Installation Ceremony | കണ്ണൂര്‍ രൂപത സഹായ മെത്രാന്‍ മോണ്‍. ഡോ. ഡെന്നിസ് കുറുപ്പശേരിയുടെ സ്ഥാനാരോഹണം നവംബര്‍ 10 ന്
● കേരളത്തില്‍ ആദ്യമായി കണ്ണൂര്‍ രൂപതക്ക് സഹായ മെത്രാനായി നിയമനം
● ചടങ്ങുകള്‍ ബര്‍ണശേരി ഹോളി ട്രിനിറ്റി കത്തീഡ്രലില്‍ ഉച്ചയ്ക്ക് 3 മണിക്ക്
● 7000-ലധികം വിശ്വാസികള്‍ സംബന്ധിക്കുമെന്ന് പ്രതീക്ഷ
കണ്ണൂര്‍: (KVARTHA) ഫ്രാന്‍സിസ് മാര്‍പാപ്പ 2024 ഓഗസ്റ്റ് 15ന് നിയമിച്ച കണ്ണൂര്‍ രൂപതയുടെ പ്രഥമ സഹായ മെത്രാന്‍ മോണ്‍. ഡോ. ഡെന്നിസ് കുറുപ്പശേരിയുടെ സ്ഥാനാരോഹണം പത്താം തീയതി നടക്കും. ബര്‍ണശേരി ഹോളി ട്രിനിറ്റി കത്തീഡ്രലില്‍ ഉച്ചയ്ക്ക് മൂന്നു മണിക്ക് നടക്കുന്ന മെത്രാഭിഷേക തിരുകര്‍മ്മങ്ങള്‍ക്ക് റോമിലെ പൊന്തിഫിക്കല്‍ വിദ്യാപീഠത്തിന്റെ പ്രസിഡന്റ് സാല്‍വത്തോരോ പെനാകിയോ മുഖ്യകാര്‍മികത്തം വഹിക്കും.
കര്‍ദ്ദിനാളും മുംബൈ ആര്‍ച്ച് ബിഷപ്പുമായ ഓസ്വാര്‍ഡ് ഗ്രേഷ്യസ്, വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തില്‍ പറമ്പില്‍ എന്നിവര്‍ സഹകാര്‍മികരാകും. കണ്ണൂരിന്റെ പ്രഥമ ബിഷപ്പും ഇപ്പോഴത്തെ കോഴിക്കോട് രൂപതാ ബിഷപ്പുമായ ഡോ. വര്‍ഗീസ് ചക്കാലക്കല്‍ പിതാവ് വചന സന്ദേശം നല്‍കും. കണ്ണൂര്‍ രൂപതാ വികാരി ജനറാള്‍ മോണ്‍. ക്ലാരന്‍സ് പാലിയത്ത് വാര്‍ത്താസമ്മേളനത്തില്‍ ആണ് ഇക്കാര്യം അറിയിച്ചത്.
ചടങ്ങില്‍ കണ്ണൂര്‍ രൂപത ബിഷപ് ഡോ. അലക്‌സ് വടക്കുംതല അധ്യക്ഷത വഹിക്കും. കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ, ഇന്ത്യയുടെയും നേപ്പാളിന്റെയും അപ്പസ് തോലിക് നൂണ്‍ഷ്യോ ആയിരിക്കുന്ന റവ. ഡോ. ലിയോപോള്‍ഡോ ജിറേലി, തലശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും.
സ്ഥാനാരോഹണ ചടങ്ങിന് മുമ്പായി ഉച്ചയ്ക്ക് 2.45ന് ബര്‍ണശേരി ബിഎം യുപി സ്‌കൂള്‍ ജംഗ്ഷനില്‍ നിന്നും വിശിഷ്ടാതിഥികളെ ഹോളി ട്രിനിറ്റി കത്തീഡ്രല്‍ അങ്കണത്തിലേക്ക് വാദ്യമേളങ്ങളുടെ അകമ്പടിയോടെ കൊണ്ടുവരും.
ചടങ്ങില്‍ വിവിധ രൂപതകളില്‍ നിന്നുള്ള മെത്രാന്മാര്‍, വികാരി ജനറാള്‍മാര്‍, വൈദികര്‍, സന്ന്യാസിനി സമൂഹങ്ങളുടെ പ്രതിനിധികള്‍, അല്‍മായ സംഘടനാ നേതാക്കള്‍, പൗരപ്രതിനിധികള്‍, വിശ്വാസസമൂഹം എന്നിവര്‍ പങ്കെടുക്കും. 7000 ത്തോളം പേര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാര്‍ത്താ സമ്മേളനത്തില്‍ പബ്ലിസിറ്റി കണ്‍വീനര്‍ റവ. ഫാ. ജോമോന്‍ ചെമ്പകശേരി, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഷിബു ഫെര്‍ണാണ്ടസ്, കെഎല്‍സിഎ മുന്‍ സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ, കെഎല്‍സിഎ സംസ്ഥാന ട്രഷറര്‍ രതീഷ് ആന്റണി എന്നിവരും പങ്കെടുത്തു.
#KannurDiocese, #BishopInstallation, #DennisKuruppassery, #CatholicChurch, #HolyTrinity, #ChurchEvent