Rescue | ഉരുൾപൊട്ടൽ: ചൂരൽമലയിലേക്ക് 'ബെയിലി പാല'വുമായി സൈന്യം; എന്താണ് ഇത്? പ്രത്യേകതകൾ അറിയാം


കണ്ണൂർ ഡി.എസ്.സി സെൻ്ററിലെ സൈനികരാണ് താൽക്കാലിക പാലം നിർമ്മിക്കുന്നത്
കൽപറ്റ: (KVARTHA) വയനാട് ചൂരൽമലയിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഒറ്റപ്പെട്ടവരുടെ രക്ഷാപ്രവർത്തനത്തിനായി ബെയിലി പാലം നിർമാണത്തിനുള്ള ഭാഗങ്ങളും ഉപകരണങ്ങളുമായി സൈന്യം ദുരന്തബാധിത പ്രദേശത്തേക്ക് നീങ്ങി.
ഡൽഹിയിൽ നിന്ന് ഇന്ത്യൻ വ്യോമസേന വിമാനത്തിൽ ബുധനാഴ്ച രാവിലെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ച ഉപകരണങ്ങൾ 17 ട്രക്കുകളിലായാണ് വയനാട്ടിലേക്ക് റോഡ് മാർഗം കൊണ്ടു പോയത്. താൽക്കാലിക പാലം നിർമിക്കുന്നതോടെ ഒറ്റപ്പെട്ട കുടുംബങ്ങളെ രക്ഷിക്കാൻ കഴിയുമെന്ന പ്രതീക്ഷയേറിയിട്ടുണ്ട്.
കണ്ണൂർ ഡി.എസ്.സി സെൻ്ററിലെ സൈനികരാണ് താൽക്കാലിക പാലം നിർമ്മിക്കുന്നത്. നേരത്തെയുണ്ടായിരുന്ന പാലം തകർന്ന പശ്ചാത്തലത്തിൽ താൽകാലിക പാലം നിർമ്മിക്കണമെന്ന ആവശ്യം പ്രദേശവാസികളിൽ ശക്തമായിരുന്നു.
ബെയ്‌ലി പാലം എന്താണ്?
ഉത്തരേന്ത്യയിൽ പ്രളയവും ഉരുൾപൊട്ടലുമുണ്ടാകുമ്പോൾ സാധാരണയായി സൈന്യം ഉപയോഗിക്കുന്നതാണ് ബെയ്‌ലി പാലം. ഇതിലൂടെയാണ് കുടുങ്ങിപ്പോയ ആളുകളെ പുറത്തേക്ക് എത്തിച്ചിരുന്നത്.
* എളുപ്പത്തിൽ നിർമ്മിക്കാവുന്ന താൽക്കാലിക പാലം: മുൻകൂട്ടി നിർമ്മിച്ച ഘടകങ്ങൾ കൂട്ടിച്ചേർത്ത് വളരെ വേഗത്തിൽ നിർമ്മിക്കാവുന്ന തരത്തിലുള്ള പാലങ്ങളാണ് ബെയ്‌ലി പാലങ്ങൾ.
* രണ്ടാം ലോക മഹായുദ്ധകാലത്തെ കണ്ടുപിടുത്തം: രണ്ടാം ലോക മഹായുദ്ധകാലത്ത് ബ്രിട്ടീഷുകാരാണ് ഈ പാലങ്ങൾ ആദ്യമായി ഉപയോഗിച്ചത്.
* വിവിധ വലുപ്പങ്ങളിൽ ലഭ്യം: ചെറിയ വാഹനങ്ങൾക്ക് മാത്രം ഉപയോഗിക്കാവുന്നവ മുതൽ ഭാരമേറിയ വാഹനങ്ങൾക്കും ഉപയോഗിക്കാവുന്ന വലിയ പാലങ്ങൾ വരെ ലഭ്യമാണ്.
ബെയ്‌ലി പാലത്തിന്റെ പ്രത്യേകതകൾ
* വേഗത്തിലുള്ള നിർമ്മാണം: മറ്റ് പാലങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ സമയത്തിനുള്ളിൽ നിർമ്മിക്കാൻ കഴിയും.
* എടുത്തുമാറ്റാവുന്നത്: ആവശ്യമില്ലാത്ത സമയത്ത് പൊളിച്ചു മാറ്റി മറ്റൊരു സ്ഥലത്ത് വീണ്ടും നിർമ്മിക്കാം.
* ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് അനുയോജ്യം: പ്രകൃതി ദുരന്തങ്ങളിൽ തകർന്ന പാലങ്ങൾക്ക് പകരം താൽക്കാലിക പരിഹാരമായി ഉപയോഗിക്കാം.
* സൈനിക ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നു: യുദ്ധകാലത്ത് സൈന്യം വേഗത്തിൽ സഞ്ചരിക്കാൻ ബെയ്‌ലി പാലങ്ങൾ ഉപയോഗിക്കുന്നു.