Balancing Sugar | പ്രമേഹം നിയന്ത്രിക്കാം ഭക്ഷണത്തിലൂടെ; ചില ആയൂര്‍വേദ ഒറ്റമൂലികള്‍ ഇതാ!

 

കൊച്ചി: (KVARTHA) തെറ്റായ ജീവിത രീതികള്‍ കാരണം പല അസുഖങ്ങളാണ് ഇന്ന് പ്രായ ഭേദമെന്യേ ആളുകളില്‍ പിടിപെടുന്നത്. അതില്‍ പ്രധാനമാണ് പ്രമേഹം. പ്രമേഹം പോലുള്ള രോഗങ്ങള്‍ 40-50 വയസ്സിനു ശേഷം മാത്രമാണ് കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പുവരെ കാണപ്പെട്ടിരുന്നത്. എന്നാല്‍ ഇന്ന് കൊച്ചുകുട്ടികള്‍ക്ക് വരെ പ്രമേഹം പിടിപെടുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ഇന്ന് ലോകമെമ്പാടുമുള്ള ഏകദേശം 350 ദശലക്ഷം ആളുകളില്‍ പ്രമേഹം പിടികൂടി കഴിഞ്ഞു എന്നാണ്.

ഒരിക്കല്‍ പിടിപെട്ടാല്‍ അതിനെ പൂര്‍ണമായും ഭേദമാക്കാനാവില്ലെന്നതാണ് പ്രമേഹത്തിന്റെ പ്രത്യേകത. ഇതിന് ചികിത്സയില്ല, എന്നാല്‍ നിയന്ത്രിക്കാന്‍ കഴിയും, ആഹാര ക്രമങ്ങളില്‍ ചില നിയന്ത്രണങ്ങള്‍ പാലിച്ചാല്‍. പ്രമേഹം ഗുരുതരമായാല്‍ ചിലപ്പോള്‍ മരണവും സംഭവിക്കും. രക്തത്തിലെ പഞ്ചസാരയുടെ വര്‍ധനവ് പ്രമേഹ രോഗികളില്‍ പല ലക്ഷണങ്ങളും പ്രകടമാക്കുന്നു.

Balancing Sugar | പ്രമേഹം നിയന്ത്രിക്കാം ഭക്ഷണത്തിലൂടെ; ചില ആയൂര്‍വേദ ഒറ്റമൂലികള്‍ ഇതാ!
 
സമയബന്ധിതമായി തിരിച്ചറിയുകയും രോഗനിര്‍ണയം നടത്തുകയും ചെയ്താല്‍ പ്രമേഹം നല്ല രീതിയില്‍ നിയന്ത്രിക്കാനാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. പ്രമേഹം നിയന്ത്രിക്കാനായി ആരോഗ്യകരമായ ജീവിതശൈലി, വ്യായാമം, ആരോഗ്യകരമായ ഭക്ഷണക്രമം, മരുന്നുകള്‍, ചില വീട്ടുവൈദ്യങ്ങള്‍ എന്നിവ പരീക്ഷിക്കാം.

പ്രമേഹരോഗ ലക്ഷണങ്ങള്‍

പല്ല്, കണ്ണ്, ചെവി എന്നിവിടങ്ങളില്‍ അഴുക്ക് അടിയുക. കൈകാലുകളില്‍ ചൂട് അനുഭവപ്പെടുക. കഫവും ദുര്‍മേദസും ഉണ്ടാവുക. വായില്‍ മധുരരസം അനുഭവപ്പെടുക. ദാഹം വര്‍ധിക്കുക, തലമുടിയുടെ സ്വാഭാവികത നഷ്ടപ്പെടുക, സാധാരണയില്‍ അധികമായി നഖം വളരുക എന്നിവയെല്ലാം വരാന്‍ പോകുന്ന പ്രമേഹരോഗത്തിന്റെ ലക്ഷണങ്ങളാണ്. സമയത്തിന് ചികിത്സിക്കാതെ വന്നാല്‍ എല്ലാവിധ പ്രമേഹവും മധുമേഹം ആയിത്തീരുമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

തേനിന്റെ നിറത്തോടും കൊഴുപ്പോടും കൂടിയ മൂത്രം കൂടുതലായി പോകുന്നതിനാലാണ് ഈ അവസ്ഥയെ മധുമേഹം എന്ന് വിളിക്കുന്നത്. ആയുര്‍വേദ വിധി പ്രകാരം പ്രമേഹത്തെ നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുമുള്ള വഴികളെ കുറച്ചറിയാം.

ആയുര്‍വേദ നുറുങ്ങുകള്‍

* ഒരു പ്രമേഹ രോഗിയാണെങ്കില്‍, ഒരു ആയുര്‍വേദ വിദഗ്ധനെ കണ്ട് വേണ്ട നിര്‍ദേശങ്ങള്‍ ചോദിച്ചുമനസിലാക്കണം. പ്രമേഹരോഗികള്‍ വേണ്ട പഥ്യങ്ങളും ചികിത്സകളും പാലിക്കാതിരുന്നാല്‍ അത് മറ്റ് പല മാരക രോഗങ്ങളെയും ക്ഷണിച്ചുവരുത്തും.

*രാത്രിയില്‍ ഒരു കപ്പ് വെള്ളം ഒരു ചെമ്പ് പാത്രത്തില്‍ വയ്ക്കുക, രാവിലെ വെള്ളം കുടിക്കുക.

*10 തുളസി ഇല, 10 വേപ്പ് ഇല, 10 കൂവളത്തില എന്നിവ വേര്‍തിരിച്ചെടുത്ത ഒരു ഗ്ലാസ് വെള്ളം ഒഴിഞ്ഞ വയറ്റില്‍ കുടിക്കുക.

* പ്രമേഹരോഗികള്‍ തീര്‍ച്ചയായും ഉപയോഗിക്കേണ്ട ഒന്നാണ് ഉലുവ. വീടുകളില്‍ ഉലുവ എപ്പോഴും സ്റ്റോക്ക് ഉണ്ടായിരിക്കണം. എല്ലാ ദിവസവും രാവിലെ ഉലുവ ഇട്ട് കുതിര്‍ത്ത വെള്ളം കുടിക്കുക.

*ആയുര്‍വേദത്തില്‍ പറയുന്ന പ്രമേഹ മരുന്നുകളില്‍ പ്രധാനമാണ് ഞാവല്‍. എല്ലാ ദിവസവും രാവിലെ ഒരു ഗ്ലാസ് വെള്ളവും ഒരു ടീസ്പൂണ്‍ ഞാവല്‍ പഴത്തിന്റെ പൊടിയും വെറും വയറ്റില്‍ കഴിക്കുക.

* കൂവളം ഇലയുടെ നീര് 14 - 28 മില്ലി വരെ എടുത്ത് തേന്‍ ചേര്‍ത്ത് ദിവസം മൂന്നു പ്രാവശ്യം കഴിക്കുക. പ്രമേഹത്തിനു ഗുണം ചെയ്യും.

*കഫം കുറയ്ക്കുന്നതിന്, കഫം ശമിപ്പിക്കുന്ന ഭക്ഷണക്രമം പാലിക്കണം. പ്രത്യേകിച്ചും മധുര പലഹാരങ്ങള്‍, കാര്‍ബോഹൈഡ്രേറ്റ്, പാല്‍ ഉല്‍പന്നങ്ങള്‍ എന്നിവ ഒഴിവാക്കുക. കൂടുതലായി പച്ചക്കറികളും കയ്പുള്ള സസ്യങ്ങളും കഴിക്കുക.

* രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുള്ള മറ്റൊരു മാര്‍ഗം മഞ്ഞള്‍ ഉപയോഗിക്കുക എന്നതാണ്. ദൈനംദിന ഭക്ഷണത്തില്‍ മഞ്ഞള്‍ ചേര്‍ക്കുക.

* ശരീരത്തിലെ അധിക കഫം കുറയ്ക്കുന്നതിന് ഗുണം ചെയ്യുന്ന, ദഹനത്തെ ഉത്തേജിപ്പിക്കാന്‍ ഇഞ്ചി ചായ സഹായിക്കുന്നു.

*പഥ്യവും ചികിത്സകളും

മദ്യം, പാല്‍, എണ്ണ, നെയ്യ്, ശര്‍ക്കര, പഞ്ചസാര, തൈര്, അരി പലഹാരങ്ങള്‍, പഴങ്കഞ്ഞി, കൊഴുപ്പ് അധികമടങ്ങിയ മാംസങ്ങള്‍ എന്നിവ പ്രമേഹ രോഗികള്‍ കഴിക്കരുത്. ചെന്നല്ല്, നവര, യവം, ഗോതമ്പ്, വരക്, മുളയരി, മുതലായവയുടെ അരികൊണ്ട് ഉള്ള ആഹാരം, ചണമ്പയര്‍, തുവര, മുതിര, ചെറുപയര്‍, എന്നിവ കൊണ്ട് ഉണ്ടാക്കിയ ആഹാരങ്ങളും കറികളും കയ്പുരസമുള്ളതും ചവര്‍പ്പുരസമുള്ളതുമായ ഇലവര്‍ഗങ്ങള്‍ ഓടല്‍, കടുക്, അതസി എന്നിവയുടെ എണ്ണയില്‍ വറുത്ത് ഉപയോഗിക്കാം.

ഞാവല്‍, തേന്‍, ത്രിഫല എന്നിവയും പ്രമേഹ രോഗികള്‍ക്ക് ഉത്തമമാണ്. പ്രമേഹരോഗമുള്ളവര്‍ വേങ്ങ, കരിങ്ങാലി മുതലായവയുടെ കാതലിട്ട് തിളപ്പിച്ച വെള്ളം, ദര്‍ഭയുടെ വേരിട്ടു തിളപ്പിച്ച വെള്ളം, തേന്‍ചേര്‍ത്ത വെള്ളം എന്നിവ കുടിക്കുക. ഭക്ഷണകാര്യത്തിലും പ്രമേഹ രോഗികള്‍ അല്‍പം ശ്രദ്ധ ചെലുത്തുന്നത് നല്ലതാണ്.

Keywords: Balancing Blood Sugar: Ayurvedic Treatment and Management for Diabetes, Kochi, News, Balancing Blood Sugar, Ayurvedic Treatment, Diabetes, Health Tips, Health, Food Control, Kerala News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia