Announcement | 'അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തില്‍ പന്തു തട്ടും; അടുത്ത വര്‍ഷം സംസ്ഥാനത്ത് രണ്ട് മത്സരങ്ങള്‍ കളിക്കും'; സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ കാര്യത്തില്‍ ഉറപ്പില്ല
● തിരുവനന്തപുരത്തും കൊച്ചിയിലുമായിരിക്കും മത്സരങ്ങള്‍.
● അര്‍ജന്റീന ഫുട് ബോള്‍ അസോസിയേഷന്‍ അനുമതി നല്‍കിയതായാണ് സൂചന.
● കേരളത്തില്‍ നടക്കുന്ന മത്സരങ്ങളില്‍ അര്‍ജന്റീന ആരെ നേരിടുമെന്ന് വ്യക്തമല്ല.
● ഫിഫ റാങ്കിങ്ങില്‍ ആദ്യ 50 സ്ഥാനങ്ങളിലുള്ള ഏതെങ്കിലും ടീമിനെതിരെയായിരിക്കും കളി.
● ഏഷ്യയിലെ പ്രമുഖ ടീമിനെ തന്നെ അര്‍ജന്റീനയെ നേരിടാന്‍ ഇറക്കാനാണ് സാധ്യത.
● 15ാം സ്ഥാനത്തുള്ള ജപ്പാനാണ് റാങ്കിങ്ങില്‍ മുന്നിലുള്ള ഏഷ്യന്‍ ടീം.
തിരുവനന്തപുരം: (KVARTHA) അര്‍ജന്റീന ഫുട് ബോള്‍ ടീം കേരളത്തില്‍ പന്തു തട്ടും. അടുത്ത വര്‍ഷം അര്‍ജന്റീന ദേശീയ ടീം കേരളത്തില്‍ രണ്ട് മത്സരങ്ങള്‍ കളിക്കുമെന്ന വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. അര്‍ജന്റീന ഫുട് ബോള്‍ അസോസിയേഷന്‍ (എ എഫ് എ) അനുമതി നല്‍കിയതായാണ് സൂചന. തിരുവനന്തപുരത്തും കൊച്ചിയിലുമായിരിക്കും മത്സരങ്ങള്‍ നടക്കുക. ബുധനാഴ്ച രാവിലെ കായിക മന്ത്രി വി അബ്ദു റഹിമാന്‍ നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ ഇതു സംബന്ധിച്ച് അന്തിമ പ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം.
കേരളത്തില്‍ നടക്കുന്ന മത്സരങ്ങളില്‍ അര്‍ജന്റീന ആരെ നേരിടുമെന്ന് വ്യക്തമല്ല. ഫിഫ റാങ്കിങ്ങില്‍ ആദ്യ 50 സ്ഥാനങ്ങളിലുള്ള ഏതെങ്കിലും ടീമിനെതിരെയായിരിക്കും കളി. ഏഷ്യയിലെ പ്രമുഖ ടീമിനെ തന്നെ അര്‍ജന്റീനയെ നേരിടാന്‍ ഇറക്കാനാണ് സാധ്യത. 15ാം സ്ഥാനത്തുള്ള ജപ്പാനാണ് റാങ്കിങ്ങില്‍ മുന്നിലുള്ള ഏഷ്യന്‍ ടീം.
ഇറാന്‍ (19), ദക്ഷിണ കൊറിയ (22), ഓസ്‌ട്രേലിയ (24) ഖത്തര്‍ (46) എന്നിവരാണ് എ എഫ് സിയില്‍ നിന്ന് റാങ്കിങ്ങില്‍ മുന്നിലുള്ള മറ്റു ടീമുകള്‍. റാങ്കിങ്ങില്‍ നിലവിലെ ഒന്നാം സ്ഥാനക്കാരാണ് ലോകകപ്പ് ജേതാക്കളായ അര്‍ജന്റീന. അതേസമയം സൂപ്പര്‍ താരം ലയണല്‍ മെസ്സി ടീമിനൊപ്പം ഉണ്ടാകണമെന്ന് ഉറപ്പില്ല.
മെസ്സി കളിക്കണോ, വേണ്ടയോ എന്ന് ആ സമയത്ത് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനായിരിക്കും തീരുമാനിക്കുക. അര്‍ജന്റീനയും നേരിടാനുള്ള ടീമും കേരളത്തില്‍ മത്സരിക്കുന്നതിന്റെ ചിലവു മുഴുവന്‍ സ്‌പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്താനാണ് തീരുമാനം.
നൂറ് കോടിയിലധികം രൂപ ചിലവ് വരുമെന്നാണ് കണക്കാക്കുന്നത്. നേരത്തേ സെപ്റ്റംബറില്‍ സ്പെയിനിലെത്തി മന്ത്രിയും സംഘവും അര്‍ജന്റീന ഫുട് ബോള്‍ അസോസിയേഷനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേരളത്തില്‍ ഫുട് ബോള്‍ അക്കാദമി ആരംഭിക്കുന്നതിനും സൗഹൃദ മത്സരത്തിനും അര്‍ജന്റീന ഫുട് ബോള്‍ അസോസിയേഷന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി അന്ന് പറഞ്ഞിരുന്നു. കേരളത്തില്‍ കളിക്കാന്‍ സന്നദ്ധത അറിയിച്ച് അര്‍ജന്റീന ഫുട് ബോള്‍ ടീം ഇ-മെയില്‍ സന്ദേശമയച്ചതായി മന്ത്രി 2024 ജനുവരിയില്‍ വ്യക്തമാക്കിയിരുന്നു.
#Argentina #Kerala #Football #LionelMessi #Sports #FIFA