Bail plea rejected | പെരിയ ഇരട്ടക്കൊല : 16 പ്രതികള്‍ക്കും കസ്റ്റഡി വിചാരണ തന്നെ; 3 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

 


കൊച്ചി: (www.kvartha.com) പെരിയ കല്ലോട്ട് പ്രമാദമായ കൃപേഷ് -ശരത് ലാല്‍ ഇരട്ടക്കൊലക്കേസില്‍ ജയിലിലുള്ള 16 പ്രതികള്‍ക്കും കസ്റ്റഡി വിചാരണ ഉറപ്പായി. കഴിഞ്ഞ മൂന്നര വര്‍ഷത്തിലേറെക്കാലമായി ജയിലില്‍ കഴിയുന്ന പ്രധാന പ്രതികളില്‍ ഒരാളായ പ്രദീപ് കുട്ടന്റെയും ഏഴ് മാസം മുമ്പ് സിബിഐ അറസ്റ്റ് ചെയ്ത റെജി വര്‍ഗീസിന്റെയും വിഷ്ണു സുരയുടെയും ജാമ്യാപേക്ഷ എറണാകുളം സിബിഐ കോടതി തള്ളി.

Bail plea rejected | പെരിയ ഇരട്ടക്കൊല : 16 പ്രതികള്‍ക്കും കസ്റ്റഡി വിചാരണ തന്നെ; 3 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

പ്രതികള്‍ ജാമ്യത്തിലിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന സിബി ഐ അഭിഭാഷകന്റെ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി. ഈ കേസിലെ 290 സാക്ഷികളും പെരിയകാട്ട് ഏച്ചിലടുക്കം നാലു കിലോമീറ്ററിന് അകത്തുള്ളവരാണെന്നും സര്‍കാര്‍ സംവിധാനത്തോടെ ഇവരെ സ്വാധിനിക്കാന്‍ പ്രതികള്‍ ശ്രമിക്കുമെന്നും സിബിഐ അഭിഭാഷകന്‍ കോടതിയെ ബോധ്യപ്പെടുത്തി. മാത്രമല്ല പ്രതികളെ കസ്റ്റഡിയില്‍ വെച്ചുതന്നെ വിചാരണ ചെയ്യണമെന്ന ഹൈകോടതി സിംഗിള്‍ ബെഞ്ച് ഉ ത്തരവും സിബിഐ കോടതി പരിഗണിച്ചു.

2019 ഫെബ്രുവരി 17നാണ് കേരളത്തെ നടുക്കിയ അരുംകൊല നടന്നത്. പ്രദീപ് കുട്ടനും ഒന്നാം പ്രതി പീതാംബരനും ഉള്‍പെടെ 11 പ്രതികള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മൂന്നര വര്‍ഷക്കാലമായി റിമാന്‍ഡ് തടവിലാണ്. ഇതിനിടെ അന്വേഷണം ഏറ്റെടുത്ത സിബിഐ അറസ്റ്റു ചെയ്ത വിഷ്ണു സുരയും റെജി വര്‍ഗീസും ഉള്‍പെടെ അഞ്ചുപേര്‍ എറണാകുളം കാക്കനാട് സബ് ജയിലിലുമാണ്.

മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ ഉള്‍പെടെ സിപിഎമിന്റെ ജില്ലയിലെ പ്രമുഖ നേതാക്കളും ഈ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുണ്ട്. പ്രദീപ് കുട്ടന്‍ നേരത്തെ കേരള ഹൈകോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചുവെങ്കിലും ഹരജി ഇവിടെ നിന്ന് പിന്‍വലിച്ചാണ് സിബിഐ കോടതിയില്‍ എത്തിയത്.

കേരളത്തിലെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകരില്‍ പ്രധാനിയായ അഡ്വ. ബി രാമന്‍ പിള്ളയാണ് പ്രദീപിന് വേണ്ടി ജാമ്യാപേക്ഷ ഫയല്‍ ചെയ്തത്. മുന്‍ എംഎല്‍എ ഉള്‍പെടെയുള്ള സിപിഎം നേതാക്കള്‍ക്ക് വേ ണ്ടിയും സിബിഐ കോടതിയില്‍ ഹാജരാകുന്നതും രാമന്‍ പിള്ളയാണ്. കൊലപാതകത്തിന് മൂന്ന് ദിവസം മുമ്പ് ഏച്ചിലടുക്കത്ത് പാര്‍ടി ഓഫിസില്‍ നടന്ന ഗൂഢാലോചനയില്‍ പങ്കെടുത്തതടക്കം കൃത്യത്തില്‍ പ്രദീപ് കുട്ടന്‍ നേരില്‍ പങ്കാളിയായതിന്റെ സാക്ഷി വിവരങ്ങള്‍ സിബിഐ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു.
കൊലപാതകം നടന്ന ദിവസം ഉച്ചക്ക് 2.55 വരെ മറ്റു പ്രതികളോടൊപ്പം പ്രദീപ് കുട്ടന്‍ കൊല ആസൂത്രണം ചെയ്തതിന്റെ ശാസ്ത്രീയ തെളിവുകള്‍ ഉണ്ടെന്നും അഭിഭാഷകന്‍ വാദിച്ചു.

സിബിഐ അറസ്റ്റ് ചെയ്ത റെജി വര്‍ഗീസ് കൊലപാതകത്തിന് തൊട്ട് മുമ്പ് ഏച്ചിലടുക്കം പാര്‍ടി ഓഫിസിന് സമീപത്തെ പീതാംബരന്റെ കെട്ടിട മുറിയില്‍ നിന്ന് അഞ്ച് ഇരുമ്പ് ദണ്ഡുകള്‍ കൈമാറിയതായും പ്രതി വിഷ്ണു സുര കൊലപാതകത്തിന് നാല് മിനിറ്റ് മുമ്പ് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും യാത്രാവിവരങ്ങള്‍ പിതാംബരനെ ഫോണില്‍ അറിയിച്ച് കൊലക്ക് ആസൂത്രണം ചെയ്തുവെന്നും അഭിഭാഷ കന്‍ സിബിഐ കോടതിയെ ബോധിപ്പിച്ചു.

ഇന്‍ഡ്യന്‍ ശിക്ഷാനിയമം 302 കൊലപാതകം, 120 ഗൂഢാലോചന എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ജാമ്യാപേക്ഷ തള്ളിയതോടെ കേസില്‍ ജയിലില്‍ കഴിയുന്ന 16 പ്രതികളും വിചാരണക്ക് മുമ്പ് ജാമ്യം നേടി പുറത്തിറങ്ങാനുള്ള സാധ്യത ഇല്ലാതായി. പെരിയ ഇരട്ട കൊലക്കേസിലെ പ്രതികളെ രക്ഷിക്കാന്‍ സര്‍കാര്‍ സംവിധാനം വ്യാപകമായി ദുരൂപയോഗം ചെയ്തിട്ടും സിബിഐയുടെ വരവ് തടയാന്‍ കോടികള്‍ മുടക്കി ഹൈകോടതി മുതല്‍ സുപ്രീംകോടതി വരെ കയറിയിറങ്ങിയിട്ടും പ്രതികള്‍ക്ക് ജാമ്യം പോലും ലഭിക്കാത്തതില്‍ പ്രതി ചേര്‍ക്കപ്പെട്ടവരുടെ കുടുംബാംഗങ്ങളില്‍ കനത്ത പ്രതിഷേധവും നി ലനില്‍ക്കുന്നുണ്ട്.

മാത്രമല്ല മുന്‍ എം എല്‍എ സുര ഉള്‍പെടെയുള്ള സി പിഎം പ്രധാനികള്‍ക്ക് സിറ്റിംഗിന് ലക്ഷങ്ങള്‍ വാങ്ങു ന്ന അഭിഭാഷകരെ ഏര്‍പാടാക്കിയപ്പോള്‍ മറ്റ് പ്രതികള്‍ക്ക് താരതമ്യേനെ ജൂനിയര്‍ അഭിഭാഷകരെ കേസ് ഏല്‍ പ്പിച്ചുവെന്ന പരാതിയും കലോട്ട് ഇരട്ടകൊലക്കേസിലെ പ്രതികളുടെ കുടുംബങ്ങള്‍ക്കുണ്ട്.

Keywords: Bail pleas of three in Periya murder case rejected, Kochi, News, Murder case, Accused, Bail plea, CBI ,Kerala.





ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia