ബാര്‍ കോഴക്കേസിന് നിയമപരമായ നിലനില്പ്പില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

 



തിരുവനന്തപുരം: (www.kvartha.com 21.11.2020) നിയമപരമായി നിലനില്ക്കില്ലെന്ന് അറിഞ്ഞുകൊണ്ടാണ് ബാര്‍ കോഴക്കേസ് വീണ്ടും സര്‍ക്കാര്‍ കുത്തിപ്പൊക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അഞ്ചുവര്‍ഷം സര്‍ക്കാരിന്റെ മുന്നിലുണ്ടായിരുന്ന വിഷയമാണിത്. നിയമപരമായ നിലനില്‍പ്പിന്റെ നേരിയ സാധ്യത ഉണ്ടായിരുന്നെങ്കില്‍ നേരത്തെ കേസ് എടുക്കുമായിരുന്നു. സ്വര്‍ണക്കടത്തുകേസിലും സര്‍ക്കാര്‍ പദ്ധതികളിലെ അഴിമതിയുടെ പേരിലും ഇടതുമന്ത്രിമാര്‍ ഒന്നിനു പിറകെ ഒന്നായി പ്രതിക്കൂട്ടിലേക്കു കയറുന്ന സാഹചര്യത്തില്‍ രാഷ്ട്രീയപ്രതിരോധം തീര്‍ക്കാനാണിതെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

ബാര്‍ കോഴക്കേസ് നിലവില്‍ ഹൈക്കോടതിയുടെയും തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെയും പരിഗണനയിലാണ്. പുതിയ അന്വേഷണം നടത്തണമെങ്കില്‍ പുതിയ വെളിപ്പെടുത്തലോ, തെളിവുകളോ ഉണ്ടെങ്കില്‍ കോടതിയുടെ അനുമതിയോടെ ആകാം. എന്നാല്‍, പഴയ ആരോപണങ്ങള്‍ വീണ്ടും ഉന്നയിക്കുക മാത്രമാണ് ഇപ്പോള്‍ പരാതിക്കാരന്‍ ചെയ്തത്. കേസിന്റെ നാള്‍വഴി പരിശോധിച്ചാല്‍ ഗവര്‍ണര്‍ക്ക് അനുമതി നല്കാനാവില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ബാര്‍ കോഴക്കേസിന് നിയമപരമായ നിലനില്പ്പില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി


യുഡിഎഫ് സര്‍ക്കാരിന്റെയും എല്‍ഡിഎഫ് സര്‍ക്കാരിന്റെയും കാലത്ത്  സത്യസന്ധരായ വിജിലന്‍സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അന്വേഷിച്ചാണ് കേസ് നിലനില്ക്കില്ലെന്നു കണ്ടെത്തിയത്. ഭരണം മാറിയശേഷം നടത്തിയ അന്വേഷണത്തിലും പുതുതായൊന്നും കണ്ടെത്തിയില്ല. രണ്ടു റിപ്പോര്‍ട്ടുകളും  വിജിലന്‍സ് കോടതിയുടെ മുമ്പിലുണ്ട്. ബാര്‍ കോഴക്കേസ്  അന്വേഷിച്ച് വിചാരണ കോടതിക്ക് റിപ്പോര്‍ട്ട് നല്കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. അന്വേഷണം സംബന്ധിച്ച് ആക്ഷേപം ഉണ്ടെങ്കില്‍ പരാതിക്കാരന്‍ വിചാരണക്കോടതിയെ സമീപിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. നേരത്തെ ലോകായുക്തയും ബാര്‍ കോഴക്കേസ് തള്ളിയിരുന്നു.

സര്‍ക്കാരിന്റെ കാലാവധി കഴിയുമ്പോള്‍  കേസെടുത്ത് അടുത്ത സര്‍ക്കാരിന്റെ തലയില്‍ വയ്ക്കാനാണ് നീക്കം. നിയമവിരുദ്ധമായതിനാല്‍ അടുത്ത സര്‍ക്കാരിന് ഒന്നും ചെയ്യാനാകാതെ വരും. അപ്പോള്‍ അഴിമതിക്കാരെ സംരക്ഷിക്കുന്നുവെന്ന് പ്രചാരണം നടത്തുകയാണ് ലക്ഷ്യമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Keywords:  News, Kerala, State, Thiruvananthapuram, Bribe Scam, Ex minister, Oommen Chandy, Bar bribery case has no legal basis says Former Chief Minister Oommen Chandy
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia