Loss | 82 ദിവസങ്ങൾക്ക് ശേഷം അർജുന്റെ ചേതനയറ്റ ശരീരം വീട്ടിലെത്തിച്ചു; ഹൃദയം നുറുങ്ങി നാട്
● ഡിഎൻഎ പരിശോധനയ്ക്ക് ശേഷമാണ് കുടുംബത്തിന് കൈമാറിയത്
● വീട്ടുവളപ്പിൽ സംസ്‌കരിക്കും
● കോഴിക്കോട്ട് മന്ത്രി എകെ ശശീന്ദ്രൻ അടക്കമുള്ളവർ മൃതദേഹം ഏറ്റുവാങ്ങി
കോഴിക്കോട്: (KVARTHA) കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചലിൽ ദാരുണമായി മരണപ്പെട്ട അർജുന്റെ മൃതദേഹം 82 ദിവസങ്ങൾക്ക് ശേഷം കണ്ണാടിക്കൽ മൂലാടിക്കുഴിയിലെ സ്വന്തം വീട്ടിലെത്തിച്ചപ്പോൾ നാട് ഒന്നടങ്കം വിടചൊല്ലാനെത്തി. ജൂലൈ എട്ടിന് ഒരുപിടിസ്വപ്നങ്ങളുമായി വീടുവിട്ട അർജുൻ, തിരിച്ചുവന്നത് ചേതനയറ്റ ശരീരമായിട്ടാണ്.
കാർവാർ ഗവ. ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന അർജുന്റെ മൃതദേഹം ഡിഎൻഎ പരിശോധനയ്ക്ക് ശേഷം വെള്ളിയാഴ്ചയാണ് കുടുംബത്തിന് കൈമാറിയത്. തുടർന്ന് തലപ്പാടി അതിർത്തിയിൽ കേരള പൊലീസ് മൃതദേഹം ഏറ്റുവാങ്ങി. തലപ്പാടിയിലും കാസർകോട്ടും കണ്ണൂരിലും നിരവധി പേർ അർജുന് ആദരാഞ്ജലി അർപ്പിച്ചു.
പുലർച്ചെ ആറ് മണിയോടെ മൃതദേഹം വഹിച്ചുള്ള ആംബുലൻസ് കോഴിക്കോട് ജില്ലയിൽ പ്രവേശിച്ചു. മന്ത്രി എകെ ശശീന്ദ്രനും കോഴിക്കോട് ജില്ലാ കലക്ടറും അടക്കമുള്ളവർ മൃതദേഹം ഏറ്റുവാങ്ങി. ഏഴരയ്ക്ക് മൃതദേഹം വഹിച്ചുള്ള വാഹനവ്യൂഹം പൂളാടിക്കുന്നിലെത്തി. ഇവിടെ നിന്ന് വാഹനങ്ങളുടെ അകമ്പടിയിൽ വിലാപയാത്രയായി ജന്മനാട്ടിലേക്ക് നീങ്ങി.
ഒമ്പത് മണിയോടെ 'അമരാവതി' എന്ന വീട്ടിലേക്ക് മൃതദേഹം എത്തിച്ചപ്പോൾ നാട് ഒന്നടങ്കം ഒഴുകിയെത്തിയിരുന്നു. മുദ്രാവാക്യം വിളികളും മുഴങ്ങിയ വികാരനിർഭരമായ നിമിഷങ്ങളായിരുന്നു വഴിനീളെ കണ്ടത്. വീട്ടിൽ ആദ്യം ബന്ധുക്കള്‍ അന്ത്യാഞ്ജലി അർപ്പിച്ചു. പിന്നീട് പൊതുദർശനത്തിന് വെച്ചു. 11 മണിയോടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിക്കും.
കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയ്‌ലും മഞ്ചേശ്വരം എംഎൽഎ എ.കെ.എം അശ്റഫും ഷിരൂരിലെ മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപേയും വിലാപയാത്രയ്ക്ക് ഒപ്പമുണ്ടായിരുന്നു കേരള, കർണാടക പൊലീസും വിലാപയാത്രയെ അനുഗമിച്ചു.
#landslide #tragedy #RIP #Kerala #Karnataka #mourning #searchandrescue