Technopark | ടെക്‌നോപാര്‍ക് ക്വാഡ് പദ്ധതിക്ക് അംഗീകാരം; കാലാവസ്ഥാ വ്യതിയാനം മൂലം മീന്‍പിടുത്ത തൊഴിലാളികള്‍ക്കുണ്ടായ തൊഴില്‍ നഷ്ടത്തിന് ധനസഹായം
Jan 19, 2023, 14:38 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) ടെക്‌നോപാര്‍കിന്റെ നാലാംഘട്ട കാംപസില്‍ ടെക്‌നോപാര്‍ക് നടപ്പാക്കുന്ന 'ക്വാഡ്' പദ്ധതിക്ക് മന്ത്രിസഭായോഗം തത്വത്തില്‍ അംഗീകാരം നല്‍കി. ടെക്‌നോപാര്‍കിന്റെ നാലാം ഘട്ടമായ ടെക്‌നോസിറ്റിയില്‍ വികസിപ്പിക്കുന്ന ഒരേ കാംപസില്‍ ജോലി, ഷോപിംഗ് സൗകര്യങ്ങള്‍, പാര്‍പിട സൗകര്യങ്ങള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍, കോളജുകള്‍ എന്നിവയുള്‍പ്പെടെ സൗകര്യങ്ങളുള്ള സംയോജിത മിനി ടൗണ്‍ഷിപ് പദ്ധതിയാണ് ക്വാഡ്.
ഏകദേശം 30 ഏകറില്‍ 1600 കോടി രൂപ മുതല്‍മുടക്കില്‍ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ 40 ലക്ഷം ചതുരശ്ര അടി ബില്‍റ്റ്-അപ് സ്‌പെയ്‌സ് സൃഷ്ടിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2025 പകുതിയോടെ പദ്ധതി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.
5.5 ഏകറില്‍ ഏകദേശം 381 കോടി രൂപ മുതല്‍ മുടക്കില്‍ 8.50 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഐടി ഓഫീസ് കെട്ടിടം ടെക്‌നോപാര്‍ക് നിര്‍മിക്കും. ടെക്‌നോപാര്‍കിന്റെ തനത് തുക ഉപയോഗിച്ചോ ലോണ്‍ എടുത്തോ പൂര്‍ണമായും വികസിപ്പിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന കെട്ടിടം പാട്ടത്തിനും നല്‍കും. 6000 ഐടി പ്രൊഫഷണലുകളെ ഉള്‍ക്കൊള്ളാനുള്ള ശേഷി കെട്ടിടത്തിനുണ്ടാകും. 5.60 ഏകറില്‍ 350 കോടി രൂപ ചെലവില്‍ ഒമ്പതു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള മിക്‌സഡ് യൂസ് വാണിജ്യ സൗകര്യം ഏര്‍പ്പെടുത്തും.
4.50 ഏകറില്‍ 400 കോടി രൂപ മുതല്‍മുടക്കില്‍ ഐടി കോ ഡെവലപര്‍ വികസിപ്പിക്കുന്ന എട്ടുലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഐടി/ഐടിഇസ് ഓഫീസ് സമുച്ചയം നിര്‍മിക്കും. 6000 ഐടി പ്രൊഫഷനലുകള്‍ക്ക് തൊഴില്‍ നല്‍കാനാകും. 10.60 ഏകറില്‍ 450 കോടി രൂപ മുതല്‍ മുടക്കില്‍ 14 ലക്ഷം ചതുരശ്ര അടിവിസ്തീര്‍ണമുള്ള റസിഡന്‍ഷ്യല്‍ കോംപ്ലക്‌സും ഉണ്ടാകും.
വാണിജ്യ, പാര്‍പ്പിട കെട്ടിടങ്ങള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പരിശോധിക്കുവാന്‍ ഇലക്ട്രോണിക്‌സ് & ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സെക്രടറി കണ്‍വീനറും ധനകാര്യം, റവന്യൂ, പരിസ്ഥിതി, തദ്ദേശ സ്വയംഭരണം അഡീഷനല്‍ ചീഫ് സെക്രടറിമാര്‍, നിയമ വകുപ്പ് സെക്രടറി എന്നിവര്‍ അംഗങ്ങളായുളള കമിറ്റി രൂപീകരിക്കും.
മീന്‍പിടുത്ത തൊഴിലാളി കുടുംബങ്ങള്‍ക്ക് ധനസഹായം
2022 ഏപ്രില്‍, മെയ്, ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ അതിതീവ്ര ന്യൂനമര്‍ദ ചുഴലിക്കാറ്റ് സംബന്ധിച്ച് കാലാവസ്ഥാ മുന്നറിയിപ്പ് മൂലമുണ്ടായ 45 ദിവസത്തെ തൊഴില്‍ നഷ്ടത്തിന് 1,66,756 സമുദ്ര- അനുബന്ധ മീന്‍പിടുത്ത കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം അനുവദിച്ചു. ദിവസം 200 രൂപ വീതം നല്‍കാന്‍ 50.027 കോടി രൂപയാണ് അനുവദിച്ചത്.
2022ലെ കാലവര്‍ഷക്കെടുതിയില്‍ ആലപ്പുഴ ജില്ലയിലെ ചമ്പക്കുളം വിലേജില്‍ പാടശേഖരത്തിലെ മട വീണ് വീടും സ്ഥലവും ഒലിച്ചു പോയ ഓമനക്കുട്ടന്‍, ജയകുമാര്‍ എന്നിവരെ പുനരധിവസിപ്പിക്കുന്നതിന് ധനസഹായം അനുവദിച്ചു. സ്ഥലം വാങ്ങി വീട് വെക്കുന്നതിന് സംസ്ഥാന ദുരന്തപ്രതികരണനിധി വിഹിതത്തിനു പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 18,09,800 രൂപ അനുവദിക്കും.
കോഴിക്കോട് കരുവട്ടൂര്‍ പഞ്ചായതിലെ പോലൂര്‍ വിലേജിലെ ബിജുവിന്റെ വീട്ടില്‍ അസാധാരണ ശബ്ദം കേള്‍ക്കുകയും, ചുവരുകള്‍ വിണ്ടു കീറുകയും ചെയ്യുന്ന പ്രതിഭാസത്തിന് പരിഹാരം കാണാന്‍ ദുരന്തനിവാരണ അതോറിറ്റി ശുപാര്‍ശ ചെയ്ത പ്രവൃത്തികള്‍ ചെയ്യാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം അനുവദിക്കാന്‍ തീരുമാനിച്ചു.
സോയില്‍ പൈപിങ്ങ് പ്രതിഭാസം മൂലം വീടിന് നാശനഷ്ടമുണ്ടായപ്പോള്‍ കണ്ണൂര്‍ ജില്ലയിലെ രാഘവന്‍ വയലേരിക്ക് നല്‍കിയത് പോലെയാണ് തുക അനുവദിക്കുക. നാലു ലക്ഷം രൂപയോ യഥാര്‍ഥത്തില്‍ ചിലവാകുന്ന തുകയോ ഏതാണ് കുറവ് എന്നത് അനുസരിച്ചാണ് നല്‍കുക.
തസ്തികകള്‍
പുതുതായി അനുവദിച്ച ആര്‍ബിട്രേഷന്‍ കോടതിയുടെ പ്രവര്‍ത്തനത്തിന് ഒമ്പത് തസ്തികകള്‍ അനുവദിക്കും. ജില്ലാ ജഡ്ജ്, ശിരസ്തദാര്‍, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് II, ബഞ്ച് ക്ലാര്‍ക്ക് ഗ്രേഡ് I, ഹെഡ് ക്ലാര്‍ക്, സീനിയര്‍ ക്ലാര്‍ക്, ക്ലാര്‍ക് കം കംപ്യൂടര്‍ അസിസ്റ്റന്റ്, ഓഫീസ് അറ്റന്‍ഡന്റ്, കോര്‍ട് കീപര്‍ എന്നിവയുടെ ഓരോ തസ്തികകളാണ് സൃഷ്ടിക്കുക.
കേരള സംസ്ഥാന വിമുക്തഭട വികസന പുനരധിവാസ് കോര്‍പറേഷന്‍ ( കെക്‌സ്‌കോണ്‍)ന് മലബാര്‍ മേഖലയില്‍ റീജിയനല്‍ ഓഫീസ് സ്ഥാപിക്കുന്നതിന് അനുമതി നല്‍കും. ഓഫീസ് നടത്തിപ്പിന് എട്ട് തസ്തികകള്‍ താല്‍കാലികമായി അനുവദിക്കും.
ഐടി വകുപ്പിന് കീഴിലെ സൈബര്‍ സുരക്ഷ നില മെച്ചപ്പെടുത്തുന്ന കംപ്യൂടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം കേരള (CERT - K) അഞ്ച് തസ്തികകള്‍ അനുവദിച്ചു.
പക്ഷാഘാതം മൂലം കിടപ്പു രോഗിയായി തുടരുന്ന കൊല്ലം കരുനാഗപ്പള്ളി താലൂക് ആശുപത്രിയിലെ ജൂനിയര്‍ കണ്‍സള്‍ടന്റ് ഡോ. പ്രസാദ് ശശിധരയെ സര്‍വീസില്‍ നിലനിര്‍ത്തുന്നതിന് ആരോഗ്യ വകുപ്പില്‍ സൂപര്‍ ന്യൂമററി തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
സേവനകാലാവധി നീട്ടി
അഴീക്കല്‍ തുറമുഖ വികസനത്തിന് രൂപീകരിച്ച മലബാര്‍ ഇന്റര്‍നാഷനല്‍ പോര്‍ട് & സെസ് ലിമിറ്റഡ് കംപനിയുടെ മനേജിംഗ് ഡയറക്ടര്‍ & ചീഫ് എക്‌സിക്യൂടീവ് ഓഫീസറായ എല്‍ രാധാകൃഷ്ണന്റെ സേവനകാലാവധി നീട്ടാന്‍ തീരുമാനിച്ചു.
ശമ്പള പരിഷ്‌ക്കരണം
ഇന്‍സ്റ്റിറ്റിയൂട് ഓഫ് കമ്യൂണികേറ്റീവ് & കോഗ്‌നിറ്റീവ് ന്യൂറോ സയന്‍സസ് (ഐകോണ്‍സ്)ലെ സ്ഥിരം ജീവനക്കാര്‍ക്ക് പത്താം ശമ്പള പരിഷ്‌ക്കരണ കമീഷന്‍ പ്രകാരമുള്ള ആനുകൂല്യങ്ങള്‍ കല്പിതമായി നല്‍കി പതിനൊന്നാം ശമ്പള പരിഷ്‌ക്കരണ കമീഷന്‍ പ്രകാരം ശമ്പളവും അലവന്‍സും പരിഷ്‌കരിക്കാന്‍ തീരുമാനിച്ചു.
കേരള കലാമണ്ഡലത്തില്‍ നിന്നും വിരമിച്ച ജീവനക്കാരുടെ പതിനൊന്നാം പെന്‍ഷന്‍ പരിഷ്‌ക്കരണം വ്യവസ്ഥകള്‍ക്കനുസരിച്ച് അനുവദിക്കാന്‍ തീരുമാനിച്ചു.
അധിക ഭൂമി ഏറ്റെടുക്കുന്നതിന് തുക
മാഹി കനാലിന്റെ 1, 5 റീചുകളുടെ പൂര്‍ത്തീകരണത്തിന് അധിക ഭൂമി ഏറ്റെടുക്കുന്നതിന് യഥാക്രമം 8,69,60,687.93 രൂപയും 16,59,34,319 രൂപയും അനുവദിക്കും.
പാട്ടവാടക
നിയമസഭ കോംപ്ലക്‌സിലെ കെ എസ് ഇ ബി സബ് സ്റ്റേഷന് അനുവദിച്ച ഭൂമിയുടെ പാട്ടവാടക നിലവിലുള്ള നിരക്കില്‍ പുതുക്കി നല്‍കാന്‍ തീരുമാനിച്ചു.
Keywords: Approval for Technopark Quad project, Thiruvananthapuram, News, Cabinet, Compensation, Fishermen, Kerala, Salary.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

