ആഗസ്ത് 14 വിഭജന ഭീതി ദിനാചരണം: പ്രധാനമന്ത്രിയുടെ പ്രഖ്യാപനം രാജ്യത്ത് പുതിയ ചര്‍ച്ചയ്ക്ക് വഴിതുറന്നിരിക്കുന്നുവെന്ന് പി അബ്ദുല്‍ മജീദ് ഫൈസി

 


കോഴിക്കോട്: (www.kvartha.com 15.08.2021) ആഗസ്ത് 14 വിഭജന ഭീതി ദിനമായി ആചരിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം രാജ്യത്ത് പുതിയ ചര്‍ച്ചയ്ക്ക് വഴിതുറന്നിരിക്കുകയാണെന്ന് എസ് ഡി പി ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സ്വാതന്ത്ര്യം, സാമൂഹിക നീതി, ഭരണകൂടം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച വെര്‍ച്വല്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഗസ്ത് 14 വിഭജന ഭീതി ദിനാചരണം: പ്രധാനമന്ത്രിയുടെ പ്രഖ്യാപനം രാജ്യത്ത് പുതിയ ചര്‍ച്ചയ്ക്ക് വഴിതുറന്നിരിക്കുന്നുവെന്ന് പി അബ്ദുല്‍ മജീദ് ഫൈസി

ഈ പ്രഖ്യാപനത്തിനു പിന്നില്‍ പ്രധാനമന്ത്രിക്കും ആര്‍ എസ് എസിനും ഒരു അജന്‍ഡയുണ്ടെന്നും ഇത് തിരിച്ചറിയാനുള്ള സാമാന്യബുദ്ധി രാജ്യത്തെ ബഹുഭൂരിപക്ഷം പൗരന്മാര്‍ക്കുമുണ്ടെന്ന യാഥാര്‍ഥ്യം ആര്‍എസ്എസ് തിരിച്ചറിയാന്‍ വൈകരുതെന്നും ഫൈസി ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യം ഒരു വിഭാഗത്തിനുമാത്രം സംവരണം ചെയ്യപ്പെട്ടത് എങ്ങിനെയാണെന്നും രാജ്യത്തെ ഒരു വിഭാഗത്തിന് സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടതെന്തുകൊണ്ടാണെന്നും ചര്‍ച്ച ചെയ്യുന്നതിനുള്ള പുതിയ അവസരമാണ് പ്രധാനമന്ത്രി തുറന്നുവെച്ചിരിക്കുന്നതെന്നും ഫൈസി അറിയിച്ചു.

1918 ല്‍ ആരംഭിച്ച അജന്‍ഡയുടെ ഭാഗമായി കോണ്‍ഗ്രസ് നേതാക്കളായി പോലും വേഷമിടുകയും രാജ്യം സ്വതന്ത്രമായപ്പോള്‍ ഭരണകര്‍ത്താക്കളായി കടന്നുവന്ന സംഘ നേതാക്കളുടെ ഒളി അജന്‍ഡകളായിരുന്നു രാജ്യത്ത് വിഭജനമുള്‍പെടെയുള്ള സംഭവങ്ങള്‍ക്കു പിന്നിലെന്നും ഫൈസി ആരോപിച്ചു. ഇതുസംബന്ധിച്ച് പുതുതലമുറ ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്വാതന്ത്ര്യത്തിന്റെ പൊന്‍പുലരി സ്വപ്നം കണ്ട് ജീവത്യാഗം ചെയ്തവരുടെ പിന്‍മുറക്കാരെ വിഭജനത്തിന്റെ പേരില്‍ ഭ്രഷ്ടരാക്കുകയും ചോരപ്പുഴ ഒഴുക്കുകയും ചെയ്തതിന്റെ ചരിത്രം വിസ്മരിക്കരുത്. രാജ്യത്ത് ഏകോദര സഹോദരങ്ങളെ പോലെ സ്നേഹത്തോടെ സ്വാതന്ത്ര്യം കൊണ്ടാടേണ്ട സമയത്ത് ഒരു വിഭാഗത്തെ ശത്രുക്കളാക്കി ചോരപ്പുഴ ഒഴുക്കിയതിന്റെ പിന്നില്‍ ഈ ഒളി അജന്‍ഡയായിരുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിലും വികസനത്തിലും മുന്നില്‍ നിന്ന വിഭാഗത്തെ അകറ്റിനിര്‍ത്തിയതിന്റെ ഉത്തരവാദിത്വം ആര്‍ക്കാണെന്ന് ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കാരണം ആ വിഭജനത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരാണ് ഇന്ന് ഇന്‍ഡ്യ ഭരിക്കുന്നത്. അവരാണ് രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനും അന്യവല്‍ക്കരിക്കുന്നതിനും അപരവല്‍ക്കരിക്കുന്നതിനും അജന്‍ഡകള്‍ നടപ്പാക്കിയും നിയമനിര്‍മാണങ്ങള്‍ നടപ്പാക്കിയും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിനാല്‍ ഈ ചര്‍ച്ച അനിവാര്യമാണെന്നും എസ്ഡിപിഐ ഈ വിഷയം ഗൗരവമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യദിന സന്ദേശത്തോടനുബന്ധിച്ച് പ്രധാനമന്ത്രി കോവിഡ് പ്രതിരോധത്തിന് മുന്നില്‍ നില്‍ക്കുന്ന ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിച്ചിരിക്കുകയാണ്. എന്നാല്‍ ഭരണകൂടത്തിന്റെ നിരുത്തരവാദിത്വവും പിടിപ്പുകേടും മൂലം മഹാമാരിയുടെ കെടുതിയില്‍ തീരാദുരിതം പേറുന്ന രാജ്യത്തെ ജനതയെ അഭിനന്ദിക്കാന്‍ പ്രധാനമന്ത്രി മറന്നു പോയെന്നും മജീദ് ഫൈസി കുറ്റപ്പെടുത്തി.

എസ് ഡി പി ഐ സംസ്ഥാന ജനറല്‍ സെക്രടെറി റോയ് അറയ്ക്കല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രടെറി പി അബ്ദുല്‍ ഹമീദ് സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. സംസ്ഥാന സെക്രടെറിമാരായ പി ആര്‍ സിയാദ്, മുസ്തഫ കൊമ്മേരി, കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുസ്തഫ പാലേരി എന്നിവര്‍ സംസാരിച്ചു.

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പാര്‍ടി സംസ്ഥാന ഓഫിസിനു മുമ്പില്‍ പാര്‍ടി സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവി ദേശീയ പതാക ഉയര്‍ത്തി. ജില്ലാ, മണ്ഡലം, പഞ്ചായത്ത്, ബ്രാഞ്ച് തലങ്ങളിലും ദേശീയ പതാക ഉയര്‍ത്തുകയും മധുരവിതരണം നടത്തുകയും ചെയ്തു.

Keywords:  August 14 Partition Fear Day: P Abdul Majeed Faizy says PM's announcement paves way for new debate in country, Kozhikode, News, Politics, SDPI, Independence-Day-2021, Allegation, Prime Minister, Narendra Modi, RSS, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia