വി.എസിന്റെ പ്രസ് സെക്രട്ടറി കെ. ബാലകൃഷ്ണന്‍ ദേശാഭിമാനിയോട് വിട പറയും

 


വി.എസിന്റെ പ്രസ് സെക്രട്ടറി കെ. ബാലകൃഷ്ണന്‍ ദേശാഭിമാനിയോട് വിട പറയും
 തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ പ്രസ് സെക്രട്ടറി കെ. ബാലകൃഷ്ണന്‍ പാര്‍ട്ടിതല നടപടിക്ക് വിധേയനായാല്‍ മാതൃസ്ഥാപനമായ ദേശാഭിമാനിയില്‍ നിന്ന് പുറത്തുപോകുമെന്ന് ഏതാണ്ട് ഉറപ്പായി. മലയാളത്തിലെ ഒരു പ്രമുഖ സാംസ്കാരിക പ്രസിദ്ധീകരണത്തിലേക്ക് പോകാനാണ് ബാലകൃഷ്ണന്റെ ശ്രമം. ദേശാഭിമാനി വാരികയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം ബാലകൃഷ്ണന്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദന്റെ പ്രസ് സെക്രട്ടറിയായി ചുമതല ഏല്‍ക്കുന്നത്.

ഭരണമാറ്റത്തിന് ശേഷം വി.എസ് പ്രതിപക്ഷ നേതാവായപ്പോഴും ബാലകൃഷ്ണന്‍ അതേ തസ്തികയില്‍ തുടരുകയാണ്. അതിനിടയിലാണ് ബാലകൃഷ്ണന്‍ ഉള്‍പ്പെടെ വി.എസിലെ പേഴ്‌സണല്‍ സ്റ്റാഫിലെ മൂന്നുപേരെ പുറത്താക്കാന്‍ സി.പി.എം ആവശ്യപ്പെട്ടത്. വി.എസിന്റെ ചിറകരിയുകയാണ് ലക്ഷ്യമെങ്കിലും സംഘടനാ വാര്‍ത്തകള്‍ ചോര്‍ത്തി എന്ന കുറ്റം ചുമത്തിയാണ് മൂവരെയും നീക്കുന്നത്.

പുറത്താക്കല്‍ നടപടി പ്രതീക്ഷിച്ച് കഴിയുകയാണ് ബാലകൃഷ്ണനെന്ന് അദ്ദേഹവുമായി അടുത്ത ബന്ധമുള്ള കേന്ദ്രങ്ങള്‍ പറയുന്നു. പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് നീക്കുന്നതിനോടൊപ്പം ദേശാഭിമാനിയില്‍ വീണ്ടും തിരിച്ചെത്താനാകുമെന്നും ബാലകൃഷ്ണന് പ്രതീക്ഷയില്ല. സാങ്കേതികമായി ബാലകൃഷ്ണന്‍ ഇപ്പോള്‍ ദേശാഭിമാനിയിലെ ജീവനക്കാരനുമല്ല. സി.പി.എം ഭരണത്തിലേറുമ്പോള്‍ പാര്‍ട്ടി മുഖപത്രത്തില്‍ നിന്ന് മന്ത്രിമാരുടെ സ്റ്റാഫില്‍ ചേരുന്നവര്‍ ഭരണം പോയാല്‍ ദേശാഭിമാനിയില്‍ തന്നെ തിരിച്ചെത്തുകയാണ് പതിവ്. എന്നാല്‍ വി.എസിന് വേണ്ടി ബലിയാടാകുന്ന ബാലകൃഷ്ണന് പഴയ ലാവണത്തിലേക്ക് പോകാനും താല്‍പര്യമില്ല. പത്രപ്രവര്‍ത്തനരംഗത്തിലെ പുതിയ മേഖലയിലേക്ക് പോകാനാണ് അദ്ദേഹം മാനസികമായി തയ്യാറായി കഴിഞ്ഞത്.

Keywords:  Thiruvananthapuram, Deshabhimani, CPM, Kerala


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia