Check post | കര്‍ണാടകയില്‍ നിയമസഭ തിരഞ്ഞെടുപ്പിന്റെ കേളികൊട്ടുയര്‍ന്നു: മാക്കൂട്ടം അതിര്‍ത്തിയില്‍ എക്സൈസ് ചെക് പോസ്റ്റ് തുറന്ന് കുടക് ജില്ലാഭരണകൂടം

 


കണ്ണൂര്‍: (www.kvartha.com) കണ്ണൂരുമായി അതിര്‍ത്തി പങ്കിടുന്ന കര്‍ണാടകത്തില്‍ അടുത്തിടെ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരള - കര്‍ണാടക അതിര്‍ത്തിയായ മാക്കൂട്ടത്ത് കുടക് ജില്ലാ ഭരണകൂടം എക്‌സൈസ് ചെക് പോസ്റ്റ് തുറന്നു. കോവിഡ് കാലത്ത് കേരളത്തില്‍ നിന്നുള്ള യാത്രക്കാരെ പരിശോധിക്കുന്നതിനായി സ്ഥാപിച്ച കന്‍ടെയ്‌നര്‍ കൊണ്ട് നിര്‍മിച്ച സംവിധാനമാണ് ചെക് പോസ്റ്റായി ഉപയോഗിക്കുന്നത്.

കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ കേരളത്തില്‍നിന്ന് മദ്യവും പണവും ഉള്‍പ്പെടെ എത്തുന്നത് പരിശോധിക്കാനാണ് മാക്കൂട്ടത്ത് എക്‌സൈസ് ചെക് പോസ്റ്റ് സ്ഥാപിച്ചതെന്നാണ് അധികൃതര്‍ പറയുന്നത്. കേരളത്തില്‍ നിന്ന് കര്‍ണാടകത്തിലേക്ക് കടന്നുപോകുന്ന എല്ലാ വാഹനങ്ങളെയും 24 മണിക്കൂറും പരിശോധിക്കുന്നതിനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

നേരത്തെ മാക്കൂട്ടത്ത് എക്‌സൈസ് ചെക് പോസ്റ്റ് ഉണ്ടായിരുന്നെങ്കിലും ചാരായ നിരോധനം നടപ്പിലാക്കിയതോടെ ചെക് പോസ്റ്റില്‍ കാര്യമായ പ്രവര്‍ത്തനങ്ങളൊന്നും നടക്കാതായതോടെ പെരുമ്പാടിയിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ വര്‍ഷങ്ങളോളമായി മാക്കൂട്ടത്ത് ചെക് സംവിധാനം ഉണ്ടായിരുന്നില്ല. ഓണം, പുതുവത്സര ആഘോഷ വേളകളില്‍ സംയുക്തമായ പരിശോധനമാത്രമായിരുന്നു അതിര്‍ത്തിയില്‍ ഉണ്ടായിരുന്നത്.

കര്‍ണാടകത്തില്‍ നിന്നും കേരളത്തിലേക്കുള്ള ലഹരി വസ്തുക്കളുടെ കടത്ത് കൂടിയതോടെ അതിര്‍ത്തിയില്‍ കൂട്ടുപുഴ പാലം കേന്ദ്രീകരിച്ച് കേരള എക്‌സൈസ് സംഘവും പൊലീസും പരിശോധന നടത്താറുണ്ടായിരുന്നു. അതിര്‍ത്തിയില്‍ നിന്നും മൂന്നു കിലോമീറ്റര്‍ അകലെ കിളിയന്തറയിലാണ് കേരള എക്‌സൈസിന്റെ ചെക് പോസ്റ്റുളളത്. ലഹരികടത്തു സംഘങ്ങള്‍ക്ക് കിളിയന്തറ ചെക് പോസ്റ്റ് വഴി പ്രവേശിക്കാതെ കൂട്ടുപുഴ പഴയ പാലത്തിന് സമീപത്തുകൂടി പേരട്ട, മാട്ടറ, ഉളിക്കല്‍ വഴി ലഹരി കടത്താനുള്ള സാഹചര്യം നിലനിന്നിരുന്നു.

ഇതുകാരണം കൂട്ടുപുഴയില്‍ എക്‌സൈസിന്റെ സ്ഥിരം പരിശോധന സംവിധാനം വേണമെന്ന ആവശ്യം ശക്തമായി ഉയരുന്നതിനിടയിലാണ് മാക്കൂട്ടത്ത് കര്‍ണാടക സ്ഥിരം സംവിധാനം ഒരുക്കിയിരിക്കുന്നത്. സബ് ഇന്‍സ്‌പെക്ടര്‍ എച് സി ചന്ദ്രയുടെ നേതൃത്വത്തില്‍ മൂന്ന് കോണ്‍സ്റ്റബിള്‍മാര്‍ അടങ്ങുന്ന സംഘമാണ് ഡ്യൂടിയില്‍ ഉണ്ടാവുക.

Check post | കര്‍ണാടകയില്‍ നിയമസഭ തിരഞ്ഞെടുപ്പിന്റെ കേളികൊട്ടുയര്‍ന്നു: മാക്കൂട്ടം അതിര്‍ത്തിയില്‍ എക്സൈസ് ചെക് പോസ്റ്റ് തുറന്ന് കുടക് ജില്ലാഭരണകൂടം

ഡെപ്യൂടി സൂപ്രണ്ട് നടരാജ് ആണ് ചെക് പോസ്റ്റ് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത്. കേരളത്തില്‍ ചരക്ക് ഇറക്കി വരുന്ന വാഹനങ്ങളില്‍ വന്‍തോതില്‍ മാലിന്യം കയറ്റി കര്‍ണാടക ബ്രഹ്‌മഗിരി വന്യജീവി സങ്കേതത്തിനുള്ളില്‍ കൊണ്ട് തള്ളുന്നത് അടുത്തിടെ കൂടിവരുന്നുണ്ട്.

നേരത്തെ നിരവധി വാഹനങ്ങള്‍ പിടികൂടുകയും കേസും പിഴയടപ്പിക്കലും ഉള്‍പ്പെടെ നടത്തുകയും ചെയ്തിരുന്നു. വനത്തിനുള്ളിലെ മാലിന്യ നിക്ഷേപത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം കര്‍ണാടക നിയമ സഭയിലും പലതവണ ഉയര്‍ന്നിരുന്നു. കേരളത്തില്‍ നിന്നും വരുന്ന മുഴുവന്‍ വാഹനങ്ങളും പരിശോധിക്കാന്‍ ചെക് പോസ്റ്റ് സ്ഥാപിച്ചതോടെ കഴിയുമെന്നാണ് കര്‍ണാടക എക്സൈസ് വകുപ്പിന്റെ പ്രതീക്ഷ.

Keywords:  Assembly elections in Karnataka: Kotak district administration opens excise check post at Makootam border, Kannur, News, Inspection, Police, Assembly Election, Liquor, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia