Missing | നമ്മുടെ അർജുനെ തനിച്ചാക്കിയോ, മറന്നുവോ എല്ലാവരും? കാത്തിരിപ്പുണ്ട് ഒരു കുടുംബം 

 
arjuns disappearance the urgent search for a missing perso
arjuns disappearance the urgent search for a missing perso

Image Credit: X / SP Karwar

ഇത്രയും സംവിധാനം ഉണ്ടെന്നു പറയുന്ന നമ്മുടെ രാജ്യത്തു എന്ത് കൊണ്ട് ഇദ്ദേഹത്തെ കണ്ടെത്താൻ കഴിയുന്നില്ല. ഇത് പൊതുസമൂഹത്തോടൊപ്പം രാജ്യം ഭരിക്കുന്ന ഭരണകർത്താക്കളും വിലയിരുത്തേണ്ടതാണ്, ചർച്ചയാക്കേണ്ടതാണ്

മിന്റാ മരിയ തോമസ്

(KVARTHA) ഉറുമ്പ് ചത്താൽ വാർത്ത തവള ചാകും വരെ, തവള ചത്താൽ വാർത്ത പാമ്പ് ചാകും വരെ, പാമ്പ് ചത്താൽ വാർത്ത പരുന്ത് ചാകും വരെ, അത്രയൊക്കെയുള്ളൂ, എല്ലാം കുറെ നിക്ഷിപ്ത താൽപര്യങ്ങളുടെ അജണ്ടകൾ മാത്രം. പുതിയ ദുരന്തം വന്നപ്പോൾ നമ്മുടെ അർജുൻനെ തനിച്ച് ആക്കിയോ? ഇതും ഒരു മനുഷ്യ ജീവൻ ആണ്. കാത്തൊരു കുടുംബം ഇരിക്കുന്നു. പാവം അർജുൻറെ വിവരങ്ങൾ ഒന്നും ഇല്ല. ഇത് ഇപ്പോൾ  പറയുന്നത് നമ്മുടെ കേരളത്തിലെ പൊതുസമൂഹമാണ്. കർണാടകയിലെ  ഷിരൂരിൽ ലോറി ഡ്രൈവർ അർജുനെ കാണാതായിട്ട് 20 ദിവസത്തോളമാകുന്നു. 

വയനാട് ഉരുൾപൊട്ടൽ വന്നപ്പോഴേയ്ക്കും ഈ വിഷയം മറന്ന രീതിയിലാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നത്. എന്നാലും ഇന്നും അർജുൻ്റെ വിഷയം അറിയാൻ ഒരുപാട് പേർ കാതോർത്തിരിക്കുന്നുവെന്നതാണ് സത്യം. ഇപ്പോൾ അർജുൻ്റെ വിവരങ്ങൾ ഒന്നും ഇല്ല, വല്ലാത്ത ഒരു അവസ്ഥ തന്നെ ആ കുടുംബത്തിന്റേത് എന്ന് ചിന്തിക്കുന്നവരും ഏറെയുണ്ട്. ഇപ്പോൾ ഈ വിഷയവുമായി ബന്ധപ്പെട്ടുള്ള ഒരു വാർത്തയാണ് ചർച്ചയാകുന്നത്. അർജുനെ കണ്ടെത്താൻ തൃശൂരിൽ നിന്ന് ഷിരൂരിലേയ്ക്ക് ഡ്രജർ കൊണ്ടുപോകില്ല എന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത് . 

ഗംഗാവലി പുഴയിൽ ആഴവും ഒഴുക്കും കൂടുതലാണ്, ഡ്രജർ ഗംഗാവലി പുഴയിൽ ഇറക്കാൻ കഴിയില്ലെന്നാണ് കാരണമായി പറയുന്നത്. കൃഷിവകുപ്പിലെ അസിസ്റ്റൻ്റ് ഡയറക്ടർമാർ അടങ്ങിയ സംഘം ഷിരൂരിൽ പോയിരുന്നു. വിദഗ്ധ സംഘം തൃശൂർ കലക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. തൃശൂരിലെ ഡ്രജർ യന്ത്രം  ഷിരൂരിലെ ഗംഗാവലിപ്പുഴയിലേക്ക് കൊണ്ടുപോകുന്നതിന് വെല്ലുവിളികളേറെയായിരുന്നു. പുഴയിലെ ഒഴുക്ക് നാലു നോട്സില്‍ കൂടുതലാണെങ്കില്‍ ഡ്രജർ ഇറക്കാന്‍ പ്രയാസമാണ്. 

കോഴിക്കോട് പേരാമ്പ്ര മലയില്‍ ഇന്‍ഡസ്ട്രീസ്, കേരള കാര്‍ഷിക സര്‍വകലാശാലയ്ക്ക് നിര്‍മ്മിച്ചു നല്‍കിയ അഗ്രോ ഡ്രഡ്ജ് ക്രാഫ്റ്റ് കോള്‍പ്പടവുകളോട് ചേര്‍ന്ന കനാലുകളിലെയും തോടുകളിലെയും ചണ്ടി കോരുന്നതിനാണ് ഉപയോഗിക്കുന്നത്. വെള്ളത്തിന് മീതെ പൊങ്ങിക്കിടക്കാം. ആറുമീറ്റര്‍ വരെ ആഴത്തില്‍ ഇരുമ്പു തൂണുകള്‍ താഴ്തി പ്രവര്‍ത്തിപ്പിക്കാം. നിലവില്‍ എല്‍ത്തുരുത്തിലെ കനാലില്‍ പോള നീക്കം ചെയ്യുകയാണ് അഗ്രോ ഡ്രഡ്ജ് ക്രാഫ്റ്റ്. 

കേരളത്തിൽ ഇരുന്നു തള്ളുന്ന പോലെ എളുപ്പമല്ല അവിടുത്തെ കാര്യങ്ങൾ എന്ന് വൈകിയാണേലും എല്ലാവർക്കും മനസിലായതിൽ സന്തോഷം. എന്നാലും ഇതും ഒരു മനുഷ്യ ജീവൻ ആണ്. കാത്തൊരു കുടുംബം ഇരിക്കുന്നു എന്നത് മറക്കരുത്. വളരെ വേദനയോടെ ഈ അന്വേഷണം തീർന്നോ എന്ന് ചിന്തിക്കുന്നവരും ഉണ്ടായിരിക്കുന്നു. അർജുൻ വിഷയവുമായി പുതിയ വാർത്ത വന്നതിന് പിന്നെ ഇതുമായി ബന്ധപ്പെട്ട് ഒരാൾ ചോദിച്ചത് ഇങ്ങനെയാണ്, 'ഷിരൂരിലെ വാർത്ത വിറ്റു കഴിഞ്ഞു.  ഇനി വയനാടിലെ പ്രയാസം വിൽക്കട്ടെ അല്ലേ'.

അർജുന്റെ വാർത്ത ഇപ്പോൾ ഒരു ദൃശ്യ മാധ്യമങ്ങളിലും തലക്കെട്ടുകളിൽ പോലും ഇല്ലാ. ശരിക്കും സങ്കടത്തടത്തോടെയാണ് അയാൾ ഇങ്ങനെ പറഞ്ഞത്. ഒരർത്ഥത്തിൽ നോക്കിയാൽ ഇത് ശരിയാണ് താനും. എന്ത് മാത്രം മാധ്യമ തള്ളിക്കയറ്റമായിരുന്നു എന്ന് ഷിരൂരിൽ ഉണ്ടായത്. ഇന്ന് ഷിരൂരിനെയും അർജുനെയും അറിയുന്നവർ വിരളം. വയനാട് സംഭവിച്ചത് ഒരു വലിയ ദുരന്തം തന്നെയാണ്. അവിടുത്തെ നൂറുകണക്കിന് ആളുകളുടെ ജീവൻ പോലെ തന്നെയാണ് ഷിരൂരിൽ ദുരന്തത്തിൽ അകപ്പെട്ട അർജുൻ്റെ ജീവനും എന്ന് തിരിച്ചറിയണം. അല്ലാതെ, ഒരിടത്ത് ഒരു വിഷയം ഉണ്ടാകുമ്പോൾ മറുഭാഗം മറക്കുകയല്ല വേണ്ടത്. 

ഭരണാധികാരികളെപ്പോലെ തന്നെ മാധ്യമ മേധാവികളും ശ്രദ്ധിക്കേണ്ട കാര്യമാണ്. ആ മനുഷ്യൻ എവിടെ ആണെന്ന് അറിയാതെ ജീവിതം തീർന്ന് ജീവിച്ചിരിക്കുന്നുണ്ടോ മരിച്ചോ എന്നറിയാതെ ഒരു കുടുംബം  അയാളെ കാത്തിരിക്കുന്നു. ഇത്രയും സംവിധാനം ഉണ്ടെന്നു പറയുന്ന നമ്മുടെ രാജ്യത്തു എന്ത് കൊണ്ട് ഇദ്ദേഹത്തെ കണ്ടെത്താൻ കഴിയുന്നില്ല. ഇത് പൊതുസമൂഹത്തോടൊപ്പം രാജ്യം ഭരിക്കുന്ന ഭരണകർത്താക്കളും വിലയിരുത്തേണ്ടതാണ്, ചർച്ചയാക്കേണ്ടതാണ്. ഈ അവസരത്തിൽ വന്ന ഒരു കുറിപ്പ് ശ്രദ്ധയിൽപ്പെടുത്തുന്നു. 

കുറിപ്പിൽ പറയുന്നത്: 'അർജുന്റെ കാര്യം ആലോചിച്ച്‌ ഓരോ ദിവസവും സങ്കടപ്പെട്ട്‌ ഇരിക്കുമ്പോഴാ നെഞ്ച്‌ പിളർക്കുന്ന വയനാട്ടിലെ ഉരുൾ പൊട്ടൽ വാർത്ത വന്നത്‌. സത്യം പറഞ്ഞാൽ പണ്ടൊക്കെ മഴപെയ്താൽ മൂടിപ്പുതച്ച്‌ എന്ത്‌ സുഖമായിട്ടാ ഉറങ്ങാറ്‌. എന്നാൽ ഇന്ന് നേരാവണ്ണം സമാധാനത്തോടെ മലയാളികളിൽ ആർക്കാ ഉറങ്ങാൻ കഴിയുന്നത്‌. ഓരോ ദിവസം ഓരോ വാർത്തകൾ. മലയാണെങ്കിലും കുന്നാണെങ്കിലും നിരപ്പാണെങ്കിലും എവിടെയും സമാധാനമില്ലാത്ത കാലം'.

ഇനിയും ഈ വിഷയത്തെക്കുറിച്ച് ആഴത്തിൽ പഠിക്കാനും അതിന് പരിഹാരം കാണാനും ശ്രമിച്ചില്ലെങ്കിൽ എല്ലാവർക്കും ഉറക്കമില്ലാത്ത രാത്രി തന്നെയാകും വരാൻ പോകുന്നത്. അതുകൊണ്ട് ഉണർന്ന് കൂട്ടായി പ്രവർത്തിക്കാം. നാടിൻ്റെ രക്ഷയ്ക്കായി. വയനാട്ടിലെ നിരവധി ആളുകളുടെ ജീവൻ പോലെ അർജുൻ്റെ ഒരു ജീവനും വിലപ്പെട്ടതാണെന്ന സത്യവും വിസ്മരിക്കരുത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia