Temple Accident | അഴീക്കോട് വെടിക്കെട്ട് അപകടം: ക്ഷേത്ര ഭാരവാഹികൾക്കെതിരെ കേസ്


● നീർകടവ് മുച്ചിരിയൻ വയനാട്ടുകുലവൻ ക്ഷേത്രത്തിലാണ് അപകടം നടന്നത്.
● പത്തുപേർക്കെതിരെ കേസെടുത്തു, അഞ്ച് ക്ഷേത്ര ഭാരവാഹികളും കണ്ടാലറിയാവുന്ന അഞ്ച് പേരും പ്രതികളാണ്.
● അമിട്ട് പൊട്ടിയാണ് അപകടം ഉണ്ടായത്, അഞ്ച് പേർക്ക് പരുക്കേറ്റു.
● വെടിക്കെട്ടിന് അനുമതി ഉണ്ടായിരുന്നില്ലെന്ന് പോലീസ്.
● സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാതെയാണ് വെടിക്കെട്ട് നടത്തിയത്.
കണ്ണൂർ: (KVARTHA) അഴീക്കോട് വെടിക്കെട്ട് അപകടത്തിൽ ക്ഷേത്രം ഉത്സവ കമ്മിറ്റി ഭാരവാഹികളായ പത്തുപേർക്കെതിരെ വളപട്ടണം പോലീസ് കേസെടുത്തു. അഴീക്കോട് നീർകടവ് മുച്ചിരിയൻ വയനാട്ടുകുലവൻ ക്ഷേത്രത്തിൽ ഉത്സവത്തിനിടെയാണ് വെടിക്കെട്ട് അപകടമുണ്ടായത്.
അഞ്ച് ക്ഷേത്രം ഭാരവാഹികൾക്കും കണ്ടാൽ അറിയാവുന്ന മറ്റ് അഞ്ച് പേർക്കുമെതിരെയാണ് കേസ്. തറവാട്ട് കാരണവർ എം.കെ. വത്സരാജ്, കർമ്മി പ്രകാശൻ, മുച്ചിരിയൻ കുടുംബാംഗങ്ങളായ എം. പ്രേമൻ, വി. സുധാകരൻ, എം.കെ. ദീപക് എന്നിവരാണ് പ്രതികൾ. അമിട്ട് ആൾക്കൂട്ടത്തിനിടയിൽ വീണു പൊട്ടിയാണ് അഞ്ച് പേർക്ക് പരുക്കേറ്റത്. മംഗളൂരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അർജുൻ അടക്കം ആരുടെയും പരുക്ക് ഗുരുതരമല്ല.
ക്ഷേത്രം ഉത്സവ കമ്മിറ്റിക്ക് വെടിക്കെട്ട് നടത്താൻ അനുമതി നൽകിയിട്ടില്ലെന്ന് വളപട്ടണം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറുടെ (SHO) ചുമതലയുള്ള പി. കാർത്തിക്ക് ഐ.പി.എസ്. മാധ്യമ പ്രവർത്തകരോട് പറഞ്ഞു. പോലീസ് സ്വമേധയാ കുറ്റം ചുമത്തിയാണ് ക്ഷേത്രം ഭാരവാഹികൾക്കെതിരെ കേസെടുത്തത്.
അഴീക്കോട് നീർ കടവ് മീൻകുന്ന് മുച്ചിരിയൻ കാവിൽ തെയ്യം ഉത്സവത്തിലാണ് വെള്ളിയാഴ്ച പുലർച്ചെ നാല് മണിയോടെ ഗുണ്ട് ആൾക്കൂട്ടത്തിലേക്ക് ദിശ തെറ്റി വീണത്. അപകടത്തിൽ വെടിക്കെട്ട് കാണാനിരുന്ന അഞ്ചുപേർക്ക് പരുക്കേറ്റു. കാലിന് പരുക്കേറ്റ മീൻ കുന്നിലെ അർജുനെ (20) മംഗളൂരു തേജസ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിധിൻ (30), ആദിത്ത് (12), നിവേദ് (24), സനിൽ കുമാർ (57), നികേത് (23) തുടങ്ങിയവർ കണ്ണൂരിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
പുലിയൂർകണ്ണൻ തെയ്യം കെട്ടിയാടുന്നതിനിടെയാണ് വെടിക്കെട്ട് തുടങ്ങിയത്. ഇതിനിടെയിൽ ഒരു ഗുണ്ട് ആൾക്കൂട്ടത്തിനിടയിലേക്ക് തെറിച്ചു വീഴുകയും പൊട്ടാതെ ഏറെ സമയം കിടന്നതിനു ശേഷം പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ഇവിടെ വെടിക്കെട്ട് നടത്താൻ അനുമതി നൽകിയിരുന്നില്ലെന്നും യാതൊരു സുരക്ഷാ ക്രമീകരണങ്ങളും ഇല്ലാതെയാണ് വെടിക്കെട്ട് നടത്തിയിരുന്നതെന്നും എ.എസ്.പി. കാർത്തിക്ക് പറഞ്ഞു.
പുലർച്ചെയായതിനാൽ കാവിൽ ആളുകൾ കുറവായിരുന്നത് വലിയ അപകടം ഒഴിവാക്കി. അപകടത്തിൽപ്പെട്ട രണ്ടു പേരുടെ പരുക്കുകൾ നിസ്സാരമാണ്. പലയാളുകളും നിലത്തിരുന്നതിനാൽ അപ്രതീക്ഷിതമായി ഗുണ്ട് പൊട്ടിയപ്പോൾ അതിവേഗം ഓടി മാറാൻ സാധിച്ചിരുന്നില്ല.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക
A case has been filed against the temple committee members in Azheekode after a firecracker accident injured five people during a festival.
#FirecrackerAccident #Azheekode #TempleFestival #SafetyIssues #KozhikodeNews #KeralaNews