിടെ എല്‍ഡിഎഫ് ഐതിഹാസിക വിജയം നേടുമെന്ന് കണ്ണൂരില്‍ വോട്ട് ചെയ്തശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇടതു ദുര്‍ഭരണത്തിനെതിരേയുള്ള ജനം വിധിയെഴുതുമെന്നും യുഡിഎഫ് റെക്കോര്‍ഡ് വിജയം സ്വന്തമാക്കുമെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളി രാമചന്ദ്രന്‍ വ്യക്തമാക്കി.

കനത്ത സുരക്ഷാ ക്രമീകരണങ്ങളിലാണ് മൂന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നത്. പ്രശ്നബാധിത ബൂത്തുകള്‍ ഏറ്റവും കൂടുതലുള്ളതും ഈ ഘട്ടത്തിലാണ്. സ്ഥാനാര്‍ഥികളുടെ മരണത്തെ തുടര്‍ന്ന് കോഴിക്കോട് മാവൂര്‍ ഗ്രാമപ്പഞ്ചായത്തിലെ താത്തൂര്‍പൊയ്യില്‍, കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് മാറ്റിയിരുന്നു.

ഞായറാഴ്ച വൈകിട്ട് മൂന്നുമണി മുതല്‍ തിങ്കളാഴ്ച വോട്ടെടുപ്പ് അവസാനിക്കും വരെ സര്‍ട്ടിഫൈഡ് ലിസ്റ്റില്‍ ഉള്‍പ്പെടുന്ന കോവിഡ് ബാധിതര്‍ക്കും ക്വാറന്റൈനിലാകുന്നവര്‍ക്കും ആരോഗ്യ വകുപ്പിലെ ചുമതലപ്പെട്ട ഹെല്‍ത്ത് ഓഫിസര്‍ നല്‍കുന്ന സാക്ഷ്യപത്രം ഹാജരാക്കി പിപിഇ കിറ്റ് ധരിച്ച് ആറുമണിക്കകം നേരിട്ടെത്തി വോട്ടു ചെയ്യാം. ക്യൂവിലുള്ള മറ്റെല്ലാവരും വോട്ട് ചെയ്തശേഷമായിരിക്കും ഇവര്‍ക്ക് അവസരം. പോളിങ് സ്റ്റേഷനുകളിലേക്കുള്ള വോട്ടിങ് യന്ത്രങ്ങളുടെയും സാമഗ്രികളുടെയും വിതരണം ഞായറാഴ്ച തന്നെ പൂര്‍ത്തിയായി. 16 നാണു വോട്ടെണ്ണല്‍.

Keywords:  Better turnout in the final round of local elections; With polling past 35 per cent, most booths have been experiencing heavy traffic since morning, Thiruvananthapuram, News, Election, Trending, Voters, Politics, UDF, LDF, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia