PSC | പി എസ് സി അംഗമായാല്‍ എന്തെങ്കിലും ഗുണമുണ്ടോ? കേരളത്തില്‍ എത്ര പേരുണ്ട്? ശമ്പളവും മറ്റ് ആനുകൂല്യങ്ങളും അറിയാം!
തിരുവനന്തപുരം: (KVARTHA) സംസ്ഥാനത്ത് ഇപ്പോള്‍ വിവാദ വിഷയമാകുന്നത് പി എസ് സി കോഴ(PSC Bribe) ആരോപണമാണ്. പി എസ് സി അംഗത്വത്തിനായി സിപിഎം നേതാവിന് ലക്ഷങ്ങള്‍ നല്‍കിയെന്ന ആരോപണമാണ് വിവാദമാകുന്നത്. അന്വേഷണം(Probe) ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയില്‍ ബഹളം വച്ചപ്പോള്‍ ഏതന്വേഷണം നടത്താനും സര്‍കാര്‍ തയാറാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍(CM Pinarayi Vijayan) ഉറപ്പ് നല്‍കിയത്.
എന്നാല്‍ ഈ വിവാദങ്ങളൊക്കെ ഉയരുമ്പോള്‍ പലര്‍ക്കും ഒരു ചോദ്യം മനസില്‍ ഉയര്‍ന്നിരിക്കാം. അത് മറ്റൊന്നുമല്ല, പി എസ് സി അംഗത്വത്തിനായി എന്തിനാണ് പണം നല്‍കുന്നത് എന്നത് തന്നെയാകും. അംഗത്വം ലഭിച്ചാല്‍ എന്തെങ്കിലും പ്രയോജനമുണ്ടോ എന്നും ഇവര്‍ ചിന്തിച്ചിരിക്കാം. എന്നാല്‍ അതിനുള്ള മറുപടികളെല്ലാം ഇവിടെ ഉണ്ട്.
ഒരു പി എസ് സി അംഗത്തിന് ഉയര്‍ന്ന ശമ്പളവും ആനുകൂല്യങ്ങളും പെന്‍ഷനുമെല്ലാം(Salary, benefits and pension) ലഭിക്കും. ഇത് തന്നെയാണു പദവിയെ ആകര്‍ഷകമാക്കുന്നത്. ഒരു പി എസ് സി അംഗത്തിന് ആകെ ശമ്പളമായി(Salary) ലഭിക്കുന്നത് 2,42,036 രൂപയാണ്. ഇത് പോരെന്ന് കാട്ടി പി എസ് സി കഴിഞ്ഞ വര്‍ഷം സര്‍കാരിന് കത്ത് നല്‍കിയിരുന്നു. ചെയര്‍മാന്റെയും അംഗങ്ങളുടെയും ശമ്പളം വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം.
പി എസ് സി ചെയര്‍മാന്റെ ശമ്പളം നാല് ലക്ഷം രൂപയും അംഗങ്ങളുടേത് 3.75 ലക്ഷം രൂപയുമാക്കി വര്‍ധിപ്പിക്കണമെന്നാണ് കത്തില്‍ പറയുന്നത്. ഇതുസംബന്ധിച്ച ഫയല്‍ ധനവകുപ്പിന്റെ പരിഗണനയിലാണ്. ചെയര്‍മാന് പെന്‍ഷന്‍ 2.50 ലക്ഷവും അംഗങ്ങള്‍ക്ക് 2.25 ലക്ഷവും ആക്കാനുള്ള ആലോചനയും നടക്കുന്നതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. പി എസ് സി ഭരണഘടനാ സ്ഥാപനമായതിനാല്‍ തന്നെ കേന്ദ്രനിരക്കിലുള്ള ആനുകൂല്യങ്ങള്‍ വേണമെന്നാണ് ഇവരുടെ ആവശ്യം. മറ്റു സംസ്ഥാനങ്ങളില്‍ ഏഴോ എട്ടോ അംഗങ്ങള്‍ ഉള്ളപ്പോള്‍ കേരളത്തില്‍ 21 അംഗങ്ങളാണുള്ളത്. കേന്ദ്രത്തിലെ യു പി എസ് സിയില്‍ ആകട്ടെ ഒമ്പത് അംഗങ്ങളേയുള്ളൂ.
നിലവില്‍ അംഗത്തിന് രണ്ടര ലക്ഷം രൂപയ്ക്കടുത്ത് ശമ്പളം ലഭിക്കുന്നതിന് പുറമേ കാര്‍, വീട്, യാത്രാബത്ത, ഒന്നേകാല്‍ ലക്ഷം രൂപ പെന്‍ഷന്‍, ഡ്രൈവര്‍, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, ഡഫേദാര്‍ എന്നിങ്ങനെയുള്ള ആനുകൂല്യങ്ങളും ലഭിക്കും. ചെയര്‍മാന്‍ ഉള്‍പെടെ 21 അംഗങ്ങളാണ് പി എസ് സിയില്‍ ഉള്ളത്. 20 അംഗങ്ങളില്‍ 10 പേര്‍ സര്‍വീസ് രംഗത്തുള്ളവരും 10 പേര്‍ പൊതുപ്രവര്‍ത്തന മേഖലയില്‍ നിന്നുള്ളവരുമാകണമെന്നാണ് ചട്ടം. ചെയര്‍മാന് 76,450 രൂപയാണ് അടിസ്ഥാന ശമ്പളം. ഡിഎ ഉള്‍പെടെ 2.51 ലക്ഷം ശമ്പളം. വാഹനവും ഡ്രൈവറും യാത്രാ ചെലവും ആജീവനാന്ത ചികിത്സാ ചെലവുമെല്ലാം സര്‍കാര്‍ വക.
അംഗത്തിന് 70,290 രൂപയാണ് അടിസ്ഥാന ശമ്പളം. കേന്ദ്ര നിരക്കിലുള്ള ഡിഎയും കൂട്ടി ആകെ ശമ്പളമായി 2,42,036 രൂപ ലഭിക്കും. പുറമേ എച് ആര്‍ എ 10,000 രൂപ, യാത്രാബത്ത 5000 രൂപ, സ്വന്തം വാഹനത്തിലുള്ള യാത്രയ്ക്ക് കിലോമീറ്ററിനു 15 രൂപ എന്നിവയും നല്‍കും. വാഹനമില്ലെങ്കില്‍ വാങ്ങാന്‍ പലിശരഹിത വായ്പയും ഡ്രൈവര്‍ക്ക് ശമ്പളവും സര്‍കാര്‍ തന്നെയാണ് നല്‍കുക.
അംഗങ്ങളുടെയും പങ്കാളിയുടെയും ചികിത്സാചെലവും സൗജന്യം. ആറു വര്‍ഷമാണ് കാലാവധി. അംഗം ചെയര്‍മാനായാല്‍ ആറു വര്‍ഷം കൂടി തുടരാം. ആറു വര്‍ഷമാണ് അംഗത്വമെങ്കിലും 62 വയസ്സുവരെയേ തുടരാനാകൂ. ആറുവര്‍ഷം അംഗത്വം ലഭിച്ചവര്‍ക്ക് ശരാശരി ഒന്നേകാല്‍ ലക്ഷം രൂപ വരെ പെന്‍ഷന്‍ ലഭിക്കും.