'ഞാന്‍ വാളയാര്‍ അമ്മ, പേര് ഭാഗ്യവതി'; ആത്മകഥയുമായി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ; മക്കളുടെ മരണത്തില്‍ ഉന്നത സ്വാധീനമുള്ള ആറാമതൊരാള്‍ പ്രതിയായി ഉണ്ടായിരുന്നെന്ന് വെളിപ്പെടുത്തല്‍
Mar 3, 2022, 09:51 IST
പാലക്കാട്: (www.kvartha.com 03.03.2022) വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയുടെ ആത്മകഥ വെള്ളിയാഴ്ച പുറത്തിറങ്ങും. രാവിലെ 10 മണിക്ക് അട്ടപ്പള്ളത്തെ വീട്ടുമുറ്റത്ത് പുസ്തകം പ്രകാശനം ചെയ്യും. ഇളയ കുഞ്ഞിന്റെ അഞ്ചാം ചരമ വാര്‍ഷികമാണ് വെള്ളിയാഴ്ച. 'ഞാന്‍ വാളയാര്‍ അമ്മ, പേര് ഭാഗ്യവതി' എന്നാണ് പുസ്തകത്തിന്റെ പേര്.
കേസില്‍ ആറാമതൊരു പ്രതി കൂടെയുണ്ടെന്നും, മക്കളുടെ മരണത്തില്‍ ഉന്നത സ്വാധീനമുള്ള ഇയാളെ രക്ഷിക്കാനാണ് കേസ് അട്ടിമറിച്ചതെന്നുമാണ് ആത്മകഥയില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. തന്റെ ജീവിതത്തില്‍ സംഭവിച്ചതെല്ലാം തുറന്നെഴുതിയിട്ടുണ്ടെന്ന് വാളയാര്‍ അമ്മ പറഞ്ഞു.
മൂത്തമകള്‍ മരിച്ചപ്പോള്‍ വീട്ടില്‍ നിന്ന് രണ്ടുപേര്‍ ഇറങ്ങിപ്പോവുന്നത് ഇളയ മകള്‍ കണ്ടിരുന്നു. ഇക്കാര്യം പൊലീസിന് മൊഴി നല്‍കിയിട്ടും നടപടിയെടുത്തില്ല. സിബിഐ കുറ്റപത്രം സമര്‍പിച്ച് രണ്ട് മാസമായിട്ടും പകര്‍പ് നല്‍കിയില്ലെന്നും വാളയാര്‍ അമ്മ പറഞ്ഞു.
2017 ജനുവരി, മാര്‍ച് മാസങ്ങളിലായാണ് പെണ്‍കുട്ടികളെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്റ്റുമോര്‍ടത്തില്‍ വ്യക്തമായിരുന്നു.
കേസില്‍ പാമ്പാംപള്ളം സ്വദേശി വി മധു, രാജാക്കാട് സ്വദേശി ഷിബു, എം മധു, ചേര്‍ത്തല സ്വദേശി പ്രദീപ് കുമാര്‍, ഒരു പതിനാറുകാരന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അന്വേഷണം നടക്കുന്നതിനിടെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച പ്രവീണ്‍ എന്ന യുവാവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു.
2019 ഒക്ടോബര്‍ ഒമ്പതിന് മൂന്നാം പ്രതിയായ പ്രദീപ് കുമാറിനെ തെളിവുകളുടെ അഭാവത്താല്‍ പാലക്കാട് കോടതി വെറുതെവിട്ടു. പിന്നാലെ വി മധു, എം മധു, ഷിബു എന്നിവരെയും കോടതി വെറുതെ വിട്ടു. പതിനാറുകാരന്റെ വിചാരണ ജുവനൈല്‍ കോടതിയിലേക്കും മാറ്റി. പ്രദീപ് കുമാറിനെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ജനുവരിയില്‍ പ്രതികളെ വെറുതെവിട്ട വിചാരണക്കോടതി വിധി ഹൈകോടതി റദ്ദാക്കുകയും, കേസ് സിബിഐയ്ക്ക് വിടുകയും ചെയ്തു. നിരന്തരമായ ശാരീരിക പീഡനത്തെ തുടര്‍ന്ന് വാളയാറിലെ സഹോദരിമാര്‍ ആത്മഹത്യ ചെയ്തുവെന്നാണ് സിബിഐ കുറ്റപത്രത്തില്‍ പറയുന്നത്. മൊഴികളുടെയും ശാസ്ത്രീയ പരിശോധനകളുടെയും അടിസ്ഥാനത്തിലാണ് കുട്ടികളെ കൊലപ്പെടുത്തതിയതെന്ന വാദം സിബിഐയും തള്ളുന്നത്. ഡമി പരീക്ഷണവും തൂങ്ങിമരണത്തിലേക്കാണ് സിബിഐ സംഘത്തെ എത്തിച്ചത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.