പി.കെ. ശോഭനകുമാരി കേരളത്തിലെ ആദ്യ ദളിത് സ്‌റ്റേറ്റ് ലൈബ്രേറിയന്‍

 


തിരുവനന്തപുരം: (www.kvartha.com 15.11.2014) ഒടുവില്‍ പി.കെ. ശോഭനകുമാരിക്ക് 'ശാപമോചനം'. സ്‌റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രേറിയന്‍ സ്ഥാനത്തേക്ക് അവര്‍ക്ക് സ്ഥിരനിയമനം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണിത്. വിദ്യാഭ്യാസ വകുപ്പിനു കീഴിലാണ് സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി.

വ്യാഴാഴ്ച ചേര്‍ന്ന വകുപ്പുതല പ്രമോഷന്‍ കമ്മിറ്റിയില്‍ (ഡിപിസി) ശോഭനകുമാരിയുടെ പേര്‍ മാത്രമാണ് സെന്‍ട്രല്‍ ലൈബ്രേറിയന്‍ സ്ഥാനത്തേക്കു പരിഗണിച്ചത്. ഇനി മന്ത്രിസഭാ യോഗത്തിന്റെ ഔപചാരിക അനുമതികൂടി ലഭിച്ചാല്‍, സ്‌റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയിലെ ആദ്യ ദളിത് ലൈബ്രേറിയന്‍ ഇവരാകും. ശോഭനയ്ക്ക് ഈ സ്ഥാനം നിഷേധിക്കാന്‍ നീക്കങ്ങളുണ്ടായെങ്കിലും മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതി നല്‍കുകയും മാധ്യമങ്ങള്‍ സംഗതി ഏറ്റെടുക്കുകയും ചെയ്തതോടെ ഏതാനും മാസങ്ങള്‍ക്കുമുമ്പ് സെന്‍ട്രല്‍ ലൈബ്രേറിയന്റെ താല്‍ക്കാലിക ചുമതല നല്‍കിയിരുന്നു.

പറയ സമുദായത്തില്‍പെട്ട ശോഭനകുമാരി സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് വഴിയാണ് സെന്‍ട്രല്‍ ലൈബ്രറിയില്‍ ജോലിക്കു ചേര്‍ന്നത്. അന്നു മുതല്‍ ചില സഹപ്രവര്‍ത്തകര്‍ അവര്‍ക്കെതിരായി പ്രവര്‍ത്തിക്കുന്നത് നേരത്തേ വാര്‍ത്തയായിരുന്നു. ഡെപ്യൂട്ടി സെന്‍ട്രല്‍ ലൈബ്രേറിയനായി സ്ഥാനക്കയറ്റം ലഭിച്ചെങ്കിലും അവര്‍ക്ക് ക്യാബിനില്‍ ഇരുന്ന് ജോലി ചെയ്യാന്‍ അവസരം നല്‍കിയില്ല. അവരുടെ ക്യാബിനും ജോലി ചെയ്യേണ്ട സീറ്റും രണ്ടിടത്താക്കി.

തിരുവനന്തപുരത്തെ പ്രമുഖ സിപിഎം നേതാവിന്റെ ഭാര്യയും സിപിഎം സര്‍വീസ് സംഘടനാ പ്രവര്‍ത്തകയുമായിരുന്നു അന്നത്തെ സ്റ്റേറ്റ് ലൈബ്രേറിയന്‍. ഡിപിസി ചേര്‍ന്നപ്പോള്‍ ശോഭനയ്ക്കു പകരം മറ്റൊരാളെ സെന്‍ട്രല്‍ ലൈബ്രേറിയനാക്കി തീരുമാനിച്ചു. ഇതിനെതിരെ ശോഭനകുമാരി നടത്തിയ പോരാട്ടമാണ് വിജയത്തിലെത്തിയിരിക്കുന്നത്.

2001ലാണ് ഒന്നാം ഗ്രേഡ് ലൈബ്രേറിയനായി ശോഭനയ്ക്ക് ജോലി ലഭിച്ചത്. ഗസറ്റഡ് തസ്തികയാണ് അത്. 2007ല്‍ ഡെപ്യൂട്ടി സ്റ്റേറ്റ് ലൈബ്രേറിയനായി. പിന്നീട് സ്റ്റേറ്റ് ലൈബ്രേറിയന്‍ ആയാണ് സ്ഥാനക്കയറ്റം ലഭിക്കേണ്ടത്. കഴിഞ്ഞ മെയ് 31നു പിരിയുന്നതിനു മുമ്പു സ്റ്റേറ്റ് ലൈബ്രേറിയന്‍ പി. സുപ്രഭ തന്റെ കോന്‍ഫിഡന്‍ഷ്യല്‍ റിപോര്‍ട്ടില്‍ (സിആര്‍) എഴുതിച്ചേര്‍ത്ത എതിര്‍ പരാമര്‍ശങ്ങളാണ് തന്റെ സ്ഥാനക്കയറ്റം തടഞ്ഞതെന്ന്് ശോഭന മുഖ്യമന്ത്രിക്കും നിയമസഭയുടെ പട്ടിക വിഭാഗക്ഷേമ സമിതിക്കും നല്‍കിയ പരാതികളില്‍ വിശദീകരിച്ചിരുന്നു.

ഡിപിസിയുടെ തീരുമാനത്തില്‍ തനിക്ക് പങ്കില്ലെന്നായിരുന്നു സുപ്രഭയുടെ നിലപാട്. തിരുവനന്തപുരം മുന്‍ മേയറും പ്രമുഖ സിപിഎം നേതാവുമായ സി. ജയന്‍ ബാബുവിന്റെ ഭാര്യയാണ് സുപ്രഭ. അവരും ശോഭനയും സിപിഎം സംഘടനയായ കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകരുമായിരുന്നു.

സിആറില്‍ 'ഡി' ഗ്രേഡ് ആണെങ്കില്‍ സ്ഥാനക്കയറ്റത്തിനു പരിഗണിക്കില്ല. തന്റെ സിആറില്‍ ആ ചതിയാണ് സുപ്രഭ ചെയ്തതെ് ശോഭന പറഞ്ഞിരുന്നു. തനിക്കെതിരെ അച്ചടക്ക നടപടിയുണ്ടായിട്ടില്ല, സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചതുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഇല്ല, സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയിട്ടില്ല, ക്രിമിനല്‍ പശ്ചാത്തലവുമില്ല. എന്നിട്ടും സിആറില്‍ മോശക്കാരിയാക്കി എന്നായിരുന്നു പരാതി.

ആദ്യമായി ജോലിയില്‍ ചേര്‍ന്നപ്പോള്‍ ഡ്യൂട്ടി ലൈബ്രേറിയന്റെ ഇരിപ്പിടം നല്‍കിയിരുന്നില്ല. പകരം കിട്ടിയത് പൊതുജനങ്ങള്‍ക്കുള്ള ഇരിപ്പിടം. അതു വാര്‍ത്തയും വിവാദവുമായപ്പോഴാണ് പരിഹാരമുണ്ടായത്. ബുക്ക് റൂമിന്റെ രണ്ട് ഷിഫ്റ്റുകളുടെ നേതൃത്വവും വ്യാപന പ്രവര്‍ത്തനങ്ങളുടെയും ക്യാഷ് രജിസ്റ്ററിന്റെയും ചുമതലയുള്ള ഡെപ്യൂട്ടി സ്റ്റേറ്റ് ലൈബ്രേറിയന്‍ എന്ന നിലയിലാണ് ഫോണും കമ്പ്യൂട്ടറും പ്രിന്ററുമുള്ള ക്യാബിന്‍ കിട്ടിയത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
പി.കെ. ശോഭനകുമാരി കേരളത്തിലെ ആദ്യ ദളിത് സ്‌റ്റേറ്റ് ലൈബ്രേറിയന്‍

Also read:
വ്യാജ അക്കൗണ്ടുണ്ടാക്കി ഗ്രാമീണ ബാങ്കില്‍ നിന്ന് 1,10,000 രൂപ തട്ടി

Keywords:   Shobhana Kumari , Kerala, At last, Shobhana Kumari is Kerala's first Dalith state librarian.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia