Wayanad | 24 ടൺ ശേഷി, 190 അടി നീളം; രക്ഷാപ്രവർത്തനത്തിന് വേഗം കൂട്ടി സൈന്യം നിർമിച്ച ബെയ്‌ലി പാലം 

 

 
bailey bridge in wayanad an essential lifeline built by the
bailey bridge in wayanad an essential lifeline built by the

Photo: Arranged

വലിയ ചരിവുള്ള ദുർഘടമായ പ്രദേശങ്ങളില്‍ അടിയന്തരമായി പണിയുന്ന താത്കാലിക പാലമാണ് ബെയ്‌ലി പാലം

കൽപറ്റ: (KVARTHA) വയനാട് ചൂരൽമലയിൽ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് തകർന്ന പാലത്തിന് പകരമായി സൈന്യം നിർമ്മിച്ച ബെയ്‌ലി പാലം പ്രവർത്തന സജ്ജമായി. മുണ്ടക്കൈയെയും ചൂരൽമലയെയും ബന്ധിപ്പിക്കുന്ന ഈ പാലം രക്ഷാപ്രവർത്തനത്തിന് വേഗം കൂട്ടുമെന്ന് പ്രതീക്ഷിക്കുന്നു. മേജർ സീത ഷെൽക്കയുടെ നേതൃത്വത്തിലുള്ള സൈന്യം 24 മണിക്കൂർ കൊണ്ടാണ് ഈ ചരിത്ര ദൗത്യം പൂർത്തിയാക്കിയത്. മദ്രാസ് റെജിമെന്റിലെ എൻജിനീയറിംഗ് സംഘമാണ് പാലത്തിന്റെ നിർമ്മാണം നിർവഹിച്ചത്.

ബെയ്‌ലി പാലം എന്താണ്?

വലിയ ചരിവുള്ള ദുർഘടമായ പ്രദേശങ്ങളില്‍ അടിയന്തരമായി പണിയുന്ന താത്കാലിക പാലമാണ് ബെയ്‌ലി പാലം. ദുരന്തനിവാരണത്തിനും സൈനികാവശ്യങ്ങള്‍ക്കുമാണ് ഇത്തരം പാലം നിർമ്മിക്കുന്നത്. മുമ്പുതന്നെ നിർമ്മിച്ചുവച്ച ഭാഗങ്ങള്‍ പെട്ടെന്നുതന്നെ ഇതു നിർമ്മിക്കേണ്ട സ്ഥലത്തെത്തിച്ച് കൂട്ടിച്ചേർത്താണിതു നിർമ്മിക്കുന്നത്.

മുണ്ടക്കൈയിലെ രക്ഷാപ്രവർത്തനത്തിന് പുത്തൻ ഉണർവ്

മുണ്ടക്കൈയിലേക്കുള്ള പ്രവേശന മാർ​ഗമായ ഏക പാലം ഉരുൾപൊട്ടലിൽ തകർന്നിരുന്നു. സൈന്യം നിർമ്മിച്ച താത്കാലിക പാലത്തിലൂടെയും വടം കെട്ടിയുമായിരുന്നു ഇതുവരെ ദുരന്തഭൂമിയിലേക്ക് രക്ഷാപ്രവർത്തകർ എത്തിയതും കുടുങ്ങിക്കിടന്നവരെ പുറത്തേക്കെത്തിച്ചതും. പുതിയ ബെയ്‌ലി പാലത്തിന്റെ നിർമ്മാണത്തോടെ മണ്ണും ചെളിയും മാറ്റിയുള്ള രക്ഷാപ്രവർത്തനത്തിന് വേഗം കൂടും. ഹിറ്റാച്ചിയടക്കമുള്ള യന്ത്രസംവിധാനങ്ങൾ പുഴയിലൂടെ ഇറക്കിയാണ് എത്തിച്ചത്. 

പാലത്തിന്റെ സവിശേഷതകൾ

* 24 ടൺ ശേഷി
* 190 അടി നീളം
* ജെസിബിയും ഹിറ്റാച്ചിയും ആംബുലൻസുമെല്ലാം പോകാൻ ശേഷിയുള്ള കരുത്തുള്ള പാലം
* പുഴയിൽ പ്ലാറ്റ്ഫോം നിർമിച്ചാണ് പാലത്തിന്റെ തൂൺ സ്ഥാപിച്ചിരിക്കുന്നത്
* പ്രധാന പാലത്തിന് സമാന്തരമായി മറ്റൊരു ചെറിയ പാലം കൂടി നിർമ്മിക്കാനുള്ള ഒരുക്കങ്ങളും പുരോഗമിക്കുകയാണ്. ഇത് രക്ഷാപ്രവർത്തകർക്ക് നടന്നു പോകാൻ സഹായിക്കും.

കേരളത്തിലെ ബെയ്‌ലി പാലങ്ങളുടെ ചരിത്രം

ഇന്ത്യയിൽ ആദ്യമായി ബെയ്‌ലിപാലം നിർമ്മിച്ചത് സിവിലിയൻ ആവശ്യങ്ങൾക്കായിട്ടായിരുന്നു. കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ റാന്നിയിലാണ് പമ്പാ നദിക്കു കുറുകെ ബെയ്‌ലി പാലം നിർമ്മിച്ചത്. 1996 നവംബർ എട്ടിനായിരുന്നു റാന്നിയിൽ സൈന്യം ബെയ്‌ലി പാലം നിർമ്മിച്ചത്. അടുത്ത രണ്ടു മാസത്തേയ്ക്ക് ഈ പാലത്തിലൂടെയായിരുന്നു ഭാരം കുറഞ്ഞ വാഹനങ്ങൾ നദി കുറുകെകടന്നത്.

സൈനികാവശ്യത്തിനായി ആദ്യമായി ബെയ്‌ലി പാലം നിർമ്മിച്ചത് കശ്മീരിലാണ്. ലഡാക്കിലെ ദ്രാസ് നദിക്കും സുറു നദിക്കുമിടയിൽ ആണിത് നിർമ്മിച്ചത്. അതിന് 30 മീറ്റർ (98 അടി) നീളമുണ്ടായിരുന്നു. സമുദ്രനിരപ്പില്‍നിന്നും 5,602 മീറ്റർ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. ഇന്ത്യൻ ആർമിയായിരുന്നു ഇത് സ്ഥാപിച്ചത്. വയനാട് ദുരന്തത്തിൽ സൈന്യം നിർമ്മിച്ച ബെയ്‌ലി പാലം രക്ഷാപ്രവർത്തനത്തിന് വലിയ പ്രതീക്ഷ നൽകുന്നു. ഈ ദുരന്തത്തിൽ നിന്ന് നാട് ഉടൻതന്നെ കരകയറുമെന്ന പ്രതീക്ഷയിലാണ് ഏവരും.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia