Approval |  മുതലപ്പൊഴി ഹാര്‍ബര്‍ വികസനത്തിന് കേന്ദ്ര മന്ത്രാലയത്തിന്റെ അനുമതി; 177 കോടിയുടെ പദ്ധതിയെന്ന് മന്ത്രി ജോര്‍ജ് കുര്യന്‍

 
Approval for Rupees 177 crore Muthalapozhi Harbor Development Project
Approval for Rupees 177 crore Muthalapozhi Harbor Development Project

Photo Credit: Facebook / George Kurian

● കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച പുതിയ ഡിപിആറിന്റെ അടിസ്ഥാനത്തിലാണ് അനുമതി 
● 106.2 കോടി കേന്ദ്രപദ്ധതിയായ പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജന വഴി നല്‍കും
● കേരളത്തിന്റെ വിഹിതം 70.80 കോടി
● പദ്ധതി ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും

തിരുവനന്തപുരം: (KVARTHA) മുതലപ്പൊഴി ഹാര്‍ബര്‍ വികസനത്തിന് കേന്ദ്ര മന്ത്രാലയത്തിന്റെ അനുമതി. കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച പുതിയ ഡിപിആറിന്റെ അടിസ്ഥാനത്തിലാണ് മുതലപ്പൊഴി ഹാര്‍ബര്‍ വികസനത്തിന് കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ മന്ത്രാലയം അനുമതി നല്‍കിയതെന്ന് കേന്ദ്ര ഫിഷറീസ് മൃഗസംരക്ഷണവകുപ്പ് മന്ത്രി ജോര്‍ജ് കുര്യന്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

177 കോടി രൂപയുടെ പദ്ധതിക്ക് 60:40 അനുപാതത്തിലാണ് അംഗീകാരം നല്‍കിയത്. 177 കോടിയില്‍ 106.2 കോടി കേന്ദ്രപദ്ധതിയായ പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജന (PMMSY) വഴിയാണ് നല്‍കുന്നത്. കേരളത്തിന്റെ വിഹിതം 70.80 കോടിയാണെന്നും മന്ത്രി വ്യക്തമാക്കി.


ഈ പദ്ധതി പ്രാദേശിക മത്സ്യബന്ധന കപ്പലുകള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും അവശ്യ സൗകര്യങ്ങള്‍ നല്‍കുന്നതിന് പുറമെ അനുബന്ധ മത്സ്യബന്ധന അധിഷ്ഠിത വ്യവസായങ്ങളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും മത്സ്യബന്ധന വ്യാപാരവും സാമ്പത്തിക പ്രവര്‍ത്തനങ്ങളും ത്വരിതപ്പെടുത്തുകയും ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. 

ഈ രംഗത്തെ തൊഴില്‍ വികസന സാധ്യതകളെ മുന്‍നിര്‍ത്തി കഴിഞ്ഞ പത്തു വര്‍ഷങ്ങളില്‍ 38572 കോടി രൂപ വിവിധ പദ്ധതികള്‍ക്കായി വക വെച്ചിട്ടുണ്ട്. ഇതുകൂടാതെ മത്സ്യബന്ധനരംഗത്ത് അടിസ്ഥാന സൗകര്യ വികസനത്തിനായി വിവിധ പദ്ധതികള്‍ തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

മുതലപ്പൊഴി ഫിഷിങ് ഹാര്‍ബറിന്റെ വിപുലീകരണത്തോടെ 415 യന്ത്രവല്‍കൃത മത്സ്യബന്ധന ബോട്ടുകള്‍ക്ക് ലാന്‍ഡ് ചെയ്യാന്‍ സൗകര്യം ഉണ്ടായിരിക്കും. അതുവഴി പ്രതിവര്‍ഷം 38142 മെട്രിക് ടണ്‍ മത്സ്യം ഇറക്കാന്‍ സാധിക്കും. ഈ പദ്ധതി കൊണ്ട് ഏകദേശം 10,000-ത്തോളം ആളുകള്‍ക്ക് നേരിട്ടും അത്രയും തന്നെ ആള്‍ക്കാര്‍ക്ക് പരോക്ഷമായും പ്രയോജനം ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ പദ്ധതിയില്‍ ജല കരസൗകര്യ വികസനവും ഉള്‍പ്പെടുന്നു. ഇതില്‍ 164 കോടി രൂപ ചിലവഴിച്ചു സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ ജോലികളായ പുലിമുട്ട് വിപുലീകരണം, ഇന്റേണല്‍ റോഡ് നവീകരണം, പാര്‍ക്കിംഗ് ഏരിയ, പുതിയ ഡ്രെയിനേജ്, ലോഡിംഗ് ഏരിയ നവീകരണം, വാര്‍ഫ് വിപുലീകരണം, ലേല ഹാള്‍, ഓവര്‍ ഹെഡ്വാട്ടര്‍ ടാങ്ക് നിര്‍മ്മാണം, തൊഴിലാളികളുടെ വിശ്രമകേന്ദ്രം, കടകള്‍, ഡോര്‍മിറ്ററി, ഗേറ്റ്, ലേല ഹാള്‍, ലാന്‍ഡ്സ്‌കേപ്പിംഗ്, നിലവിലുള്ള ഘടനകളുടെ നവീകരണം, വൈദ്യുതീകരണം, യാര്‍ഡ് ലൈറ്റിംഗ്, പ്രഷര്‍ വാഷറുകള്‍, ക്ലീനിംഗ് ഉപകരണങ്ങള്‍ നിരീക്ഷണ സംവിധാനം സ്ഥാപിക്കല്‍, നാവിഗേഷന്‍ ലൈറ്റ്, മെക്കാനിക്കല്‍ കണ്‍വെയര്‍ സിസ്റ്റം ആന്‍ഡ് ഓട്ടോമേഷന്‍ മുതലായവ നടത്തും. ബാക്കി 13 കോടി സ്മാര്‍ട്ട് ഗ്രീന്‍ തുറമുഖം, തീരദേശ സംരക്ഷണം എന്നിവക്കായി ഉപയോഗിക്കും.

മുതലപ്പൊഴി തുറമുഖത്തിന്റെ വിപുലീകരണ പദ്ധതി ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മുതലപ്പൊഴിയില്‍ ആവര്‍ത്തിച്ചുള്ള അപകടസാദ്ധ്യതകള്‍ പരിഹരിക്കുന്നതിനായി പൂനെയിലെ CWPRS (Central Water And Power Research Station) ശാസ്ത്രീയവും ഗണിതശാസ്ത്ര മാതൃകാ പഠനങ്ങളിലൂടെ തിരമാല പരിവര്‍ത്തനം, തീരത്തെ മാറ്റങ്ങള്‍, ഹൈഡ്രോ ഡൈനാമിക്സ്, സെഡിമെന്റേഷന്‍ എന്നിവ നിരീക്ഷിച്ചതിനു ശേഷമാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. 

അതേസമയം, നിര്‍മാണത്തിനാവശ്യമായ പരിസ്ഥിതി ആഘാത വിലയിരുത്തല്‍ (EIA) പഠനം നടത്തിയത് കേരള സര്‍ക്കാര്‍ ആണ്. മുതലപ്പൊഴി ഫിഷിംഗ് ഹാര്‍ബറില്‍ അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും മുന്‍കരുതലുകളും സ്വീകരിക്കാന്‍ കേന്ദ്രം കേരളസര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.

#MuthalapozhiHarbor #KeralaDevelopment #Fisheries #PMMSY #GeorgeKurian #HarborExpansion

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia