ഓട്ടോകള്‍ പിണങ്ങുന്നു; സ്‌കൂള്‍പോക്ക് പ്രതിസന്ധിയില്‍

 


ഓട്ടോകള്‍ പിണങ്ങുന്നു; സ്‌കൂള്‍പോക്ക് പ്രതിസന്ധിയില്‍
കോഴിക്കോട്: പോലീസ് നടപടികളില്‍ പ്രതിഷേധിച്ച് ഓട്ടോറിക്ഷ ഡ്രൈവര്‍ സ്‌കൂളില്‍ വിദ്യാര്‍ഥികളെ കൊണ്ടുപോകുന്ന ജോലി നിര്‍ത്തിവെക്കുന്നു. നിരവധി പിഞ്ചുകുട്ടികളുടെ പഠനം ഇതോടെ പ്രതിസന്ധിയിലായി. കുട്ടികളെ സമയത്ത് സ്‌കൂളുകളിലെത്തിക്കാന്‍ കഴിയാതെ രക്ഷിതാക്കളും വലയുകയാണ്.

ഒരു ഓട്ടോറിക്ഷയില്‍ ആറു കുട്ടികളെ മാത്രമേ കൊണ്ടുപോകാന്‍ പാടുള്ളൂ എന്നാണ് ഇപ്പോള്‍ പോലീസ് പറയുന്നത്. പിഞ്ചുകുട്ടികളെ കുത്തിനിറച്ചു കൊണ്ടുപോകുന്നത് അപകടത്തിനിടയാക്കുന്നു എന്ന ആക്ഷേപത്തെത്തുടര്‍ന്നാണീ നടപടി. കഴിഞ്ഞ അധ്യയന വര്‍ഷം മുതലാണ് ഇത് കര്‍ശനമാക്കിയത്. ആറു കുട്ടികളില്‍ കൂടുതല്‍ കൊണ്ടുപോകുന്ന ഓട്ടോഡ്രൈവര്‍മാര്‍ക്കെതിരെ കനത്ത പിഴശിക്ഷാനടപടികളും സ്വീകരിച്ചതോടെ ഡ്രൈവര്‍മാര്‍ പ്രതിസന്ധിയിലായി. 'കുട്ടികളെ കുത്തിനിറച്ചു' കൊണ്ടുപോകുന്നു എന്ന പത്രഭാഷ തങ്ങളെ വലിയ തെറ്റുകാരായി കാണാനിടയാക്കുന്നു എന്നാണ് ഓട്ടോഡ്രൈവര്‍മാരുടെ ആക്ഷേപം. സാധാരണ സീറ്റിലും ഡ്രൈവറുടെ സീറ്റിനു തൊട്ടുപിറകിലുമായ സജ്ജീകരിച്ച ചെറിയ സീറ്റിലുമായി കൊള്ളുന്ന കുട്ടികളെ മാത്രമേ ഓട്ടോറിക്ഷയില്‍ കൊണ്ടുപോകാനാകൂ. കുട്ടികള്‍ക്ക് ഇരിക്കാനുള്ള സൗകര്യമൊരുക്കുന്നതിനായി സ്‌കൂള്‍ ബാഗ് വശങ്ങളില്‍ വശങ്ങളില്‍ തൂക്കിയിടു ന്നത് ഫോട്ടോയെടുത്ത് പ്രസിദ്ധീകരിച്ചാണ് കുത്തിനിറച്ച് കൊണ്ടുപോകുന്നു എന്ന് പത്രങ്ങള്‍ വാര്‍ത്ത കൊടുക്കുന്നത്. ആവശ്യക്കാരായ രക്ഷിതാക്കളാണ് കുട്ടികളെ തങ്ങളുടെ വണ്ടിയില്‍ കൊണ്ടുപോകണമെന്ന് നിര്‍ബന്ധിക്കുന്നത്. എന്നാല്‍ രക്ഷിതാക്കള്‍ക്കെതിരെ നടപടിയൊന്നുമെടുക്കാതെ അവരുടെ നിസ്സഹായാവസ്ഥയില്‍ സഹായിക്കുന്ന തങ്ങള്‍ക്കെതിരെ മാത്രമാണ് പോലീസിന്റെ ഏകപക്ഷീയമായ നടപടിയെന്ന് ഓട്ടോഡ്രൈവറായ റോബര്‍ട്ട് ജോര്‍ജ്ജ് പറഞ്ഞു.

ഓട്ടോയില്‍ കയറ്റാവുന്ന കുട്ടികളുടെ എണ്ണം കുറക്കേണ്ടി വന്നപ്പോള്‍ ചെലവ് തീരെ താങ്ങാതായെന്നും റോബര്‍ട്ട് 'കെ വാര്‍ത്ത'യോട് പറഞ്ഞു. ഇതേപ്പറ്റി പരാതിപ്പെടുമ്പോള്‍ രക്ഷിതാക്കളില്‍ നിന്ന് കൂടുതല്‍ ചാര്‍ജ്ജ് ഈടാക്കാനാണ് പോലീസിന്റെ നിര്‍ദ്ദേശം. അതിനാല്‍ തന്നെ കഴിഞ്ഞ വര്‍ഷം മുതല്‍ ഇരട്ടിയിലേറെ ചാര്‍ജ്ജ് ഈടാക്കിയാണ് കുട്ടികളെ കൊണ്ടുപോകുന്ന ഉത്തരവാദിത്തം ഏറ്റെടുത്തത്. എന്നാല്‍ ക്രമാതീതമായി ഉയരുന്ന ഇന്ധനവില കൂടുതല്‍ പ്രതിസന്ധിയുളവാക്കി. ഓട്ടോയുടെ ചിലവും പോലീസ് നടപടികളും മറ്റു ആക്ഷേപങ്ങളും കണക്കിലെടുക്കുമ്പോള്‍ കുട്ടികളെ സ്‌കൂളില്‍ കൊണ്ടുപോകുന്ന ജോലി ഒഴിവാക്കുന്നതാണ് നല്ലതെന്ന് ഓട്ടോഡ്രൈവര്‍മാര്‍ പറയുന്നു. നിരവധി ഓട്ടോഡ്രൈവര്‍മാര്‍ ഈ ജോലി ഒഴിഞ്ഞതോടെ പിഞ്ചുകുട്ടികളുടെ പഠനം പ്രതിസന്ധിയിലായി.

സാധാരണ ജോലിയേക്കാള്‍ വളരെ ഉത്തരവാദിത്വമുള്ള പണിയാണ് സ്‌കൂള്‍ കുട്ടികളെ കൊണ്ടുപോകുകയെന്ന് ഓട്ടോഡ്രൈവര്‍മാര്‍ ചൂണ്ടിക്കാട്ടി. പല സ്‌കൂളുകളിലും പല സമയങ്ങളാണ്. വിവിധ സ്‌കൂളുകളിലെ കുട്ടികളെ ഏറ്റെടുക്കേണ്ടി വരും. അതിരാവിലെ വീട്ടില്‍ നിന്നിറങ്ങി പല റൂട്ടുകളില്‍ നിന്ന് കുട്ടികളെ ശേഖരിച്ച് കൃത്യസമയത്ത് സ്‌കൂളിലെത്തിക്കുകയും തിരിച്ച് സുരക്ഷിതമായി വീടുകളിലെത്തിക്കുകയും ചെയ്യുന്നത് ഏറെ വിഷമം പിടിച്ച പണിയാണ്. ചെറിയ ക്ലാസുകളിലെ കുട്ടികളും പെണ്‍കുട്ടികളുമാണ് സ്‌കൂളിലെത്താന്‍ ഓട്ടോറിക്ഷകളെ ആശ്രയിക്കുന്നത്. എന്നാല്‍ ഏതെങ്കിലും ഒരു കുട്ടി പുറപ്പെടാന്‍ വൈകിയാല്‍ മൊത്തം കുട്ടികളും സ്‌കൂളുകളിലെത്താന്‍ വൈകും. ഇതിന്റെ പഴിയും ഓട്ടോഡ്രൈവര്‍ കേള്‍ക്കണം. ഗതാക്കുരുക്കില്‍ പെട്ട് കടുത്ത മാനസിക സമ്മര്‍ദ്ദമനുഭവിച്ച് രോഗികളായ ഡ്രൈവര്‍മാരും ഉണ്ട്. പരീക്ഷാ സമയങ്ങളില്‍ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണവുമാകുന്നു.

സ്‌കൂള്‍ കുട്ടികളെ കൊണ്ടുവിടുന്ന ജോലി ഒഴിവാക്കിയതോടെ മനസ്സമാധാനം കൈവന്നുവെന്ന് ആശ്വസിക്കുകയാണ് ഈ പണി നിര്‍ത്തിയ ഡ്രൈവര്‍മാര്‍. പക്ഷേ, ഗതികേടിലായത് രക്ഷിതാക്കളാണ്, ഈ പ്രതിസന്ധി നേരിടാന്‍ കഴിയാത്ത വിധം അവര്‍ അസംഘടിതരുമാണ്. കൂടുതല്‍ കുട്ടികളെ കൊണ്ടുപോകാന്‍ ഓട്ടോഡ്രൈവര്‍മാരെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാല്‍ അത് കുട്ടികളോടു ചെയ്യുന്ന വലിയ ക്രൂരതയായി വ്യാഖ്യാനിക്കപ്പെടുമെന്നു കരുതി മൗനം പാലിച്ച് നിസ്സഹായാവസ്ഥയില്‍ കഴിയുകയാണെന്ന് ഒരു വീട്ടമ്മയായ റീജ ബബിത പറഞ്ഞു.

-ജെഫ്രി റെജിനോള്‍ഡ്.എം 


Keywords:  Auto Problems, School journey, Trouble, Kozhikode, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia