ക്യാന്‍സര്‍ ബാധിച്ച് വര്‍ഷങ്ങളോളം ചികിത്സ നടത്തി കിടപ്പാടം പോലും വില്‍ക്കേണ്ടിവന്ന വൃദ്ധമാതാവിനും മകള്‍ക്കും കൈതാങ്ങ്; വീടുവയ്ക്കാന്‍ സൗജന്യമായി സ്ഥലം കൊടുത്ത് മാതൃകയായി ഓടോ റിക്ഷാ ഡ്രൈവര്‍
Feb 5, 2022, 08:21 IST
അമ്പലപ്പുഴ: (www.kvartha.com 05.02.2022) മകന്റെ വിവാഹത്തലേന്ന് വാടകവീട്ടില്‍ കഴിയുന്ന കുടുംബത്തിന് സൗജന്യമായി വീടുവയ്ക്കാന്‍ സ്ഥലം കൊടുത്ത് മാതൃകയായി ഓടോ റിക്ഷാ ഡ്രൈവര്‍. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 13-ാം വാര്‍ഡില്‍ വൈ എം എ ശുകൂർ ആണ്, ക്യാന്‍സര്‍ ബാധിച്ച് വര്‍ഷങ്ങളോളം ചികിത്സ നടത്തി കിടപ്പാടം പോലും വില്‍ക്കേണ്ടിവന്ന വൃദ്ധമാതാവിനും മകള്‍ക്കും കൈതാങ്ങായി എത്തിയത്. കാക്കാഴം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആശ്രയ ചാരിറ്റബിള്‍ സൊസൈറ്റിയുടെ സെക്രടറി കൂടിയാണ് ശുകൂർ.
തന്റെ പേരിലുള്ള 13 സെന്റ് സ്ഥലത്തില്‍ നിന്നാണ് ഇദ്ദേഹം അയല്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന നിര്‍ധന കുടുംബത്തിന് മൂന്ന് സെന്റ് സ്ഥലം നല്‍കുന്നത്. കിടപ്പാടം നഷ്ടപ്പെട്ട കുടുംബം ഒരു വര്‍ഷമായി ശുകൂറിന്റെ അയല്‍വീട്ടിലാണ് താമസം. ഇവരുടെ ഒരു ബന്ധുവാണ് വാടക നല്‍കുന്നത്. ഇവരുടെ മരുന്നും വീട്ട് ചിലവും ശുകൂറാണ് നടത്തിവരുന്നത്. വിവരമറിഞ്ഞെത്തുന്ന കാരുണ്യമതികളുടെ സഹായവും ലഭിക്കുന്നു. സ്ഥലത്തിന്റെ രേഖകള്‍ ശുകൂർ കൈമാറി.
ചികിത്സക്കായി ഇവരെ ആശുപത്രിയില്‍ എത്തിക്കുന്നതും തിരിച്ച് കൊണ്ടുവരുന്നതും ശുകൂറിന്റെ ഓടോ റിക്ഷയിലാണ്. കോവിഡ് മഹാമാരിയുടെ പിടിയിലായതോടെ ഓടോ റിക്ഷയുടെ വായ്പ തിരിച്ചടവ് മുടങ്ങി, കുടിശ്ശിക വരുത്തിയതോടെ വാഹനം നഷ്ടപ്പെടുമെന്ന അവസ്ഥയിലാണ് ഈ കുടുംബം. ഇതിനിടയിലാണ് സെന്റിന് രണ്ടര ലക്ഷം രൂപ വിലവരുന്ന സ്ഥലം ശുക്കൂര്‍ സൗജന്യമായി നല്‍കുന്നത്.
അടുത്ത ദിവസമാണ് ശുകൂറിന്റെ മകന്‍ മുഹമ്മദ് ശഫീഖിന്റെ വിവാഹം. സ്ത്രീധനം വാങ്ങാതെ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി കമ്പിവളപ്പിലെ മസ്ജിദിലാണ് മിന്നുകെട്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.