പ്രൊഫഷനല്‍ കോളജുകള്‍ കേന്ദ്രീകരിച്ച് യുവതികളെ തീവ്രവാദ വഴിയിലേക്ക് ചിന്തിപ്പിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നു; മുന്നറിയിപ്പുമായി സിപിഎം

 


തിരുവനന്തപുരം: (www.kvartha.com 17.09.2021) പ്രൊഫഷനല്‍ കോളജുകള്‍ കേന്ദ്രീകരിച്ച് വിദ്യാസമ്പന്നരായ യുവതികളെ തീവ്രവാദത്തിന്റെ വഴിയിലേക്ക് ചിന്തിപ്പിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുവെന്ന മുന്നറിയിപ്പുമായി സിപിഎം. സമ്മേളനങ്ങളുടെ ഉദ്ഘാടന പ്രസംഗത്തിനായി പാര്‍ടി നല്‍കിയ കുറിപ്പിലാണ് ഇക്കാര്യം എടുത്തുപറയുന്നത്.

പാല ബിഷപിന്റെ 'നാര്‍കോടിക്' വിവാദ പരാമര്‍ശത്തിന് മുമ്പാണ് കുറിപ്പ് തയാറാക്കിയിരിക്കുന്നതെന്നതാണ് ശ്രദ്ധേയമായ കാര്യം. സെപ്റ്റംബര്‍ 10 നാണ് സംസ്ഥാന നേതൃത്വത്തില്‍ നിന്ന് ഇത്തരത്തിലുള്ള കുറിപ്പ് അച്ചടിച്ച് നല്‍കിയത്.

ബ്രാഞ്ച്, ലോകെല്‍ സമ്മേളനങ്ങള്‍ നടത്തേണ്ട ഉദ്ഘാടന പ്രസംഗം സംബന്ധിച്ച് സിപിഎം കുറിപ്പ് തയാറാക്കി നേതാക്കള്‍ക്ക് നല്‍കിയിരുന്നു. ഇതില്‍ 'ന്യൂനപക്ഷ വര്‍ഗീയത' എന്ന തലക്കെട്ടിന് കീഴിലാണ് ഇതേക്കുറിച്ചുള്ള പരാമര്‍ശമുള്ളത്.

കുറിപ്പില്‍ ന്യൂനപക്ഷ വര്‍ഗീയതയെകുറിച്ച് പരാമര്‍ശിക്കുന്ന ഭാഗത്ത് പറയുന്നതിങ്ങനെ;

മുസ്ലിം സംഘടനകളില്‍ നുഴഞ്ഞുകയറി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ മുസ്ലിം വര്‍ഗീയ തീവ്രവാദ രാഷ്ട്രീയം ശ്രമിച്ചുകൊണ്ടിരിക്കുന്നു. മുസ്ലിം സമൂഹത്തിലെ ബഹുഭൂരിപക്ഷവും തള്ളിക്കളയുന്ന താലിബാന്‍ പോലുള്ള സംഘടനകളെ പോലും പിന്തുണയ്ക്കുന്ന ചര്‍ചകള്‍ കേരളീയ സമൂഹത്തില്‍ രൂപപ്പെടുന്നത് ഗൗരവമുള്ള കാര്യമാണ്. 

വര്‍ഗീയതയിലേക്കും തീവ്രവാദ സ്വഭാവങ്ങളിലേക്കും യുവജനങ്ങളെ ആകര്‍ഷിക്കുന്നതിനുള്ള ബോധപൂര്‍വമായ പരിശ്രമങ്ങള്‍ നടക്കുന്നു. പ്രൊഫഷനല്‍ കോളജുകള്‍ കേന്ദ്രീകരിച്ച് വിദ്യാസമ്പന്നരായ യുവതികളെ ആ വഴിയിലേക്ക് ചിന്തിപ്പിക്കുന്നതിനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ നടന്നുവരുന്നുണ്ട്.

സംഘപരിവാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കിയിട്ടുണ്ട്. മുസ്ലിം സംഘടനകളിലെല്ലാം നുഴഞ്ഞുകയറി പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ തീവ്രവാദ രാഷ്ട്രീയക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇസ്ലാമികരാഷ്ട സ്ഥാപനത്തിനായി പ്രവര്‍ത്തിക്കുന്ന ജമാ അത്തെ ഇസ്ലാമി അതിന്റെ ആശയപരമായ വേരുകള്‍ മുസ്ലിം സമൂഹത്തിലും പൊതുസമൂഹത്തിലും വ്യാപിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നു തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞുവരുമ്പോഴാണ് വര്‍ഗീയതയിലേക്കും തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്കും യുവജനങ്ങളെ ആകര്‍ഷിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുവെന്ന് പറയുന്നത്.

ക്രൈസ്തവ ജനവിഭാഗങ്ങള്‍ വര്‍ഗീയമായ ആശയങ്ങള്‍ക്ക് കീഴ്‌പ്പെടുന്ന രീതി സാധാരണ കണ്ടുവരാറില്ലെന്നും കുറിപ്പില്‍ പറയുന്നുണ്ട്. എന്നാല്‍ അടുത്തകാലത്തായി കേരളത്തില്‍ കണ്ടുവരുന്ന ചെറിയൊരു വിഭാഗത്തിലെ വര്‍ഗീയ സ്വാധീനത്തെ ഗൗരവത്തില്‍ കാണണം. മുസ്ലിങ്ങള്‍ക്കെതിരെ ക്രിസ്ത്യന്‍ ജനവിഭാഗത്തെ തിരിച്ചുവിടാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ് നടക്കുന്നത്. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ബിജെപി രാഷ്ട്രീയശക്തി നേടുന്നത് തടയണമെന്ന നിര്‍ദേശവും സിപിഎം നല്‍കുന്നു.

ക്ഷേത്രവിശ്വാസികളെ വര്‍ഗീയവാദികളുടെ പിന്നില്‍ അണിനിരത്തുന്ന രീതി ഇല്ലാതാക്കുന്നതിന് കഴിയും വിധം ആരാധനാലയങ്ങളില്‍ ഇടപെടാന്‍ കഴിയണം. വിശ്വാസികളുടെ വിശ്വാസത്തെ ബഹുമാനിക്കണം. വര്‍ഗീയവാദികളുടെ കയ്യിലേക്ക് വിശ്വാസികളെ കൊണ്ടുപോകാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കുന്ന വിധത്തിലായിരിക്കണം ഇടപെടല്‍ നടത്തേണ്ടതെന്നും പാര്‍ടി നിര്‍ദേശിക്കുന്നു.

പ്രൊഫഷനല്‍ കോളജുകള്‍ കേന്ദ്രീകരിച്ച് യുവതികളെ തീവ്രവാദ വഴിയിലേക്ക് ചിന്തിപ്പിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നു; മുന്നറിയിപ്പുമായി സിപിഎം

Keywords:  Attempt to lure young women into terrorism, says CPM, Thiruvananthapuram, News, Politics, Warning, Women, Students, Kerala, CPM.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia