ആര്യങ്കാവില്‍ 6 പേരുടെ മരണത്തിനിടയാക്കിയ ഓട്ടോ- ലോറി അപകടം ആസൂത്രിതം; സംഭവത്തിന് പിന്നില്‍ മുന്‍വൈരാഗ്യം

 


തെന്മല: (www.kvartha.com 12.09.2015) വ്യാഴാഴ്ച ആര്യങ്കാവില്‍ ആറുപേരുടെ മരണത്തിനിടയാക്കിയ ഓട്ടോ- ലോറി അപകടം ആസൂത്രിതമാണെന്ന് പോലീസ്. ഓട്ടോഡ്രൈവറും ലോറിക്കാരനും തമ്മിലുള്ള മുന്‍ വൈരാഗ്യത്തെ തുടര്‍ന്ന് ലോറിക്കാരന്‍ തിരുമലകുമാര്‍ സുഹൃത്തുക്കളുമായി ചേര്‍ന്ന് ആസൂത്രിതമായി നടപ്പാക്കിയ അപകടമാണ് ഇതെന്നാണ് പോലീസിന്റെ നിഗമനം.

അപകടത്തില്‍ കര്‍ക്കുടി സ്വദേശികളായ ഓട്ടോഡ്രൈവര്‍ കറുപ്പസ്വാമി (35), സുഹൃത്തുക്കളായ മഹേഷ് (30), അടിവെട്ടി (60) എന്നിവരും യാത്രക്കാരായ മറ്റു മൂന്നുപേരുമായിരുന്നു കൊല്ലപ്പെട്ടത്. ലോറി ഡ്രൈവര്‍ 27 കാരന്‍ തിരുമലകുമാറും കറുപ്പുസ്വാമിയും തമ്മില്‍ കര്‍ക്കുടിയിലെ ഒരു കുളത്തില്‍ നിന്ന് മീന്‍ പിടിക്കാനുള്ള കരാറുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങളുണ്ടായിരുന്നു.

കഴിഞ്ഞ അഞ്ചുവര്‍ഷമായി തിരുമലകുമാറാണ് കരാര്‍ ഏറ്റെടുത്തിരുന്നത്. എന്നാല്‍ ഇത്തവണ കറുപ്പസ്വാമിക്കാണ് കരാര്‍ നല്‍കിയത്. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ കലഹം നടന്നിരുന്നു. മാത്രമല്ല ഇക്കാര്യത്തെച്ചൊല്ലി ഇരുവരുടേയും സുഹൃത്തുക്കള്‍ തമ്മിലും ഏറ്റുമുട്ടല്‍ നടന്നിരുന്നു. ഒടുവില്‍  പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ പഞ്ചായത്ത് സമിതി ചേര്‍ന്നെങ്കിലും പ്രയോജനമുണ്ടായില്ല. ഒടുവില്‍ പക മനസ്സില്‍ സൂക്ഷിച്ചിരുന്ന തിരുമല കുമാര്‍ കേരളത്തില്‍ നിന്ന്  ചരക്കു കയറ്റാന്‍ പോകുന്ന ദിവസം  ശത്രുവിനെ വകവരുത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനുവേണ്ട തയ്യാറെടുപ്പുകളും ഇയാള്‍ നടത്തിയിരുന്നു.

ആര്യങ്കാവില്‍ 6 പേരുടെ മരണത്തിനിടയാക്കിയ ഓട്ടോ- ലോറി അപകടം ആസൂത്രിതം; സംഭവത്തിന് പിന്നില്‍ മുന്‍വൈരാഗ്യംതുടര്‍ന്ന് വ്യാഴാഴ്ച കേരളത്തില്‍ ചരക്കു കയറ്റാന്‍ വന്ന ഇയാള്‍ അപകടമെന്ന വ്യാജേനെ
ഓട്ടോയിലേക്ക് ലോറി ഇടിച്ചുകയറ്റുകയും അതിനുശേഷം സംഭവസ്ഥലത്തുനിന്നും രക്ഷപ്പെടുകയുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

അപകടമുണ്ടായ അവസരത്തില്‍ തിരുമലകുമാര്‍ മാത്രമേ ലോറിയില്‍ ഉണ്ടായിരുന്നുള്ളൂ എങ്കിലും സംഭവത്തില്‍ മറ്റ് ചിലരുടെ പങ്ക് കൂടി ഉള്ളതായി പോലീസ് സംശയിക്കുന്നുണ്ട്. സംഭവത്തില്‍ ചിലര്‍ ഒളിവിലാണ്. മാത്രമല്ല ഓട്ടോറിക്ഷയുമായി ബന്ധപ്പെട്ട വിവരം കൈമാറിയവരെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. ഓട്ടോ വരുംവഴി കൈകാണിച്ച് കയറിയ കേശവപുരം സ്വദേശികളാണ് മരിച്ച മറ്റ് മൂന്നുപേര്‍.

Also Read:
സാമുദായിക സൗഹാര്‍ദ്ദവും ഐക്യവും പണയം വെച്ച് അവസരവാദ സമീപനത്തിന് മുസ്ലിം ലീഗ് ഒരുക്കമല്ല: എ. അബ്ദുര്‍ റഹ് മാന്‍

Keywords:  Police, Meeting, Friends, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia