Dismissed | അട്ടപ്പാടി മധു വധക്കേസ്: കൂറുമാറിയ വാചര്‍ സുനില്‍കുമാറിനെ വനംവകുപ്പ് പിരിച്ചുവിട്ടു
Sep 14, 2022, 18:55 IST
പാലക്കാട്: (www.kvartha.com) അട്ടപ്പാടി മധു വധക്കേസില്‍ കൂറുമാറിയ സാക്ഷിയെ വനംവകുപ്പ് പിരിച്ചുവിട്ടു. സൈലന്റ് വാലി ഡിവിഷനിലെ താല്‍കാലിക വാചറായിരുന്ന സുനില്‍ കുമാറിനെയാണ് പിരിച്ചുവിട്ടത്. അതേസമയം, കോടതിയില്‍ പ്രദര്‍ശിപ്പിച്ച ദൃശ്യങ്ങള്‍ വ്യക്തമാകുന്നില്ലെന്ന് പറഞ്ഞതിനാല്‍ സുനില്‍ കുമാറിന്റെ കാഴ്ച ശക്തി പരിശോധന നടത്തുകയാണ്. പാലക്കാട് ജില്ലാ ആശുപത്രിയിലാണ് പരിശോധന.
കോടതി ഉത്തരവിനെ തുടര്‍ന്നാണ് സുനില്‍കുമാറിന്റെ കാഴ്ചശക്തി പരിശോധിക്കുന്നത്. മുന്‍പും കൂറുമാറിയ വനം വാചര്‍മാരെ പിരിച്ചുവിട്ടിരുന്നു. അബ്ദുല്‍ റസാഖ്, അനില്‍ കുമാര്‍ എന്നിവരെയാണ് പിരിച്ചുവിട്ടത്.
മധുവിനെ പ്രതികള്‍ കൊണ്ടുവരുന്ന ദൃശ്യങ്ങള്‍ കോടതിയില്‍ കാണിച്ചപ്പോള്‍ തനിക്ക് കാണാന്‍ കഴിയുന്നില്ലെന്ന് സാക്ഷി സുനില്‍ കുമാര്‍ പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് മണ്ണാര്‍ക്കാട് എസ്സി-എസ്ടി കോടതി സുനില്‍കുമാറിന്റെ കാഴ്ചശക്തി പരിശോധിക്കാന്‍ ഉത്തരവിട്ടത്.
മധുവിനെ മര്‍ദിച്ച സ്ഥലമായ മുക്കാലിയിലേക്ക് കൊണ്ടുവരുന്ന ദൃശ്യമാണ് കോടതിയില്‍ കാണിച്ചത്. ഈ വീഡിയോയില്‍ കാഴ്ചക്കാരാനായി സുനില്‍ കുമാര്‍ നില്‍ക്കുന്നത് കാണാം. ബാക്കിയുള്ളവര്‍ക്കെല്ലാം കാണാന്‍ കഴിയുന്നുണ്ടല്ലോയെന്നും കോടതി ചോദിച്ചു. കേസില്‍ 29-ാം സാക്ഷിയാണ് സുനില്‍ കുമാര്‍. മധുവിനെ വനത്തില്‍നിന്ന് പിടിച്ചുകൊണ്ടുവരുന്നത് കണ്ടു എന്നായിരുന്നു ഇയാള്‍ നേരത്തെ പൊലീസിന് മൊഴി നല്‍കിയിരുന്നത്. എന്നാല്‍ ഇക്കാര്യം വിസ്താര വേളയില്‍ നിഷേധിച്ചു. ഇതോടെ കേസില്‍ കൂറുമാറിയവരുടെ എണ്ണം 16 ആയി. ഇതുവരെ വിസ്തരിച്ചതില്‍ ആറുപേര്‍ മാത്രമാണ് കൂറമാറാതെയുള്ളത്. കേസില്‍ 122 സാക്ഷികളാണ് ആകെയുള്ളത്.
കഴിഞ്ഞ ദിവസം 28-ാം സാക്ഷി മണികണ്ഠന്‍ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി. കൂറുമാറ്റം തുടര്‍ക്കഥയായ മധു വധക്കേസില്‍ രണ്ടുപേര്‍ മൊഴിയില്‍ ഉറച്ചുനിന്നത് ശ്രദ്ധേയമായി. 26-ാം സാക്ഷി ജയകുമാറും മുന്‍ മൊഴിയില്‍ ഉറച്ചുനിന്നപ്പോള്‍ 27-ാം സാക്ഷി സെയ്തലവി കൂറുമാറി. ഒരു ഇടവേളയ്ക്ക് ശേഷമാണ് മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ പ്രത്യേക കോടതിയില്‍ മധു കേസ് വിചാരണ പുനഃരാരംഭിച്ചത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.