Accident | ക്ലിനിക്കിലേക്ക് പോകുന്നതിനിടെ സ്‌കൂട്ടര്‍ യാത്രികയായ ആയുര്‍വേദ ഡോക്ടര്‍ ടിപ്പര്‍ ലോറിക്ക് അടിയില്‍ പെട്ട് മരിച്ചു; ഡ്രൈവര്‍ അറസ്റ്റില്‍


● പിന്‍ ചക്രത്തിന് അടിയില്‍ പെട്ട വിന്‍സി സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു
● റോഡിലെ കുഴിയും വഴിയോരത്തെ ബോര്‍ഡും കണ്ടു വെട്ടിച്ച സ്‌കൂട്ടര്‍ ലോറിയില്‍ തട്ടി വീണതാകാമെന്ന് നിഗമനം
മരട്: (KVARTHA) ക്ലിനിക്കിലേക്ക് പോകുന്നതിനിടെ സ്‌കൂട്ടര്‍ യാത്രികയായ ആയുര്‍വേദ ഡോക്ടര്‍ ടിപ്പര്‍ ലോറിക്ക് അടിയില്‍ പെട്ട് മരിച്ചു. കൊച്ചി ധനുഷ് കോടി ദേശീയപാതയില്‍ മരട് കാളാത്ര ജംക്ഷനില്‍ കഴിഞ്ഞദിവസമാണ് അപകടം. മരട് വിടിജെ എന്‍ക്ലേവ് അഞ്ചുതൈക്കല്‍ ബണ്ട് റോഡ് തെക്കേടത്ത് ഡോ. വിന്‍സി പി വര്‍ഗീസാണ് (42) മരിച്ചത്. സംഭവത്തില്‍ ഡ്രൈവര്‍ ഇടുക്കി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അഷറഫ് മീരാനെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.
പൂണിത്തുറ ഗാന്ധിസ്‌ക്വയറിലെ ആര്യ വൈദ്യ ഫാര്‍മസി ക്ലിനിക്കിലേക്ക് പോകുന്നതിനിടെയാണ് അപകടം. ഇരു വാഹനങ്ങളും ഒരേ ദിശയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ലോറിയുടെ ഇടതു വശത്തുകൂടി പോകുമ്പോള്‍ റോഡിലെ കുഴിയും വഴിയോരത്തെ ബോര്‍ഡും കണ്ടു വെട്ടിച്ച സ്‌കൂട്ടര്‍ ലോറിയില്‍ തട്ടി വീണതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. പിന്‍ ചക്രത്തിന് അടിയില്‍ പെട്ട വിന്‍സി സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. സംസ്‌കാരം പാലാരിവട്ടം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
പാലാരിവട്ടം ഗീതാഞ്ജലി റോഡ് ബഥേല്‍ വര്‍ഗീസിന്റെയും (മുന്‍ എസ് ഐ) ലീലാമ്മയുടെയും (വിരമിച്ച നഴ്‌സ്) മകളാണ്. ഭര്‍ത്താവ്: രഞ്ജന്‍ വര്‍ഗീസ് (കൊച്ചിന്‍ ഷിപ് യാഡ് ഷിപ്പ് റിപ്പയര്‍ വിഭാഗം സീനിയര്‍ മാനേജര്‍). മകള്‍: അഹാന (കാക്കനാട് രാജഗിരി ക്രിസ്തുജയന്തി പബ്ലിക് സ്‌കൂള്‍ 7ാം ക്ലാസ് വിദ്യാര്‍ഥിനി).
#KochiAccident #KeralaNews #TrafficSafety #RIP #AyurvedicDoctor #IndiaNews